Sunday, February 17, 2019

കാലങ്ങളിലൂടെ ഭാഗം 8

*കാലങ്ങളിലൂടെ*
############
ഭാഗം8

######

പകലുകളും ഇരവുകളും കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു. കാലം അങ്ങിനെയാണല്ലോ... ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ സമയത്തോടൊപ്പം ചലിച്ച് മുൻപോട്ടേക്ക് നീങ്ങുന്ന മിനിട്ടുകളും മണിക്കൂറുകളും ദിനങ്ങളും...

മഹാദേവക്ഷേത്ര പരിസരത്ത് വെച്ചാണ് മാളുവിനെ  വീണ്ടും കണ്ടുമുട്ടിയത്. ചെരിപ്പൂരി വച്ച് കൽപ്പടവുകൾ കയറി അവൾ നടന്നു നീങ്ങി. പട്ടുപാവാടയും ചുവന്ന നിറത്തിലുള്ള ഉടുപ്പും.ഉടുപ്പിൻെ കൈയുടെ അറ്റത്തായി സ്വർണ്ണനിറത്തിലുള്ള ഡിസൈൻ  സൂര്യപ്രകാശം പതിച്ചപ്പോൾ തിളങ്ങി നിന്നു.    നരച്ച താടിയും കുഴിഞ്ഞ കണ്ണുകളും നീണ്ട മുടിയും കൈകളിലും കഴുത്തിലും രുദ്രാക്ഷവുമണിഞ്ഞ് ലലാടത്തിൽ നീട്ടിചാർത്തിയ ഭസ്മക്കുറിയും കാവി വസ്ത്രവും അണിഞ്ഞ ആ സ്വാമിയെ ഇടക്കിടെ ഈ നാട്ടിൽ കാണാറുണ്ട്. അധികമാരോടും സംസാരിക്കാത്ത  അദ്ദേഹം  പലപ്പോഴും ശൂന്യതയിലേക്ക് നോക്കി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടേയിരുന്നു. കുട്ടികളെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്.എങ്കിലും അധികമാരും അദ്ദേഹത്തിനടുത്തേക്ക് കുട്ടികളെ അയക്കുകയില്ല. കാലം മാറുന്നതനുസരിച്ച് നീചപ്രവൃത്തികളിൽ ഏർപ്പെടുന്നവർ മൂലം   സാധുക്കളെ പോലും  നാം സംശയദൃഷ്ടിയോടെയാണല്ലോ കാണാറുള്ളത്. മാളു  ആൽത്തറയിലെ വയസൻ സന്യാസിയുടെ അരികിലേക്കാണ് പോയത്.  ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച്  അവൾ സ്വതസിദ്ധമായ ശൈലിയിൽ  കുശലാന്വേഷണം നടത്തി.
''സ്വാമിജി എന്നാ എത്തിയത് ?
കുറേ നാളായല്ലോ  കണ്ടിട്ട് ??''

  വൃദ്ധൻ  ചെറു പുഞ്ചിരിയോടെ
''മോളേ... രണ്ട് ദിവസായി എത്തിയിട്ട്. ഇടക്കിടെ വന്ന്  ഭഗവാനെ ഒന്ന് കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല.രണ്ടീസം കൂടി കഴിഞ്ഞ് മടങ്ങണം...

''ഇനി എങ്ങടാ ??''

മാളു  ചോദിച്ചു .

കൈകൾ ചേർത്ത് നെഞ്ചോടടുപ്പിച്ച് 
ഉത്തരമെന്നോണം

''എങ്ങടെന്ന് ഒരു നിശ്ചയല്യാ കുട്ടീ എല്ലാം ഭഗവാൻെ നിശ്ചയം പോലെ നടക്കട്ടെ. വയസും പ്രായോം ഏറി വരികല്ലേ. നടക്കാനൊക്കെ ബുദ്ധിമുട്ടായി തുടങ്ങിയിട്ടുണ്ട്. ഭഗവാൻ വിളിച്ചാൽ സർവ്വവും ഉപേക്ഷിച്ച് പോകണ്ടവരല്ലേ നമ്മൾ??''

മാളു   ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. നന്ദിയുടെ വലിയ പ്രതിഷ്ഠയുടെ ചെവിയിൽ വളരെ സ്വകാര്യമായി എന്തോ പറഞ്ഞ് ചിരിച്ചു.  ശ്രീകോവിലിനുള്ളിൽ നിന്ന് മന്ത്രങ്ങളുടെയും മണിയടിയുടെയും ശബ്ദം ഉച്ചത്തിൽ കേൾക്കായി.ക്ഷേത്രത്തിന് വലം വച്ച് പ്രസാദവും വാങ്ങി അവൾ ക്ഷേത്രക്കുളത്തിനരികിലേക്ക് നടന്നു.

               ക്ഷേത്രദർശനം കഴിഞ്ഞ് കുളത്തിൻെ പടവുകളിൽ ഇരുന്ന് നിശ്ചലമായ ജലത്തെ ചെറിയ കല്ലുകളെറിഞ്ഞ് ഇക്കിളിയാക്കുവാൻ എനിക്ക് വലിയ ഇഷ്ടമാണ്. ഇടക്കിടെ ജലോപരിതലത്തിലേക്ക് പൊന്തിവന്ന് ഞങ്ങളിൽ ചിലരും ഇവിടൊക്കെ ജീവിക്കുന്നുണ്ട് എന്ന് വെള്ളം കുടഞ്ഞെറിഞ്ഞ്  മീനുകൾ പറയും പോലെ തോന്നാറുണ്ട്.

