Sunday, February 17, 2019

കാലങ്ങളിലൂടെ ഭാഗം7

*കാലങ്ങളിലൂടെ*

ഭാഗം 7
############

സൂര്യൻെ  ആദ്യകിരണങ്ങൾ   ഓരോ മരശിഖരങ്ങളുടെ ഉച്ചിയിലും സ്വർണ്ണം പൂശിയതുപോലെ കാണപ്പെടുകയും നിമിഷങ്ങളുടെ വ്യതിയാനത്തിൽ അവ ഭൂമിയെ  തൊടുകയും ചെയ്തു . മഞ്ഞിൻെ നേർത്ത തുള്ളികൾ കൂടിച്ചേർന്നു മുത്തുമണികൾ പോലെ തിളങ്ങി .ഭാരം മൂലം പുൽത്തുമ്പ്  തലകുനിച്ച് അവയെ ഭൂമിയുടെ മാറിലേക്ക് ഇറക്കിവച്ചു.

ഉറക്കത്തിൻെയും ഉണർവ്വിൻെയും അതിർവരമ്പിലിരുന്നുകൊണ്ട് ഞാൻ രാത്രിയിൽ കണ്ട സ്വപ്നത്തെക്കുറിച്ചാലോചിച്ചു. വെള്ളത്തിലും കരയിലും ഒരേ പോലെ വസിക്കുവാൻ കഴിയുന്ന ഒരു കുതിര.അതിൻെ വാല് മീനുകളുടേത് പോലെയും കണ്ണുകൾ ഉരുണ്ടതും തിളക്കമേറിയതും മീനുകളുടേതുപോലെയുള്ള ശല്ക്കങ്ങൾ ആ കുതിരക്ക് ഉണ്ടായിരുന്നു . അത് കടൽതിരമാലകളുടെ മുകളിലൂടെ അതിവേഗതയിൽ ഓടിക്കൊണ്ടിരുന്നു   കുറച്ച് സമയത്തിനു ശേഷം അത് കൺമുന്നിൽ നിന്നും അപ്രത്യക്ഷമായി.
ഹാ എത്രയെത്ര സ്വപ്നങ്ങളാണ് നാമോരോരുത്തരും കാണുന്നത്. മൂരി നിവർത്തി മെല്ലെ എഴുന്നേറ്റു . കിടക്ക ഒന്നു ശരിയായി വിരിച്ചു. അടുക്കളപ്പുറത്തേക്ക് നടന്നു...

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ്  ഉമ്മറത്തിണ്ണയിലെ കസേരയിലിരുന്ന്  പൊക്കി കെട്ടിയ അരഭിത്തിയിലേക്ക് കാലും നീട്ടി വെച്ച്  ചൂടുചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്  കൊച്ചേട്ടൻ പത്രവുമായി വരുന്നത് ... വർഷങ്ങളായി ഈ പ്രദേശത്തെ വീടുകളിൽ പ്രത്രമിടുന്നത് കൊച്ചേട്ടനാണ് . പുലർച്ചെ  അഞ്ചരക്ക് വരുന്ന പത്രക്കെട്ടുകൾ അടുക്കി സൈക്കിളിൽ വച്ച ശേഷം അതിൽ നിന്നും ഒരു പത്രമെടുത്ത്  തെരുവുവിളക്കിൻെ മഞ്ഞപ്രകാശത്തിൻെ ചോട്ടിലിരുന്ന് വായിച്ചിട്ടേ കൊച്ചേട്ടൻ വീടുകയറാൻ തുടങ്ങൂ... അതൊരു ശീലമാണ്.

''കൊച്ചേട്ടാ എന്താ വാർത്തകള്??''
ഞാൻ ചോദിച്ചു .

''നീ ഒന്നും  അറിഞ്ഞില്യോ നമ്മുടെ സുകുവിനെ കാണാനില്ല.''

''ഏത് സുകു നമ്മുടെ ബസ്സിലെ ചേട്ടനോ''

ആ അവൻ തന്യാ ആ ഹെയർപിന്ന് വളവില് അവൻെ കുപ്പായവും ചെരിപ്പും ഒക്കെ കിടപ്പുണ്ട്.അവൻെ വീട്ടുകാര് ചെരിപ്പും കുപ്പായോം തിരിച്ചറിഞ്ഞ്. അവിടിപ്പോ  ആളും ബഹളോം പോലീസും ഒക്കെയാ.
ഞാനാ വഴിയല്യോ ഇങ്ങ് വന്നെ ...

കൊച്ചേട്ടൻ പത്രം എറിഞ്ഞ്  സൈക്കിൾ ചവിട്ടി മുന്നോട്ടു നീങ്ങി.

എൻെ മനസ്സിലപ്പോൾ സുകുവിൻെ മുഖമായിരുന്നു. അടികൊണ്ട കവിളും തിരുമ്മി  ബസ്സിലെ അത്രയും ആളുകളുടെ മുന്നിൽ നാണം കെട്ട് ഒന്നും മിണ്ടാൻ കഴിയാതെ നിന്ന അയാളുടെ മുഖം.
ചിന്തയിലേക്ക് മാളുവിൻെ മുഖം കടന്നുവന്നപ്പോൾ  ഒരു സംശയം എൻെ മനസ്സിലൂടെ കടന്നുപോയി ഇനി തേരകത്തുകാരെങ്ങാനും...

