*കാലങ്ങളിലൂടെ*
###########
ഭാഗം-6
########
ഭൂമിയെ മുഴുവൻ ഇരുൾ വിഴുങ്ങുകയാണ് പ്രതീക്ഷയുടെ ചവിട്ടുപടികൾ കയറി ആകാശമട്ടുപ്പാവിലേക്ക് തൻെ അംഗവസ്ത്രമൂരിയെറിഞ്ഞ് നിലാവ് കടന്നുവന്നു.
ചീവീടുകളുടെ കരച്ചിലിനും രാപ്പാടികളുടെ പാട്ടുകൾക്കുമിടയിലൂടെ സുകു നടന്നു .തുണിക്കടയിൽ നിന്നും ഓണത്തിന് ഡ്രസ് വാങ്ങിയപ്പോൾ കിട്ടിയ കവറിൽ അവൻ മുഷിഞ്ഞ കുപ്പായം പൊതിഞ്ഞ് കക്ഷത്തിലേക്ക് വച്ച് ഇറുക്കിപിടിച്ചു നടന്നു. നടക്കുമ്പോൾ കാലുകൾക്ക് ഭാരമില്ലാതായതായും താനൊരു തോണിയിൽ നദിയിലെ ഓളപ്പരപ്പുകളിലൂടെ ഒഴുകിനീങ്ങുന്നതായും അവന് അനുഭവപ്പെട്ടു. മദ്യത്തിൻെ രൂക്ഷഗന്ധം അവൻെ ഓരോശ്വാസത്തിലൂടെയും പരന്നിറങ്ങി.അകലെയേതോ കാലൻ കോഴി നീട്ടിക്കൂവി...
മടിക്കുത്തിൽ നിന്നും ഒരു ബീഡിയെടുത്ത് സുകു തീപിടിപ്പിക്കുവാൻ ശ്രമിച്ചു.
തെക്കുനിന്നും വീശിയ തണുത്തകാറ്റ് അവനെ അലോസരപ്പെടുത്തി .
''നാശം ഇത് കത്തുന്നില്ലല്ലോ''
തീപ്പെട്ടിക്കൊള്ളിയുടെ മരുന്നുള്ള ഭാഗം തേഞ്ഞുതീർന്ന് മരണത്തിൻെ വക്കിലെത്തി.അവൻ അത് വലിച്ചെറിഞ്ഞ് മറ്റൊരെണ്ണംകൂടി ഉരച്ചു അത് മെല്ലെ കത്തി.
ഒരു മൂളിപ്പാട്ട് മൂളിക്കൊണ്ട് അവൻ മുന്നോട്ടേക്ക് നടന്നു. മൺപാതയുടെ ഇരുവശത്തുമായി റബ്ബർമരങ്ങളാണ് അതിനപ്പുറത്തായി ഒരു ചെറിയ അരുവിയും പാതയുടെ ചിലഭാഗങ്ങളിൽ ഭൂമിയുടെ പ്രകൃതം മാറി താഴേക്ക് വലിയ ഗർത്തമാണ്. അവിടെ നിന്നു നോക്കിയാൽ അകലെ ടൗണിൻെ ചെറിയ ഭാഗങ്ങൾ മഞ്ഞ വെളിച്ചത്തിൽ മുങ്ങിക്കിടക്കുന്നത് കാണാം . ഹെയർപിൻ വളവിൻെ മറവിലെത്തിയപ്പോഴാണ് പെട്ടെന്ന് അതിതീഷ്ണമായ വെളിച്ചം അവൻെ കണ്ണുകളിലേക്ക് അടിച്ചുകയറിയത് .തീക്ഷണമായ പ്രകാശം അവൻെ കണ്ണുകളെ കബളിപ്പിച്ചപ്പോൾ അതിനെ പ്രതിരോധിക്കുവാൻ അവൻ ഇടതു കൈ കണ്ണിനു കുറുകെ മറച്ചു പിടിച്ചു. കക്ഷത്തിൽ പിടിച്ചിരുന്ന കവർ താഴേക്ക് വീണു.കണ്ണ് ചിമ്മിത്തുറക്കുവാനുള്ളസമയം അവന് ലഭിച്ചില്ല. അമിതവേഗതയിൽ ഇരമ്പിയെത്തിയ വണ്ടിയുടെ വശത്തിടിച്ച് അവൻ നിലത്തേക്കു തെറിച്ചു വീണു...
വണ്ടി അൽപം കൂടി മുൻപോട്ടു നീങ്ങി നിന്നു.പുറകേ മറ്റു രണ്ടു വാഹനം കൂടി അവിടേക്ക് ഇരമ്പിയെത്തി നിന്നു. പെട്ടെന്ന് ബ്രേക്ക് പിടിച്ചതിൻെ ആഘാതത്തിൽ വണ്ടികൾ മുൻപോട്ടും പിന്നിലേക്കും ആടിയുലഞ്ഞ് നിന്നു.