''കല്ലെറിഞ്ഞ് മീൻ പിടിക്കുവാണോ?? ''
എന്ന ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ഞെട്ടി പിന്തിരിഞ്ഞു നോക്കിയപ്പോൾ മാളു ഒരു കുസൃതിച്ചിരിയോടെ പടവുകളിറങ്ങി വരുന്നു.

'' ങ്ഹാ നീയായാരുന്നോ??

''എന്താ ഇവിടെ ഒറ്റക്കിരിക്കുന്നത് ??''

''ഏയ് ഒന്നുമില്ല വെറുതെ..''

അല്ല മാളൂ നീയറിഞ്ഞില്ലേ നീ തല്ലി കരണം പൊളിച്ച സുകുചേട്ടനെ കാണാനില്ലല്ലോ. ഇനി നീയെങ്ങാനുമാണോ ഇരുട്ടത്ത് അയാളെ ...??

അവളുടെ മുഖത്തെ രക്തയോട്ടം നിലച്ചതായും സ്വതവേ പ്രകാശപൂരിതമായ മുഖം മങ്ങിയതായും എനിക്ക് തോന്നി. ചുണ്ടുകളിലെ പുഞ്ചിരി മാഞ്ഞപ്പോൾ ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി.

പെട്ടെന്നങ്ങിനെ ഒരു ചോദ്യം ഓർക്കാപ്പുറത്ത് ചോദിക്കുമെന്ന് അവളും കരുതിയിരുന്നില്ല.

അവൾ നിശ്ചലമായ ജലത്തെ നോക്കിക്കൊണ്ട് പടികളിലൊന്നിലിരുന്നു .

'' അങ്ങനെയൊന്നും ഞാൻ കരുതിയതല്ല. അപ്പോൾ പ്രതികരിക്കണമെന്ന് തോന്നി. ഇപ്പോളതൊരൽപം കടുത്തു പോയതായും...നീ പോയിരുന്നോ അവിടേക്ക്??''

''ഉം പോയിരുന്നു പത്രമിടാൻ വന്ന കൊച്ചേട്ടൻ രാവിലെ പറഞ്ഞപ്പോൾ ചെന്നു നോക്കി. വളവിൽ അയാളുടെ ഡ്രസ് ചോരതെറിച്ച് കിടന്നിരുന്നു.വാറു പൊട്ടിയ ചെരുപ്പും...''
അയാൾടെ അമ്മയും അനിയത്തിയും ഭയങ്കര കരച്ചിലായിരുന്നു . ഞാൻ പിന്നെ വീട്ടിലേക്ക് പോന്നു''

''പത്രത്തിൽ ഞാനും വായിച്ചിരുന്നു''

''അല്ല മാളൂ നമ്മുടെ കോളേജിൽ നിന്നു  കാണാതായ രണ്ട് കുട്ടികളില്ലേ അവരെക്കുറിച്ച് വല്ല അറിവും..??

''ഇതുവരെ ഇല്ല.''

''ഉം''
ഞാനൊന്നു മൂളി.

''ഒരു നേരത്തെ വിശപ്പടക്കാൻ ഗതിയില്ലാത്തവനെ കെട്ടിയിട്ട് തല്ലിക്കൊന്നവരുടെ നാടാണിത്  മാളൂ . സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ  കേരളം ശരിക്കും ഒരു ഭ്രാന്താലയമായിരിക്കുന്നു.
കോടികൾ കട്ടു മുടിച്ച് ഭരണത്തിൻെ  തലപ്പത്തിരുന്ന് ജനങ്ങളുടെ പണം കൊണ്ട് തിന്നു കൊഴുക്കുകയും വിദേശപര്യടനങ്ങൾ നടത്തുകയും ഹർത്താലും സമരവും നടത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും,കൊലചെയ്യുന്നതിനു മുൻപ് ഇരയുടെ  കൂടെ നിന്ന് സെൽഫി എടുക്കുകയും ചെയ്യുന്ന നരാധമൻമാരുടെ നാടുകൂടിയായി മാറിയിരിക്കുന്നു  ഇന്ന് കേരളം എന്ന ദൈവത്തിൻെ സ്വന്തം നാട്.''

''ശരിയാണ് വർണ്ണവിവേചനം കൊടികുത്തിവാഴുന്നു അല്ലേ ?? കറുത്തവനെന്നും അവഹേളിക്കപ്പെടേണ്ടവനും സവർണ്ണരുടെ കാൽച്ചുവട്ടിൽ നായയെപ്പോലെ കഴിയേണ്ടവനും...
ഈ ചിന്തകൾക്കൊക്കെ മാറ്റം വന്നേ തീരൂ...''
മാളുവിൻെ മുഖം  ദേഷ്യത്തിൽ ചുവന്നു തുടുക്കുന്നതും മുഖത്തെ മാംസപേശികൾ വലിഞ്ഞു മറുകുന്നതും ഞാൻ കണ്ടു .

        മാളൂ...
പിന്നിൽ നിന്നുള്ള വിളി കേട്ട് മാളുവിനോടൊപ്പം തന്നെ ഞാനും ഞെട്ടി  തിരിഞ്ഞു നോക്കി. ഞങ്ങളുടെ സംസാരം ഇടമുറിഞ്ഞു പോയി. അതേതായാലും നന്നായി മാളുവിൻെ ദേഷ്യം ഒന്ന് തണുത്തുകാണുമല്ലോ...