ചായ കുടിച്ചു തീർക്കാതെ മേശമേൽ വച്ച് മുറിയിൽ കയറി കണ്ണിലാദ്യമുടക്കിയ ഒരു ഷർട്ടുമിട്ട് അമ്മ കേൾക്കത്തക്ക വിധത്തിൽ വിളിച്ചു പറഞ്ഞു

'' അമ്മേ ഇപ്പോ വരാവേ ''

ധൃതിപ്പെട്ടിറങ്ങി പാടവരമ്പിലൂടെനടന്നു. ചെമ്മണ്ണുപാതയിലേക്കും ഹെയർപിൻ വളവിലേക്കും ചെല്ലുവാൻ കാൽനടയാത്രക്കാർക്ക് എളുപ്പം  ഈ പാടവരമ്പാണ്. ഇടതുവശത്തായി കള്ള് എന്ന ബോർഡ് അകലെ നിന്നേ വായിച്ചെടുക്കാം. ചെമ്മൺപാതയിലേക്ക് കയറിയപ്പോഴേ  ആളുകൾ ഉറുമ്പുകളുടെ കൂട്ടത്തെ പോലെ വരികയും പോവുകയും ചെയ്യുന്നത് കാണായി. ചിലർ സംഭവസ്ഥലത്ത് കൂടിനിന്ന്  വരുന്നവരോട് സംഭവങ്ങൾ വിശദീകരിച്ചു കൊടുക്കുന്നുമുണ്ട്. എന്നെ മറികടന്ന് എതിരേ പോയ രണ്ടുപേർ പരസ്പരം പറയുന്നുണ്ടായിരുന്നു .ഷാപ്പിൽ വച്ച് ഒരുമിച്ചിരുന്ന് കള്ളും കുടിച്ച് യാത്ര പറഞ്ഞ് പോയതാണത്രേ സുകു.

''ജഢം പോലും കണ്ടുകിട്ടാത്തതാണ് പ്രയാസം. എന്താ സംഭവിച്ചതെന്ന് ആർക്കറിയാം ഓരോ മനുഷ്യരുടെ വിധി അല്ലാണ്ടെന്ത്??''

പരസ്പരം പറഞ്ഞുകൊണ്ട് അവർ അകന്നു പോയി.

നാട്ടിലെ തന്നെ സകലമാന പുരുഷപ്രജകളും ഒന്നുരണ്ട് സ്ത്രീജനങ്ങളും സംഭവസ്ഥലത്ത്  നിന്ന് പലതും പറയുന്നുണ്ടായിരുന്നു. പോലീസ് ജീപ്പ് വളവിൻെ ഓരത്തായി ഒതുക്കിയിട്ടിട്ടുണ്ട്. ജീപ്പിൻെ ബോണറ്റിലേക്ക്  ചാരി നിന്ന് ഡ്രൈവർ ആർക്കോ ഫോൺ ചെയ്യുന്നുണ്ട്. ഞാൻ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി . റോഡിൽ ചോരതെറിച്ച് മണ്ണുമായി യോജിച്ച്  ഉണങ്ങിക്കിടപ്പുണ്ട്. കുറച്ചു മാറി  വീണുകിടന്നിരുന്ന,കവർ ആരോ വന്നെടുത്ത്  ഒരു വശത്തേക്ക് മാറ്റി വച്ചു . സുകുവിൻെ അമ്മ റോഡരികിൽ  കരഞ്ഞു തളർന്ന മുഖവുമായി ശൂന്യതയിലേക്കു നോക്കി വിലപിച്ചു . ''ൻെ മോനെന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങളവനോടിങ്ങനെ? ഇനി ഞങ്ങക്കാരാ ഉള്ളത് ?? നീയായിട്ട് തന്ന് നീയായിട്ട് തിരിച്ച് കൊണ്ടാകുവാണല്ലേ എനിക്കൊരു നോക്കു കാണാൻ പോലും  ബാക്കി വച്ചില്ലല്ലോ ൻെ കുഞ്ഞിനെ ''

മക്കൾ എത്ര വളർന്നാലും അവരുടെ  പ്രവൃത്തികൾ നല്ലതായാലും ചീത്തയായാലും ഏതൊരമ്മക്കും എക്കാലവും തൻെ മക്കൾ എക്കാലവും കുഞ്ഞുങ്ങൾ തന്നെയാണ് എന്ന സത്യം വീണ്ടും എനിക്കുമുന്നിൽ അനാവരണം ചെയ്യപ്പെട്ടു.

തലേ ദിവസത്തെ സംഭവങ്ങളെല്ലാം കൂട്ടി വായിച്ച ചിലർ സംശയം  പോലെ  രഹസ്യമായി തേരകത്തുകാരെക്കുറിച്ച് പറഞ്ഞു.
സ്വാഭാവികമായും ആ കൂട്ടർ തേരകത്തുകാരെ സംശയിച്ചു  അവിടത്തെ കുട്ടിയുടെ പേരിലാവാം ഇത് നടന്നിട്ടുണ്ടാവുക എന്നത് പലരുടെയും മനസ്സിലെ ഭയത്തെ ഒന്നു കൂടി ഊട്ടിയുറപ്പിച്ചു.

(തുടരും...)

*അഘോരി*

No comments:

Post a Comment