ആദ്യത്തെ വണ്ടിയുടെ ഇടതു വശത്തെ മുൻസീറ്റിൽ നിന്നും നാലടിയോളം പൊക്കം വരുന്ന ഒരുവൻ ചാടിയിറങ്ങി. പിന്നിലെ വണ്ടിയുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ അയാളുടെ കണ്ണുകൾതിളങ്ങി.
ചാരനിറത്തിലുള്ള ഒരു കോട്ടും കറുത്ത നിറത്തിലുള്ള പാൻും കാലിൽ കറുത്ത ബൂട്സും ധരിച്ചിരുന്നഅയാളുടെ മൂക്ക് അൽപം നീണ്ടതും ചുണ്ടുകൾ തടിച്ചവയും മുഖം ക്ലീൻഷേവ് ചെയ്തതും ആയിരുന്നു. അയാളുടെ നെറ്റിയിൽ ഒരു വലിയ മുറിവിൻെ അവശേഷിപ്പുകൾ കരുവാളിച്ചു കിടന്നു. അതിനെ മറക്കാനെന്നോണം ഒരു വൃത്താകൃതിയിൽ വശങ്ങളിലേക്ക് നീളമുള്ള കറുത്ത തൊപ്പിയിൽ സ്വർണ്ണ നിറത്തിൽ HC എന്ന് അക്ഷരങ്ങൾ തുന്നിപിടിപ്പിച്ചിരുന്നു.നിലാവിൻെ വെളിച്ചത്തിൽ ആ അക്ഷരങ്ങൾ തിളങ്ങി നിന്നു.
ചിറി അൽപം കോട്ടി പുച്ഛഭാവത്തിൽ അയാൾ വണ്ടിയിടിച്ച് തെറിച്ചുവീണ ആളുടെ അടുത്തേക്ക് നടന്നു. പുറകെ വന്ന വാഹനത്തിൽ നിന്നും രണ്ടു പേർ ഡോർ തുറന്ന് പുറത്തേക്കിറങ്ങി .അവർ കറുത്ത ടീഷർട്ടും അതിനു മുകളിലായി തോൾ വരെ മാത്രം കൈയുള്ള തരത്തിലുള്ള കട്ടിയുള്ള ജാക്കറ്റ് ധരിച്ചിരുന്നു. ഉറച്ച മാംസപേശികൾ ടീഷർട്ടിൻെ ഷേപ്പിനുള്ളിൽ തെളിഞ്ഞു നിന്നു .കണങ്കാലോളം നീളമുള്ള കറുത്ത ബൂട്ടുകളും അരയിൽ കെട്ടിയുറപ്പിച്ച നിലയിൽ ഷോട്ട് ഗണ്ണും ഇടതു കയ്യുടെ മീതെ ഉറപ്പിച്ച ഉറയിൽ ചെറിയ കത്തിയുടെ പിടി പുറത്തേക്ക് നീണ്ടു നിന്നു.കൈകളിൽ ഡ്രൈവിംഗ് ഗ്ലൗസുകളും അരയിലെ ബെൽറ്റിൽ വെള്ളിയിൽ തീർത്ത സിംഹത്തിൻെ തലയുടെ രീതിയിൽ ബക്കിളും അതിൻെ കണ്ണുകൾ ചുവന്ന കല്ലുകൾ കൊണ്ട് മനോഹരമായി ഡിസൈൻ ചെയ്തിരുന്നു.
ആ ചെറിയ വൃത്തികെട്ട കുള്ളൻ ആക്സിഡൻിൽപെട്ടയാളുടെമൂക്കിനുതാഴെ വിരൽ ചേർത്ത് ശ്വാസോച്ഛ്വാസത്തിൻെ നില അളന്നു.ശേഷം പിന്നിലേക്ക് തലതിരിച്ച് മറ്റ് രണ്ട് അനുചരൻമാരോടായി പറഞ്ഞു
'' ഇവൻ ചത്തിട്ടില്ല എടുത്ത് വണ്ടിയിലിട് ''
കുള്ളൻെ സംസാരം ശരിവെച്ച് അനുചരൻമാർ രണ്ടാളും ചേർന്ന് സുകുവിനെ താങ്ങിയെടുത്ത് ഏറ്റവും പിന്നിലായ് വന്ന വണ്ടിയുടെ ഡിക്കി തുറന്ന് അതിലേക്ക് കിടത്തി ...
കുള്ളൻ തിരിഞ്ഞ് നടന്നു ഡോർ തുറന്ന് വണ്ടിയിൽ കയറി ഇരിപ്പുറപ്പിച്ചു
''lets go ''
അയാൾ വണ്ടിയിൽ കയറി ഡ്രൈവറോട് ആജ്ഞാപിച്ചു ...
മൂന്നു വാഹനങ്ങളും വീണ്ടും നീങ്ങിത്തുടങ്ങി...
(തുടരും...)
*അഘോരി*
No comments:
Post a Comment