*പ്രതികാരത്തിന്റെ നാളങ്ങള്‍*
തെളിഞ്ഞ ഒരു ദിനമായിരുന്നു അന്ന്. ആകാശം നിറയെ മിന്നിത്തെളിയുന്ന നക്ഷത്രങ്ങള്‍ ,അകലേക്കൂടി ലക്ഷ്യമില്ലാതെ പാഞ്ഞു പോകുന്ന വാല്‍ നക്ഷത്രങ്ങള്‍ , ഒരഗ്നിഗോളം ഭൂമിയെ ലക്ഷ്യമാക്കി വരുന്നത് പോലെ തോന്നും അവയുടെ പോക്കുകണ്ടാല്‍.
പ്രകൃതിയെ ഒരു പുതപ്പുപോലെ മൂടിക്കൊണ്ട് മഞ്ഞു പരന്നിരുന്നു. ചന്ദ്രന്‍ അതിന്റെ പ്രകാശം വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പുമണികളുടെ നിറുകയിലേക്ക് പകര്‍ന്നു. ആ രാത്രിയില്‍ ഏകനായി ഞാന്‍ ആ ഗോതമ്പു പാടങ്ങള്‍ക്കിടയിലൂടെ നടന്നു. രാത്രിഞ്ചരരായ ചില ജീവികള്‍ ഗോതമ്പുപാടത്തിനിടയിലൂടെ ഇരതേടി അലഞ്ഞുകൊണ്ടിരുന്നു. പാടത്തിന്റെ ഒരു ഭാഗത്ത് വലിയൊരു തടാകമുണ്ട്. നിറയെ മീനുകളും... ഞാനതിനടുത്തേക്ക് നടന്നു. ചന്ദ്രബിംബം തടാകത്തിലുടനീളം പൊന്നുരുക്കിയതുപോലെ വീണു കിടന്നു ... ജലാശയത്തിലേക്ക് ചെറിയ കല്ലുകളിട്ട് ഓളങ്ങളുണ്ടാക്കി ഞാന്‍ രസിച്ചു.
അകലെ കൃഷിക്കാരുടെ വീടുകളില്‍ നിന്നും പാചകം ചെയ്യുന്ന മാംസത്തിന്റെ മണം പുറത്തേക്ക് പരന്നിരുന്നു. വിശപ്പ് എല്ലാവര്‍ക്കും ഒരേ പോലെയാണല്ലോ ...
ഒരു പറ്റം മിന്നാമിനുങ്ങുകളാണ് എന്റെ ശ്രദ്ധയെ വ്യതിചലിപ്പിച്ചത്. മിന്നാമിനുങ്ങുകളുടെ വെളിച്ചത്തെക്കാളും വലിയ എന്നാല്‍ തീരെ ചെറുതല്ലാത്ത ഒരു വെളിച്ചം അവയെ അനുഗമിച്ച് മഞ്ഞിനിടവഴി അടുത്തേക്കടുത്തേക്ക് വന്നു ...
ഞാനവിടേക്ക് തന്നെ ശ്രദ്ധിച്ചു. ഒരു റാന്തന്‍ വിളക്കാണത് .അതിന്റെ വെളിച്ചത്തില്‍ ഞാനത് കണ്ടു . നീണ്ടു മെലിഞ്ഞ ഒരു പെണ്‍കുട്ടിയുടെ സുന്ദരമായ മുഖം. അവളുടെ കണ്ണുകളില്‍ റാന്തല്‍ വിളക്കിന്റെ പ്രകാശം പ്രതിഫലിച്ചു കാണാമായിരുന്നു. ചുവന്നു തുടുത്ത കവിള്‍ത്തടങ്ങള്‍ റാന്തല്‍ വെളിച്ചത്തില്‍ വ്യക്തമായി കാണാമെന്നായി ഇപ്പോള്‍ ...