രശ്മിയാണ് വിളിച്ചത്... കോളേജിൽ ഞങ്ങള് ഒന്നിച്ചാണ് രാഘവേട്ടൻെ മകളാണ് രശ്മി. മാളുവിൻെ ഉറ്റ സുഹൃത്ത്. രാഘവേട്ടനെ പോലെ തന്നെ വിപ്ലവകാരിയാണവളും

''ഹാ നീയുമുണ്ടോ ''
രശ്മി എൻെ നേരെ തിരിഞ്ഞ് ചോദിച്ചു.
ഞാൻ വെറുതെ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

''എന്നാ പിന്നെ ഞങ്ങള് പോട്ടെ''

ശരി എന്ന അർഥത്തിൽ തലയാട്ടി അവര് കണ്ണിൽ നിന്നു മറയുവോളം അവരെതന്നെ  നോക്കി നിന്നു....

      ( തുടരും...)

*അഘോരി*

കാലങ്ങളിലൂടെ ഭാഗം7

*കാലങ്ങളിലൂടെ*

ഭാഗം 7
############

സൂര്യൻെ  ആദ്യകിരണങ്ങൾ   ഓരോ മരശിഖരങ്ങളുടെ ഉച്ചിയിലും സ്വർണ്ണം പൂശിയതുപോലെ കാണപ്പെടുകയും നിമിഷങ്ങളുടെ വ്യതിയാനത്തിൽ അവ ഭൂമിയെ  തൊടുകയും ചെയ്തു . മഞ്ഞിൻെ നേർത്ത തുള്ളികൾ കൂടിച്ചേർന്നു മുത്തുമണികൾ പോലെ തിളങ്ങി .ഭാരം മൂലം പുൽത്തുമ്പ്  തലകുനിച്ച് അവയെ ഭൂമിയുടെ മാറിലേക്ക് ഇറക്കിവച്ചു.

ഉറക്കത്തിൻെയും ഉണർവ്വിൻെയും അതിർവരമ്പിലിരുന്നുകൊണ്ട് ഞാൻ രാത്രിയിൽ കണ്ട സ്വപ്നത്തെക്കുറിച്ചാലോചിച്ചു. വെള്ളത്തിലും കരയിലും ഒരേ പോലെ വസിക്കുവാൻ കഴിയുന്ന ഒരു കുതിര.അതിൻെ വാല് മീനുകളുടേത് പോലെയും കണ്ണുകൾ ഉരുണ്ടതും തിളക്കമേറിയതും മീനുകളുടേതുപോലെയുള്ള ശല്ക്കങ്ങൾ ആ കുതിരക്ക് ഉണ്ടായിരുന്നു . അത് കടൽതിരമാലകളുടെ മുകളിലൂടെ അതിവേഗതയിൽ ഓടിക്കൊണ്ടിരുന്നു   കുറച്ച് സമയത്തിനു ശേഷം അത് കൺമുന്നിൽ നിന്നും അപ്രത്യക്ഷമായി.
ഹാ എത്രയെത്ര സ്വപ്നങ്ങളാണ് നാമോരോരുത്തരും കാണുന്നത്. മൂരി നിവർത്തി മെല്ലെ എഴുന്നേറ്റു . കിടക്ക ഒന്നു ശരിയായി വിരിച്ചു. അടുക്കളപ്പുറത്തേക്ക് നടന്നു...

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്  ഉമ്മറത്തിണ്ണയിലെ കസേരയിലിരുന്ന്  പൊക്കി കെട്ടിയ അരഭിത്തിയിലേക്ക് കാലും നീട്ടി വെച്ച്  ചൂടുചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്  കൊച്ചേട്ടൻ പത്രവുമായി വരുന്നത് ... വർഷങ്ങളായി ഈ പ്രദേശത്തെ വീടുകളിൽ പ്രത്രമിടുന്നത് കൊച്ചേട്ടനാണ് . പുലർച്ചെ  അഞ്ചരക്ക് വരുന്ന പത്രക്കെട്ടുകൾ അടുക്കി സൈക്കിളിൽ വച്ച ശേഷം അതിൽ നിന്നും ഒരു പത്രമെടുത്ത്  തെരുവുവിളക്കിൻെ മഞ്ഞപ്രകാശത്തിൻെ ചോട്ടിലിരുന്ന് വായിച്ചിട്ടേ കൊച്ചേട്ടൻ വീടുകയറാൻ തുടങ്ങൂ... അതൊരു ശീലമാണ്.

''കൊച്ചേട്ടാ എന്താ വാർത്തകള്??''
ഞാൻ ചോദിച്ചു .

''നീ ഒന്നും  അറിഞ്ഞില്യോ നമ്മുടെ സുകുവിനെ കാണാനില്ല.''

''ഏത് സുകു നമ്മുടെ ബസ്സിലെ ചേട്ടനോ''

ആ അവൻ തന്യാ ആ ഹെയർപിന്ന് വളവില് അവൻെ കുപ്പായവും ചെരിപ്പും ഒക്കെ കിടപ്പുണ്ട്.അവൻെ വീട്ടുകാര് ചെരിപ്പും കുപ്പായോം തിരിച്ചറിഞ്ഞ്. അവിടിപ്പോ  ആളും ബഹളോം പോലീസും ഒക്കെയാ.
ഞാനാ വഴിയല്യോ ഇങ്ങ് വന്നെ ...

കൊച്ചേട്ടൻ പത്രം എറിഞ്ഞ്  സൈക്കിൾ ചവിട്ടി മുന്നോട്ടു നീങ്ങി.