മിന്നാമിനുങ്ങുകളുടെ കൂട്ടത്തെ പിന്തുടര്‍ന്ന് ഇവളെങ്ങോട്ടായിരിക്കും പോകുന്നത് എന്ന് ഞാന്‍ ചിന്തിച്ചു. അവളുടെ മുഖത്ത് എന്തൊരു സന്തോഷമാണെന്നോ? പറന്നു പൊങ്ങുന്ന മിന്നാമിനുങ്ങുകളിലൊന്നിനെ തൊടാനായി അവള്‍ കൈ പുറത്തേക്ക് നീട്ടി.അത്ഭുതം കൂറിയുള്ള അവളുടെ ചിരി മനം മയക്കുന്നതായിരുന്നു. ഒരു നിമിഷം ഞാന്‍ അവളിലേക്ക് മാത്രം മിഴി നട്ട് പരിസരം മറന്നു.
അവള്‍ അടുത്തെത്തിക്കഴിഞ്ഞു.പരിചയമില്ലാത്ത ഒരാളെ അവിടെ കണ്ട് അവളാദ്യം ഒന്നു പരുങ്ങി. പിന്നീട് എന്റെ നേര്‍ക്കൊര് നോട്ടമെറിഞ്ഞ് ചോദിച്ചു. നിങ്ങളെന്താണിവിടെ ചെയ്യുന്നത്? കുറച്ചു സമയം കൂടി കഴിഞ്ഞാല്‍ തണുപ്പ് അധികമാവും.ഇവിടിരുന്നാല്‍ നിങ്ങള്‍ മരവിച്ച് മരിച്ച് പോകും . നിങ്ങള്‍ വേഗം വീട്ടിലേക്ക് മടങ്ങൂ ...
ഞാന്‍ അവളെ നോക്കി ചിരിച്ചു. ഈ രാത്രി എത്ര മനോഹരമാണ്?ഞാനിതിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു.
അവളൊന്നു കുലുങ്ങിച്ചിരിച്ചു
നിങ്ങളെന്തിനാണ് മിന്നാമിനുങ്ങുകളെ പിന്തുടരുന്നത്? അവയെ അത്ര ഇഷ്ടമാണോ ?
മറുപടിയായി അവള്‍ പറഞ്ഞു . നിങ്ങള്‍ ആകാശത്തേക്ക് നോക്കൂ നക്ഷത്രങ്ങളെ കാണുന്നില്ലേ? എന്നാല്‍ അവ പരിധികളറിയാത്തത്ര അകലെയാണ്.
മിന്നാമിനുങ്ങുകള്‍ ഭൂമിയിലെ നക്ഷത്രങ്ങളാണ് . ആകാശത്തിലെ നക്ഷത്രങ്ങളെ തൊടാന്‍ നമുക്ക് സാധിക്കയില്ല. എന്നാലോ ഭൂമിയിലെ ഈ നക്ഷത്രങ്ങളെ നമുക്ക് തൊടാം . ഇവയെ സ്നേഹിക്കാത്തതായി ആരാണുള്ളത്??
ശരിയാണ് . എന്താണ് കുട്ടീ നിന്റെ പേര്? നീ ആരാണ്?
'ഈ പാടത്ത് കൃഷിചെയ്യുന്ന ഒരു കര്‍ഷകന്റെ മകളാണ് ഞാന്‍ .പേര് ഇയോണ '
'ആഹാ മനോഹരമായ പേരാണല്ലോ' അവള്‍ക്കുനേര്‍ക്കൊരു പുഞ്ചിരി നീട്ടി ഞാന്‍ പറഞ്ഞു.
നിശബ്ദമായ അന്തരിക്ഷത്തിലേക്ക് പെട്ടെന്ന് ഒരു വായ്ത്താരിയും അതോടൊപ്പം മനോഹരമായി ആരോ വയലിന്‍ മീട്ടുകയും ചെയ്തുകൊണ്ടിരുന്നു.
ഏതോ പ്രണയഗാനമായിരിക്കണം അതെന്ന് വയലിനിന്റെ നാദത്തില്‍ നിന്നും എനിക്ക് തോന്നി.
'ഇയോണാ...
ആരാണീ രാത്രിയില്‍ വയലില്‍ വായിച്ച് പാടുന്നത്?''
''ഓ ...
അത് സില്‍വദേര്‍ ആണ്. അയാളുടെ പ്രണയിനിക്കായി അയാള്‍ തന്നെ ചിലപ്പോള്‍ ഗാനങ്ങള്‍ എഴുതി ഈണങ്ങള്‍ ചിട്ടപ്പെടുത്താറുണ്ട് .നല്ലൊരു ഗായകനാണയാള്‍. അച്ഛന്റെ പ്രിയ സുഹൃത്ത് റൊബോട്ടിയുടെ മകനാണ് സില്‍വദേര്‍.
''ഓ അങ്ങനെയോ? അങ്ങനെയാണെങ്കില്‍ അയാള്‍ നിങ്ങളുടെ ബാല്യകാലസുഹൃത്തായിരിക്കുമല്ലോ ഇയോണാ?''
''ശരിയാണ് .സില്‍വദേര്‍ എന്റെ പ്രിയ സുഹൃത്താണ് . ചിലപ്പോഴൊക്കെ അയാള്‍ എനിക്കും പാട്ട് പാടി തരാറുണ്ട് ''
''ഉം .അയാള്‍ നല്ലൊരു പാട്ടുകാരന്‍ തന്നെ .പ്രണയത്തിന്റെ തീവ്രതയില്‍ നിന്നാവാം അയാള്‍ ഇപ്പോള്‍ പാടുന്നത് .ഈ സുന്ദരമായ രാത്രിയില്‍ ആരാണ് പ്രണയിനിയെ ഓര്‍ക്കാത്തത്?'
''എനിക്കറിഞ്ഞുകൂടാ..ഞാനാരെയും പ്രണയിച്ചിട്ടില്ല. അത് പോട്ടെ നിങ്ങളെ ഇതിനു മുന്‍പെങ്ങും ഇവിടെ കണ്ടിട്ടേയില്ലല്ലോ . നിങ്ങള്‍ എവിടെ നിന്നുമാണ് വരുന്നത് ? റാന്തല്‍ വിളക്ക് മുന്നിലേക്ക് വച്ച് വരമ്പുകളിലൊന്നില്‍ അവള്‍ ചമ്രം പടിഞ്ഞിരുന്നു. വിളക്കിനഭിമുഖമായി ഞാനും.
അവളുടെ ചോദ്യം ന്യായമായതുകൊണ്ട് ഞാന്‍ പറഞ്ഞു തുടങ്ങി .
''ഇയോണാ...
ഇതെന്റെ രാജ്യമല്ല. ''
നോക്കൂ .... ഞാന്‍ ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി ...
''അവിടെയാണ് എന്റെ രാജ്യം.''
''ഹഹഹ''
അവള്‍ പൊട്ടിച്ചിരിച്ചു .അവളുടെ ചിലമ്പിച്ച ശബ്ദത്തിലുള്ള ചിരി കേട്ട് അസ്വസ്ഥയായ ഒരു മൂങ്ങ തടാകക്കരയിലെ ചെറിയ മരച്ചില്ലയില്‍ നിന്നും ചിറകടിച്ച് പറന്നു പോയി .
''ഇതാ ആകാശത്തു നിന്നും ഒരു മനുഷ്യന്‍ വന്നിരിക്കുന്നു. എന്തൊരു തമാശ ... ശരി കേള്‍ക്കട്ടെ ബാക്കി പറയൂ ... ''
ഞാന്‍ തുടര്‍ന്നു.
''അവിടെ ഞാന്‍ ജീവിച്ചു പോന്നു. അവിടുത്തെ ജനങ്ങള്‍ ഭരണകൂടത്തെ ഭയന്നും വിശ്വസിച്ചും കഴിയുന്നവരായിരുന്നു. ഞാനും ആ ജനതയെ ഭരിക്കുന്ന സഭയിലെ ഒരംഗം ആയിരുന്നു. ജനങ്ങളില്‍ പലര്‍ക്കും എന്നെ വലിയ ഇഷ്ടമായിരുന്നു.ഏത് അര്‍ധരാത്രിയിലും ഏതൊരാള്‍ക്കും കടന്നുവരത്തക്കവിധമായിരുന്നു എന്റെ ഭവനം.അവിടെ ഭയം കൂടാതെ ആര്‍ക്കും പ്രവേശിക്കാമായിരുന്നു.