എൻെ മനസ്സിലപ്പോൾ സുകുവിൻെ മുഖമായിരുന്നു. അടികൊണ്ട കവിളും തിരുമ്മി  ബസ്സിലെ അത്രയും ആളുകളുടെ മുന്നിൽ നാണം കെട്ട് ഒന്നും മിണ്ടാൻ കഴിയാതെ നിന്ന അയാളുടെ മുഖം.
ചിന്തയിലേക്ക് മാളുവിൻെ മുഖം കടന്നുവന്നപ്പോൾ  ഒരു സംശയം എൻെ മനസ്സിലൂടെ കടന്നുപോയി ഇനി തേരകത്തുകാരെങ്ങാനും...

ചായ കുടിച്ചു തീർക്കാതെ മേശമേൽ വച്ച് മുറിയിൽ കയറി കണ്ണിലാദ്യമുടക്കിയ ഒരു ഷർട്ടുമിട്ട് അമ്മ കേൾക്കത്തക്ക വിധത്തിൽ വിളിച്ചു പറഞ്ഞു

'' അമ്മേ ഇപ്പോ വരാവേ ''

ധൃതിപ്പെട്ടിറങ്ങി പാടവരമ്പിലൂടെനടന്നു. ചെമ്മണ്ണുപാതയിലേക്കും ഹെയർപിൻ വളവിലേക്കും ചെല്ലുവാൻ കാൽനടയാത്രക്കാർക്ക് എളുപ്പം  ഈ പാടവരമ്പാണ്. ഇടതുവശത്തായി കള്ള് എന്ന ബോർഡ് അകലെ നിന്നേ വായിച്ചെടുക്കാം. ചെമ്മൺപാതയിലേക്ക് കയറിയപ്പോഴേ  ആളുകൾ ഉറുമ്പുകളുടെ കൂട്ടത്തെ പോലെ വരികയും പോവുകയും ചെയ്യുന്നത് കാണായി. ചിലർ സംഭവസ്ഥലത്ത് കൂടിനിന്ന്  വരുന്നവരോട് സംഭവങ്ങൾ വിശദീകരിച്ചു കൊടുക്കുന്നുമുണ്ട്. എന്നെ മറികടന്ന് എതിരേ പോയ രണ്ടുപേർ പരസ്പരം പറയുന്നുണ്ടായിരുന്നു .ഷാപ്പിൽ വച്ച് ഒരുമിച്ചിരുന്ന് കള്ളും കുടിച്ച് യാത്ര പറഞ്ഞ് പോയതാണത്രേ സുകു.

''ജഢം പോലും കണ്ടുകിട്ടാത്തതാണ് പ്രയാസം. എന്താ സംഭവിച്ചതെന്ന് ആർക്കറിയാം ഓരോ മനുഷ്യരുടെ വിധി അല്ലാണ്ടെന്ത്??''

പരസ്പരം പറഞ്ഞുകൊണ്ട് അവർ അകന്നു പോയി.

നാട്ടിലെ തന്നെ സകലമാന പുരുഷപ്രജകളും ഒന്നുരണ്ട് സ്ത്രീജനങ്ങളും സംഭവസ്ഥലത്ത്  നിന്ന് പലതും പറയുന്നുണ്ടായിരുന്നു. പോലീസ് ജീപ്പ് വളവിൻെ ഓരത്തായി ഒതുക്കിയിട്ടിട്ടുണ്ട്. ജീപ്പിൻെ ബോണറ്റിലേക്ക്  ചാരി നിന്ന് ഡ്രൈവർ ആർക്കോ ഫോൺ ചെയ്യുന്നുണ്ട്. ഞാൻ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി . റോഡിൽ ചോരതെറിച്ച് മണ്ണുമായി യോജിച്ച്  ഉണങ്ങിക്കിടപ്പുണ്ട്. കുറച്ചു മാറി  വീണുകിടന്നിരുന്ന,കവർ ആരോ വന്നെടുത്ത്  ഒരു വശത്തേക്ക് മാറ്റി വച്ചു . സുകുവിൻെ അമ്മ റോഡരികിൽ  കരഞ്ഞു തളർന്ന മുഖവുമായി ശൂന്യതയിലേക്കു നോക്കി വിലപിച്ചു . ''ൻെ മോനെന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങളവനോടിങ്ങനെ? ഇനി ഞങ്ങക്കാരാ ഉള്ളത് ?? നീയായിട്ട് തന്ന് നീയായിട്ട് തിരിച്ച് കൊണ്ടാകുവാണല്ലേ എനിക്കൊരു നോക്കു കാണാൻ പോലും  ബാക്കി വച്ചില്ലല്ലോ ൻെ കുഞ്ഞിനെ ''

മക്കൾ എത്ര വളർന്നാലും അവരുടെ  പ്രവൃത്തികൾ നല്ലതായാലും ചീത്തയായാലും ഏതൊരമ്മക്കും എക്കാലവും തൻെ മക്കൾ എക്കാലവും കുഞ്ഞുങ്ങൾ തന്നെയാണ് എന്ന സത്യം വീണ്ടും എനിക്കുമുന്നിൽ അനാവരണം ചെയ്യപ്പെട്ടു.

തലേ ദിവസത്തെ സംഭവങ്ങളെല്ലാം കൂട്ടി വായിച്ച ചിലർ സംശയം  പോലെ  രഹസ്യമായി തേരകത്തുകാരെക്കുറിച്ച് പറഞ്ഞു.
സ്വാഭാവികമായും ആ കൂട്ടർ തേരകത്തുകാരെ സംശയിച്ചു  അവിടത്തെ കുട്ടിയുടെ പേരിലാവാം ഇത് നടന്നിട്ടുണ്ടാവുക എന്നത് പലരുടെയും മനസ്സിലെ ഭയത്തെ ഒന്നു കൂടി ഊട്ടിയുറപ്പിച്ചു.

(തുടരും...)