ജനങ്ങളില്‍ പലരും ഭരണകൂടത്തിന്റെ ചില കിരാതമായ പ്രവര്‍ത്തനങ്ങളെ രഹസ്യമായി ചോദ്യം ചെയ്തു പോന്നു. അവര്‍ ഇരുട്ടില്‍ എന്റെ ഭവനത്തിലെത്തി കിരാതമായ ഈ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ അമര്‍ഷവും വേദനയും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. ആ ജനങ്ങള്‍ക്കൊക്കെയും എന്നില്‍ വിശ്വാസമുണ്ടായിരുന്നിരിക്കണം.അതിനാലാവണം അവര്‍ എന്റെ താമസസ്ഥലം തേടി രഹസ്യമായി വന്നു കൊണ്ടിരുന്നത് .
ഒടുവില്‍ അവര്‍ പറയുന്നതിലാണ് ന്യായം എന്നെനിക്കും ബോധ്യപ്പെട്ടു തുടങ്ങി. ഇരുട്ട് പരക്കുമ്പോള്‍ ഞങ്ങള്‍ രഹസ്യമായി അടിയന്തിര യോഗങ്ങള്‍ ചേര്‍ന്നു .
ഭരണകൂടത്തിന്റെ വിശ്വാസമാര്‍ജ്ജിക്കുവാന്‍ വേണ്ടി ചിലര്‍ ആ രഹസ്യ യോഗങ്ങളെക്കുറിച്ച് ഭരിക്കുന്നവര്‍ക്ക് ഒറ്റു കൊടുത്തു. അവര്‍ ക്ഷുഭിതരായി ...
ഞങ്ങളുടെ രഹസ്യയോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കല്‍പ്പന പുറപ്പെടുവിച്ചു.
ഭരണകൂടത്തിന്റെ ഭാഗവാക്കായ ഞാന്‍ ഇതിനോടകം പരസ്യമായി മറ്റ് ഭരണാധിപന്‍മാരെ എതിര്‍ത്തു തുടങ്ങിയിരുന്നു.
പിന്നീട് സംഭവിച്ചതെന്താണെന്നറിയണോ ഇയോണാ നിനക്ക്?''
''നിങ്ങളുടെ കഥ ആശ്ചര്യമായിരിക്കുന്നു. തിന്മകളെ എതിര്‍ത്തു തുടങ്ങിയ നിങ്ങളെ അവര്‍ ഒരു പിശാചായി കണ്ടു അല്ലേ?'' ഇയോണ ചോദിച്ചു.
''അതെ കുട്ടീ... പിന്നീട് പരസ്യമായി അവര്‍ എന്നെ സ്ഥാനഭ്രഷ്ടനാക്കി. എന്നെ കാണുന്നവരെയും സംഘം ചേരുന്നവരെയും കൊന്നുകളയാനും നശിപ്പിക്കാനും ആ ഉന്നതര്‍ തിട്ടൂരമിറക്കി....
എന്നില്‍ വിശ്വസിച്ച ജനങ്ങളെ കൈ വിടാന്‍ ഞാനൊരുക്കമായിരുന്നില്ല.
ജനങ്ങളെ ഒരുമിച്ചു കൂട്ടി ഞാന്‍ ഭരണകൂടത്തെ വീണ്ടും വീണ്ടും എതിര്‍ത്തു.അതിന്റെ പേരില്‍ വലിയ രക്തച്ചൊരിച്ചിലുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു.
അവസാനം നിഷ്കാസിതനാക്കപ്പെട്ട എന്നോട് നിയുക്ത ഭരണാധിപന്‍മാര്‍ യുദ്ധം പ്രഖ്യാപിച്ചു. അതിഭയാനകമായ യുദ്ധം തന്നെ അവിടെ നടന്നു. നന്നായി പോരാടിയെങ്കിലും എനിക്ക് കീഴടങ്ങണ്ടതായി വന്നു. എന്നെ അവര്‍ വെളിച്ചം കയറാത്ത ഒരു മുറിക്കുള്ളില്‍ ചങ്ങലകളാല്‍ ബന്ധിച്ചു. എന്റെ പ്രിയപ്പെട്ടവര്‍ എന്നെ പുറത്ത് കൊണ്ടുവരുവാന്‍ കിണഞ്ഞു പരിശ്രമിച്ചു.