*അഘോരി*

കാലങ്ങളിലൂടെ ഭാഗം 6

*കാലങ്ങളിലൂടെ*
###########
ഭാഗം-6
########

ഭൂമിയെ മുഴുവൻ ഇരുൾ വിഴുങ്ങുകയാണ് പ്രതീക്ഷയുടെ ചവിട്ടുപടികൾ കയറി  ആകാശമട്ടുപ്പാവിലേക്ക് തൻെ അംഗവസ്ത്രമൂരിയെറിഞ്ഞ്  നിലാവ് കടന്നുവന്നു.
ചീവീടുകളുടെ കരച്ചിലിനും രാപ്പാടികളുടെ പാട്ടുകൾക്കുമിടയിലൂടെ സുകു നടന്നു .തുണിക്കടയിൽ  നിന്നും  ഓണത്തിന്  ഡ്രസ്   വാങ്ങിയപ്പോൾ   കിട്ടിയ കവറിൽ അവൻ  മുഷിഞ്ഞ കുപ്പായം പൊതിഞ്ഞ് കക്ഷത്തിലേക്ക് വച്ച് ഇറുക്കിപിടിച്ചു നടന്നു. നടക്കുമ്പോൾ കാലുകൾക്ക് ഭാരമില്ലാതായതായും താനൊരു തോണിയിൽ  നദിയിലെ ഓളപ്പരപ്പുകളിലൂടെ ഒഴുകിനീങ്ങുന്നതായും അവന് അനുഭവപ്പെട്ടു. മദ്യത്തിൻെ രൂക്ഷഗന്ധം അവൻെ ഓരോശ്വാസത്തിലൂടെയും പരന്നിറങ്ങി.അകലെയേതോ കാലൻ കോഴി നീട്ടിക്കൂവി...
മടിക്കുത്തിൽ നിന്നും ഒരു ബീഡിയെടുത്ത് സുകു തീപിടിപ്പിക്കുവാൻ ശ്രമിച്ചു.
തെക്കുനിന്നും വീശിയ തണുത്തകാറ്റ് അവനെ അലോസരപ്പെടുത്തി .

''നാശം ഇത് കത്തുന്നില്ലല്ലോ''

തീപ്പെട്ടിക്കൊള്ളിയുടെ മരുന്നുള്ള ഭാഗം തേഞ്ഞുതീർന്ന് മരണത്തിൻെ വക്കിലെത്തി.അവൻ അത് വലിച്ചെറിഞ്ഞ് മറ്റൊരെണ്ണംകൂടി ഉരച്ചു അത് മെല്ലെ കത്തി.

ഒരു മൂളിപ്പാട്ട് മൂളിക്കൊണ്ട് അവൻ മുന്നോട്ടേക്ക് നടന്നു. മൺപാതയുടെ ഇരുവശത്തുമായി റബ്ബർമരങ്ങളാണ് അതിനപ്പുറത്തായി ഒരു ചെറിയ അരുവിയും പാതയുടെ ചിലഭാഗങ്ങളിൽ ഭൂമിയുടെ പ്രകൃതം മാറി താഴേക്ക് വലിയ ഗർത്തമാണ്. അവിടെ നിന്നു നോക്കിയാൽ അകലെ ടൗണിൻെ ചെറിയ ഭാഗങ്ങൾ മഞ്ഞ വെളിച്ചത്തിൽ മുങ്ങിക്കിടക്കുന്നത് കാണാം . ഹെയർപിൻ വളവിൻെ മറവിലെത്തിയപ്പോഴാണ് പെട്ടെന്ന് അതിതീഷ്ണമായ വെളിച്ചം അവൻെ കണ്ണുകളിലേക്ക് അടിച്ചുകയറിയത് .തീക്ഷണമായ പ്രകാശം അവൻെ കണ്ണുകളെ കബളിപ്പിച്ചപ്പോൾ അതിനെ പ്രതിരോധിക്കുവാൻ അവൻ ഇടതു കൈ കണ്ണിനു കുറുകെ മറച്ചു പിടിച്ചു. കക്ഷത്തിൽ പിടിച്ചിരുന്ന കവർ താഴേക്ക് വീണു.കണ്ണ് ചിമ്മിത്തുറക്കുവാനുള്ളസമയം അവന് ലഭിച്ചില്ല. അമിതവേഗതയിൽ  ഇരമ്പിയെത്തിയ വണ്ടിയുടെ വശത്തിടിച്ച് അവൻ നിലത്തേക്കു തെറിച്ചു വീണു...

വണ്ടി അൽപം കൂടി മുൻപോട്ടു നീങ്ങി നിന്നു.പുറകേ മറ്റു രണ്ടു വാഹനം കൂടി അവിടേക്ക് ഇരമ്പിയെത്തി നിന്നു. പെട്ടെന്ന് ബ്രേക്ക്  പിടിച്ചതിൻെ ആഘാതത്തിൽ വണ്ടികൾ മുൻപോട്ടും പിന്നിലേക്കും ആടിയുലഞ്ഞ് നിന്നു.
ആദ്യത്തെ വണ്ടിയുടെ ഇടതു വശത്തെ മുൻസീറ്റിൽ നിന്നും നാലടിയോളം പൊക്കം വരുന്ന ഒരുവൻ ചാടിയിറങ്ങി. പിന്നിലെ വണ്ടിയുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ അയാളുടെ കണ്ണുകൾതിളങ്ങി.
ചാരനിറത്തിലുള്ള ഒരു കോട്ടും കറുത്ത നിറത്തിലുള്ള പാൻും കാലിൽ കറുത്ത ബൂട്സും ധരിച്ചിരുന്നഅയാളുടെ  മൂക്ക് അൽപം നീണ്ടതും ചുണ്ടുകൾ തടിച്ചവയും   മുഖം  ക്ലീൻഷേവ് ചെയ്തതും ആയിരുന്നു. അയാളുടെ നെറ്റിയിൽ ഒരു വലിയ മുറിവിൻെ അവശേഷിപ്പുകൾ കരുവാളിച്ചു കിടന്നു. അതിനെ മറക്കാനെന്നോണം ഒരു വൃത്താകൃതിയിൽ  വശങ്ങളിലേക്ക് നീളമുള്ള കറുത്ത തൊപ്പിയിൽ സ്വർണ്ണ നിറത്തിൽ HC എന്ന് അക്ഷരങ്ങൾ തുന്നിപിടിപ്പിച്ചിരുന്നു.നിലാവിൻെ വെളിച്ചത്തിൽ ആ അക്ഷരങ്ങൾ തിളങ്ങി നിന്നു.

ചിറി അൽപം കോട്ടി പുച്ഛഭാവത്തിൽ അയാൾ വണ്ടിയിടിച്ച് തെറിച്ചുവീണ ആളുടെ അടുത്തേക്ക് നടന്നു. പുറകെ വന്ന വാഹനത്തിൽ നിന്നും രണ്ടു പേർ  ഡോർ തുറന്ന് പുറത്തേക്കിറങ്ങി .അവർ കറുത്ത ടീഷർട്ടും അതിനു മുകളിലായി  തോൾ വരെ മാത്രം കൈയുള്ള തരത്തിലുള്ള കട്ടിയുള്ള  ജാക്കറ്റ് ധരിച്ചിരുന്നു.  ഉറച്ച മാംസപേശികൾ ടീഷർട്ടിൻെ ഷേപ്പിനുള്ളിൽ തെളിഞ്ഞു നിന്നു .കണങ്കാലോളം നീളമുള്ള  കറുത്ത ബൂട്ടുകളും അരയിൽ കെട്ടിയുറപ്പിച്ച നിലയിൽ ഷോട്ട് ഗണ്ണും ഇടതു കയ്യുടെ മീതെ ഉറപ്പിച്ച ഉറയിൽ ചെറിയ കത്തിയുടെ പിടി പുറത്തേക്ക് നീണ്ടു നിന്നു.കൈകളിൽ ഡ്രൈവിംഗ് ഗ്ലൗസുകളും അരയിലെ ബെൽറ്റിൽ വെള്ളിയിൽ തീർത്ത സിംഹത്തിൻെ തലയുടെ രീതിയിൽ ബക്കിളും അതിൻെ കണ്ണുകൾ ചുവന്ന കല്ലുകൾ കൊണ്ട് മനോഹരമായി ഡിസൈൻ ചെയ്തിരുന്നു.

ആ ചെറിയ വൃത്തികെട്ട കുള്ളൻ ആക്സിഡൻിൽപെട്ടയാളുടെമൂക്കിനുതാഴെ വിരൽ ചേർത്ത് ശ്വാസോച്ഛ്വാസത്തിൻെ നില അളന്നു.ശേഷം പിന്നിലേക്ക് തലതിരിച്ച് മറ്റ് രണ്ട് അനുചരൻമാരോടായി പറഞ്ഞു

'' ഇവൻ ചത്തിട്ടില്ല എടുത്ത് വണ്ടിയിലിട് ''

കുള്ളൻെ സംസാരം ശരിവെച്ച്  അനുചരൻമാർ രണ്ടാളും ചേർന്ന്  സുകുവിനെ താങ്ങിയെടുത്ത് ഏറ്റവും പിന്നിലായ് വന്ന വണ്ടിയുടെ ഡിക്കി തുറന്ന് അതിലേക്ക് കിടത്തി ...

കുള്ളൻ തിരിഞ്ഞ് നടന്നു ഡോർ തുറന്ന് വണ്ടിയിൽ കയറി ഇരിപ്പുറപ്പിച്ചു

''lets go ''
അയാൾ വണ്ടിയിൽ കയറി ഡ്രൈവറോട് ആജ്ഞാപിച്ചു  ...
മൂന്നു വാഹനങ്ങളും  വീണ്ടും നീങ്ങിത്തുടങ്ങി...

(തുടരും...)

*അഘോരി*

കാലങ്ങളിലൂടെ ഭാഗം 5

ഭാഗം-5
######
ബംഗ്ലാവിൻെ മുറ്റത്ത് എത്തിവണ്ടിനിർത്തി ഡ്രൈവിംഗ് സീറ്റിൽ നിന്നും ചാടിയിറങ്ങി ശിവ പരിസരം മുഴുവൻ ഒന്നു കണ്ണോടിച്ചു.
ചുറ്റും കാടുപിടിച്ച് കിടക്കുന്നു.
ഇവിടേക്ക് വരാനാണ് തനിക്കു കിട്ടിയ നിർദ്ദേശം. ബംഗ്ലാവും അതിൻെ പരിസരവും ഇരുളിൽ മുങ്ങിക്കിടക്കുന്നു. നിലാവെളിച്ചത്തിൽ ആ വീടിൻെ തൂണുകൾ തിളങ്ങി നിന്നു .ആരോ ഇടക്കിവിടം സന്ദർശിക്കുന്നുണ്ടാവണം. സിറ്റൗട്ടിൽ കിടന്ന മാൽബറോയുടെ പാക്കറ്റും ചാരവും ജീപ്പിൻെ വെളിച്ചത്തിൽ ശിവ കണ്ടു.
എന്തിനാവണം ഇന്ന് അയാൾ തങ്ങളെ വിളിപ്പിച്ചിട്ടുണ്ടാവുക?
അകലെ നിന്നും നരികളുടെ ഓലിയിടൽ ശബ്ദങ്ങൾ കൂടിക്കൂടി വരുന്നു. തണുപ്പും...ദത്തൻ ജീപ്പിൻെ ബോണറ്റിലേക്ക് ചാടിക്കയറി. ചില്ലത്തിൽ നിന്നും ഒരു പുക കൂടി ആഞ്ഞു വലിച്ച് ശിവയുടെ നേരെ നീട്ടി .ചങ്ങാതിയുടെ കയ്യിൽ നിന്നും ചില്ലം വാങ്ങിക്കൊണ്ട് ക്ഷമ ഒട്ടുമില്ലാത്ത  ശിവ ചോദിച്ചു ദത്താ  ഇനിയെത്രനേരം ഇവിടെ കാത്തിരിക്കണം??
എനിക്കിവിടം മടുത്തു തുടങ്ങിയിരിക്കുന്നു .ദത്തൻ മറുപടിയെന്നോണം ഇടതു കൈയുടെ ചൂണ്ടുവിരൽ അകലേക്ക്  ചൂണ്ടി.