പക്ഷേ...
ഭരണാധികാരികളുടെ ധിക്കാരപരമായ പെരുമാറ്റത്തോടും അവരുടെ സൈന്യത്തോടും നേരിട്ടെതിരിട്ട് നില്‍ക്കുവാനുള്ള ശേഷി എന്റെ പ്രിയജനങ്ങള്‍ക്കുണ്ടായിരുന്നില്ല. തെരുവുകളില്‍ എന്റെ ചിത്രത്തോടൊപ്പം എനിക്ക് എൈക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. രഹസ്യമായാണ് എന്റെ പ്രിയ ജനങ്ങള്‍ ഇതൊക്കെയും ചെയ്തത്. പരസ്യങ്ങളൊട്ടിക്കുന്നവരെ കരി നിയമങ്ങള്‍ ചുമത്തി വിലങ്ങിടുകയും വിചാരണ കൂടാതെ തൂക്കിലേറ്റുകയും ചെയ്തു.
ഇത്തരം ധിക്കാരപരവും ജനാധിപത്യമര്യാദയെ പാടേ അവഗണിക്കുന്ന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ രോഷം കൊണ്ടു...
പുറത്ത് നടക്കുന്ന ഓരോ കാര്യങ്ങളും എന്നെ അറിയിച്ചിരുന്നത് ഒരു കുടിയനായ കുള്ളനായിരുന്നു. അയാള്‍ക്ക് ആ ജയിലറക്കുള്ളില്‍ ആരും കാണാതെ കയറിപ്പറ്റുവാന്‍ സാധിച്ചിരുന്നു.രഹസ്യമായ ഏതൊക്കെയോ മാര്‍ഗങ്ങള്‍ ആ ജയിലറക്കുള്ളിലേക്ക് തുറക്കുന്നതായിരുന്നു. അലന്‍ എന്നായിരുന്നു ആ കുള്ളന്റെ പേര്. ചിലദിവസങ്ങളില്‍ അയാള്‍ വരുമ്പോള്‍ കുടിക്കാന്‍ എനിക്ക് പ്രിയപ്പെട്ട മദ്യവും പാചകം ചെയ്ത ആട്ടിറച്ചിയും കൊണ്ടുവന്നിരുന്നു. എന്റെ ആരോഗ്യം ഞാന്‍ പതിയെ വീണ്ടെടുത്തുകൊണ്ടിരുന്നു.
മരിഷ്ല ...
എന്റെ ജയില്‍ ജീവിതത്തില്‍ ഏറ്റവുമധികം ദുഖം അവള്‍ക്കായിരുന്നു. അവളുടെ ഏറ്റവും ആകര്‍ഷകമായി എനിക്ക് തോന്നിയിരുന്നത് വെളുത്ത നീണ്ട മുടിയിഴകളും തൂവെള്ള നിറമുള്ള കണ്ണുകളുമായിരുന്നു.ഇരു നിറമുള്ള അവള്‍ വളരെ സുന്ദരിയായിരുന്നു.എന്റെ രാജ്യത്തെ ഏറ്റവും മനോഹരമായ പൂന്തോട്ടങ്ങളിലൊന്നിലാണ് അവള്‍ അവളുടെ ചെറു സംഘം പടയാളികളുമായി താമസിച്ചിരുന്നത്.മരപ്പലകകള്‍ കൊണ്ട് പണിത ഒറ്റ മുറി വീടായിരുന്നു അത് ... എനിക്കുവേണ്ടി അവള്‍ കറുത്ത മെഴുതിരികള്‍ കത്തിച്ചു പ്രാര്‍ത്ഥിച്ചു... രാജ്യത്തെ മിക്ക പുരുഷന്‍മാരെയും വശീകരിക്കാന്‍ പോന്ന ഭംഗി അവളിലുണ്ടായിരുന്നു . ഭരണകേന്ത്രങ്ങളിലിരിക്കുന്നവരെ അവള്‍ ചെറു യുദ്ധങ്ങള്‍ നയിച്ച് ഭയപ്പെടുത്തിക്കൊണ്ടിരുന്നു.