മൂന്നു വാഹനങ്ങൾ മെല്ലെ മലകയറുന്നു. റാന്തൽ വിളക്കിൻെ ചെറിയ നാളം പോലെ അവ അകലെനിന്നും മുന്നോട്ട്  നീങ്ങിക്കൊണ്ടിരുന്നു.

    (   തുടരും...)

കാലങ്ങളിലൂടെ ഭാഗം 3

ഭാഗം3
********

വിശ്വേട്ടൻെ ചായക്കടയിലെ ചൂടുചായക്കൊപ്പം  രാമേട്ടനും  തോമാച്ചൻ ചേട്ടനും  നാട്ടുവിശേഷങ്ങളും നാട്ടിൽ നടക്കുന്ന പരദൂഷണങ്ങളും ചൂടപ്പത്തിനൊപ്പം കറി വിളമ്പുന്നതുപോലെ പറഞ്ഞുകൊണ്ടിരുന്നു .  വിശ്വേട്ടാ ഒരു ചായ ...
അകത്ത് നിന്നും ദാ ഇപ്പ തരാം മോനേ എന്ന മറുപടിയും ലഭിച്ചു. സമോവറിലെ തിളച്ച വെള്ളം ഒരു കപ്പിലേക്ക് പകർന്ന് പഞ്ചസാരയും  അൽപം പാലുമൊഴിച്ച്  അരിപ്പയിലേക്ക് കുടഞ്ഞിട്ട രണ്ടു സ്പൂൺ ചായപ്പൊടിയിലേക്ക്  ഒഴിച്ച്  ഒരു നെടുനീളൻ ചായ കപ്പിൽ നിന്നും കപ്പിലേക്ക് നീട്ടിയാറ്റി ചില്ലുഗ്ലാസിൻെ മുക്കാൽ ഭാഗത്തോളം നിറച്ച് വിശ്വേട്ടൻ ഒരു ചെറു ചിരിയോടെ മേശയിൽ വെച്ചു.
''എന്താ മോനേ കഴിക്കാൻ??''
ഓ ഒന്നും വേണ്ട വിശ്വേട്ടാ  എന്നു പറഞ്ഞ് മേശയിൽ നിന്നും അന്നത്തെ പത്രം നിവർത്തി  ഒന്നു കണ്ണോടിച്ചു. പത്രത്തിലെ ഓരോ വാർത്തകളും വായിച്ചു പോകുമ്പോൾ ചിലവ തമ്മിൽ സാമ്യം തോന്നാറുണ്ട് പല വാർത്തകളും തമ്മിൽ എന്തോ ഒരു ബന്ധം...
പുലർച്ചെ 8മണി കഴിഞ്ഞിട്ടേ ഉള്ളു. അകലെ നിന്നും ഒരു ഹോൺ ശബ്ദം കാതുകളിലേക്ക് അടിച്ചു കയറുന്നു. വിശ്വേട്ടൻ അകത്തു നിന്നും വിളിച്ചു പറഞ്ഞു ലക്ഷ്മി  ഇന്ന് കുറച്ച് നേരത്തെയാണല്ലോ ..
അതിരാവിലെ
പണിക്കുപോകുന്നവരും സ്കൂൾ കോളജ് വിദ്യാർഥികളും    ലക്ഷ്മി ബസിനെയാണ് ആശ്രയിക്കാറ് . ചായക്കടയുടെ  നേരെ എതിർവശത്തുള്ള ബസ്സ്റ്റോപ്പിൽ നിന്നും ആദ്യം ബസിൽ കയറി സീറ്റു പിടിക്കാനുള്ളവരുടെ തിരക്കുകൂട്ടലും കലപില ശബ്ദങ്ങളും ഉയർന്നു കേൾക്കാം. കുടിച്ചു പകുതിയായ ചായഗ്ലാസും പത്രവും അവിടെയുപേക്ഷിച്ച് ഞാനും തിരക്കിട്ട് റോഡിലേക്കിറങ്ങി .  ലക്ഷ്മി ബസ്സ് സ്റ്റോപ്പിലെത്തി നിന്നു നാരായണിയേടത്തിയും സരളചേച്ചിയും ആദ്യം കയറി സീറ്റ് പിടിക്കാൻ വേണ്ടി തമ്മിൽ തമ്മിൽ തിക്കിയും  തിരക്കിയും ബഹളം വച്ചും മുന്നോട്ട് നീങ്ങി. പെൺകുട്ടികൾ വരിവരിയായി സ്റ്റെപ്പിലേക്ക് കയറിക്കൊണ്ടിരുന്നു.പുറകിലെ ഡോറിലേക്കുള്ള ആദ്യ സ്റ്റെപ്പിൽ ഞാൻ  കാലു വെച്ചപ്പോഴാണ്