അവള്‍ പെണ്‍കുഞ്ഞുങ്ങളെ തട്ടിയെടുക്കുകയും അവരെ വച്ച് എന്റെ വിടുതലിനായി വിലപേശുകയും ചെയ്തു. അവള്‍ ചെയ്തതും തെറ്റ് തന്നെയാണ്. കുട്ടികളെ വച്ച് വിലപേശരുതായിരുന്നു.
ഒടുവില്‍ അവളുടെ മരണം ഞാനറിയുന്നത് ആ ഇരുട്ടു നിറഞ്ഞ മുറിയില്‍ കിടന്നാണ് ... അന്നേ ദിവസം മറ്റൊരു കാര്യവും സംഭവിച്ചു.അലന്‍ അന്നു വന്നത് എന്നെ രക്ഷപ്പെടുത്താനുള്ള ഒരു പദ്ധതിയും ആസൂത്രണം ചെയ്തായിരുന്നു. ജയിലിലേക്കുള്ള വഴിയിലെ എല്ലാ തീപ്പന്തങ്ങളിലും അയാള്‍ ഒരു തരം കാട്ടു ചെടിയുടെ നീര് തേച്ചു പിടിപ്പിച്ചു . അഗ്നി പടര്‍ന്നു തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന പുകയില്‍ കാവല്‍ക്കാരുടെ സമനില തെറ്റി ,അവര്‍ ചുമച്ചു ചുമച്ച് ബോധം കെട്ടു വീണു ... അതേ സമയം തന്നെ അയാളെന്റെ മുഖത്ത് ഒരു തുണി കെട്ടി വച്ചു . അയാളും മുഖത്ത് ഒരു തുണി ചുറ്റി മൂക്കിലും വായിലും വിഷപ്പുക കയറാതെ സംരക്ഷിച്ചു.ഏതോ ഭൂഗര്‍ഭപാതവഴി ഞാനും അലനും ജയിലിനു പുറത്തെത്തി .
ഞാന്‍ രക്ഷപ്പെട്ട വാര്‍ത്ത എന്റെ ജനങ്ങളില്‍ സന്തോഷമുണ്ടാക്കി . അവര്‍ തെരുവുകളിലൂടെ സന്തോഷസൂചകമായ പരിപാടികള്‍ സംഘടിപ്പിച്ചു.
എന്റെ പ്രിയപ്പെട്ട മരിഷ്ലയുടെയും എനിക്കുവേണ്ടി ജീവന്‍ ത്യജിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയും വീണ്ടും എനിക്ക് പോരിനിറങ്ങേണ്ടി വന്നു .ആ യുദ്ധം അതി ഭീകരമായിരുന്നു. അവസാന നിമിഷങ്ങളില്‍
എന്റെ ചിറകുകള്‍ അവര്‍ അരിഞ്ഞു കളഞ്ഞു. വേദനയാല്‍ ഞാന്‍ പുളഞ്ഞു. പിന്നീട് ഇതാ ഈ ഭൂമിയിലേക്ക് എനിക്ക് എന്റെ ജനങ്ങളെയും കൂട്ടി പലായനം ചെയ്യണ്ടി വന്നു. രാത്രിയില്‍ മാത്രമാണ് ഞാനിപ്പോള്‍ പുറത്തിറങ്ങുക. എന്റെ പ്രിയപ്പെട്ടവര്‍ ഇവിടെയാണിന്ന്. എന്റെ ജനത എന്നെങ്കിലും അവരുടെ പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി പകരം ചോദിക്കും . അന്ന് വീണ്ടും ഞാന്‍ എന്നെ പുറത്താക്കിയ ആ രാജ്യത്തേക്ക് മടങ്ങും. ഇത്തവണ ഞങ്ങള്‍ വിജയം കൈവരിക്കുക തന്നെ ചെയ്യും ഇയോണാ...
ഇപ്പോള്‍ ഞാന്‍
എന്റെ പഴയകാലത്തെ ഓര്‍ക്കുകയും എന്നെ ഇവ്വിധം തളര്‍ത്തിയവരോടുള്ള പക ഓരോ നിമിഷവും ഞാന്‍ ഓരോ രാത്രികളിലും വളര്‍ത്തുകയും ചെയ്യുകയാണ്. കറുത്ത മെഴുതിരികള്‍ കത്തിച്ച് എന്റെ ജനങ്ങള്‍ എന്റെ ശക്തികള്‍ വര്‍ദ്ധിപ്പിക്കുവാന്‍ മന്ത്രങ്ങള്‍ ജപിക്കുന്നു. ഞാന്‍ പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിക്കുന്നു.
ഇയോണാ... ഇതൊരു കഥയാണ് വര്‍ഷങ്ങളുടെ പകയുടെ കഥ ....
''അങ്ങനെയാണല്ലേ നിങ്ങള്‍ ഈ ഇരുട്ടില്‍ ഇവിടെ എത്തിപ്പെട്ടത്? ഇയോണ ചോദിച്ചു .
''അതേ ഇയോണാ... അത്രമേല്‍ വേദനയാണെനിക്കാ ലോകം നല്‍കിയത് .ഇവിടം ഇപ്പോള്‍ എനിക്ക് സുഖമാണ് . നിന്നെ കണ്ടതും ഇത്രയും സംസാരിച്ചതും എനിക്കേറെ സന്തോഷം നല്‍കുന്നുണ്ട് ... ''
ഇരുട്ട് കട്ടപിടിച്ചുകൊണ്ടേ ഇരുന്നു.റാന്തലിന്റെ നാളം തണുത്ത കാറ്റില്‍ അങ്ങോട്ടുമിങ്ങോട്ടും ആടിയുലഞ്ഞുകൊണ്ടിരുന്നു.
സില്‍വദേറിന്റെ വയലിന്‍ സംഗീതം നിലച്ചിരുന്നു. അയാളുടെ മുറിയില്‍ ജനലിനടുത്തായി ഒരു മെഴുതിരി വെളിച്ചം എരിഞ്ഞുകൊണ്ടിരുന്നു...
ഈ രാത്രി എനിക്കൊരു സ്വപ്നമായിരിക്കാം . ചിലപ്പോളിനി നമ്മള്‍ കണ്ടെന്നേ വരികയില്ല ഇയോണാ... മടങ്ങിപ്പൊയ്ക്കൊള്ളൂ ... തണുപ്പ് ഏറി വരികയാണ് ...
ഇയോണ മെല്ലെ എഴുന്നേറ്റു . റാന്തല്‍ കയ്യിലെടുത്തു. എന്റെ മുഖത്തോടടുപ്പിച്ചു.പിന്നീട് ഒരു പുഞ്ചിരിയോടെ ചോദിച്ചു ...
''നിങ്ങളെ ഞാനിനി ഒരിക്കലും കാണില്ലേ പേര് പറയാത്ത മനുഷ്യാ...??''
മറുപടിയായി ഞാനൊന്ന് ചിരിച്ചതേയുള്ളു ... അവള്‍ ഈ ലോകത്തെ ഭരണകൂടത്തെ ഭയന്ന് കഴിയുന്ന ഒരു പാവമാണ്.മരണം വരേക്കും ഭയന്ന് ഭയന്ന് ജീവിതം തീര്‍ക്കുന്ന ഈ പുതിയ ലോകത്തിന്റെ ഒരു പ്രതീകം.ഞാന്‍ മനസില്‍ ഓര്‍ത്തു....അവരും പ്രതികരിച്ച് തുടങ്ങും
ഹാ... അവരും പ്രതികരിച്ച് തുടങ്ങും. ഇവിടുത്തെ കരി നിയമങ്ങള്‍ക്കെതിരെ പ്രതികരിക്കും ...
അവള്‍ റാന്തല്‍ വെളിച്ചവുമായി വന്ന വഴിയെ നടന്നു പോയി ...
അവള്‍ നടന്നകലുന്നതും നോക്കി നിശ്ചലനായ് ഞാന്‍ അവിടെ നിലകൊണ്ടു ...
ശുഭം
ജയകൃഷ്ണന്‍ അഘോരി