        ''ഠേ..'' 
പടക്കം പൊട്ടുന്ന പോലൊരു ശബ്ദവും തുടർന്ന് അയ്യോ എന്ന നിലവിളിശബ്ദവും കേട്ടത്. ബസിൻെ മുൻവശത്തു നിന്നാണ്. ബസിൻെ അകത്ത്കയറിയ അത്രയും ആളുകളും ഒന്നു ഞെട്ടി. പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത് ചീറ്റപുലിയെപോലെ പല്ലിറുമ്മി ബസിലെ കിളിയുടെ കരണത്ത് ഒരടി പാസാക്കി കോപാകുലയായി നിൽക്കുന്ന മാളുവിനെയാണ്. മിക്ക ദിവസങ്ങളിലും അവളെ കാണാറുണ്ടെങ്കിലും ഇന്നാദ്യമായാണ് അവളെ ഞാൻ ശ്രദ്ധിക്കുന്നത്. പതിവിലും ചുവന്നു തുടുത്തിരുന്നു മാളുവിൻെ മുഖം. കണ്ണുകളിൽ കനലെരിയുന്നുണ്ടായിരുന്നു.കൈമുട്ടിനു താഴെ വരെ മറയുന്ന തരത്തിലുള്ള ചാര നിറത്തിലുള്ള ഒരു ടോപ്പും  പാദങ്ങളോളം മറയുന്ന  ഒരു പാവാടയും ആണ് അവളുടെ വേഷം.തോളിൽ ഒറ്റ വള്ളിയുള്ള ഒരു ബാഗ് വിലങ്ങനെ തൂക്കിയിരിക്കുന്നു. അവൾ ബസിലെ കിളിയോട് നിന്ന് ചീറി.
''നിനക്കൊക്കെ   എന്തിൻെ കേടാടാ?? പെൺകുട്ടികളെ ഇടുപ്പിൽ പിടിച്ച് സ്റ്റെപ്പിൽ എടുത്തു വച്ചാലേ നിനക്ക് സമാധാനം കിട്ടുവൊള്ളോ? നിൻെ പെങ്ങളുടെ ഇടുപ്പിൽ ഒരുത്തൻ പിടിച്ചാ നിനക്ക് സുഖിക്കുവോടാ??... '' ബസിൻെ മുൻപകുതിയിൽ നിന്നിരുന്ന പെൺകുട്ടികളും  മാളുവിനെ സപ്പോർട്ട് ചെയ്ത് മുൻപോട്ട് വരാൻ തുടങ്ങി. മാളുചേച്ചി... ചേച്ചി  പറഞ്ഞത് ശരിയാ ഇയാൾക്ക് കുറച്ച് ദിവസമായി ഈ സൂക്കേട് തുടങ്ങിയിട്ട്  .ഈ തിരക്കിനിടയിൽ വീഴാതിരിക്കാൻ ഒന്ന് പിടിച്ചു നിൽക്കാനുള്ള ശ്രമത്തില് ആരോടും ഒരു പ്രശ്നം വേണ്ടാന്ന് കരുതിയിട്ടാ ഞങ്ങള് മിണ്ടാതിരുന്നത്.

ഒന്നും മിണ്ടാനാവാതെ പുകഞ്ഞുപോയ വലത്കവിളു തടവി തലതാഴ്ത്തി  അയാളങ്ങിനെ നിന്നു. ഈ സമയം കൊണ്ട് ചായക്കടയിൽ ഇരുന്നവരും ബസിനടുത്തേക്കെത്തി ...
രാഘവേട്ടൻ വന്ന പാടേ അയാളുടെ ചെകിടടച്ച് ഒരെണ്ണം കൂടി കൊടുത്ത് ഷർട്ടിൻെ കോളറിൽ പിടിച്ച് ആക്രോശിച്ചു.

''ഡാ സുകൂ മേലാൽ ഇമ്മാതിരി നാണം കെട്ട ഏർപ്പാടുമായി ഈ ബസില് കണ്ടു പോകരുത് അറിയാല്ലോ എന്നെ മറ്റാരേക്കാളും ??...''

രാഘവേട്ടൻ സലാംഇക്കയുടെ വലംകൈയാണ് തിന്മയെ തിന്മകൊണ്ടേ എതിർക്കാൻ കഴിയൂ എന്ന വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു വിപ്ലവകാരിയാണ് അയാൾ ...
വിറച്ച് ചൂളി സുകു താഴ്ന്ന സ്വരത്തിൽ പറഞ്ഞു  ഇനി ഇങ്ങനെ ഉണ്ടാവില്ല ചേട്ടാ... എന്നോട് ക്ഷമിക്കണം...

'ആ തൽക്കാലത്തേക്ക് നീ ഇപ്പ പോ''

രാഘവേട്ടൻ നേരെ തിരിഞ്ഞ് മാളുവിനോട് പുഞ്ചിരിച്ചുകൊണ്ട്  പറഞ്ഞു മോളേ നീ പൊക്കോ ഇനി ഇവനിങ്ങനെ ആരോടും പെരുമാറില്ല...
മാളു ബസിൽ കയറി രാഘവേട്ടൻ തന്നെ ഡബിൾബെല്ലടിച്ചു . വണ്ടി ഇടുങ്ങിയ വഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു...