Friday, November 15, 2019

എലൈന്‍ ഒരുപോരാളിയുടെ കഥ ഭാഗം4

എലൈന്‍-ഒരു പോരാളിയുടെ കഥ
ഭാഗം4
#######################

എലൈന്‍ അതിവേഗം പ്രധാന കവാടത്തിലേക്ക് കുതിച്ചു. അവളെ അനുഗമിച്ച് ഞങ്ങളും. നാലു പേര്‍ അറ്റം വളഞ്ഞ കയര്‍ കെട്ടിയ കൊളുത്ത് കോട്ടമതിലിന് മുകളിലേക്കെറിഞ്ഞു. കയറില്‍ പിടിച്ച് ഞാനും ഏഴ് സുഹൃത്തുക്കളും  മതിലിന് മീതേ ചാടിക്കയറി ...
ബാക്കിയുള്ളവര്‍ കോട്ടയുടെ ഓരോ ഭാഗങ്ങളിലായി മറഞ്ഞു നിന്നു. പുറത്തു നിന്നും ഒരു പ്രത്യാക്രമണമുണ്ടായാല്‍ ചെറുക്കുന്നതിനുവേണ്ടിയായിരുന്നു അത്.

എലൈന്‍ പ്രധാനവാതിലിനോട് ചേര്‍ന്ന് മറഞ്ഞ് നിന്നു . അവിടെ കണ്ട കാഴ്ച ഏവരെയും ഞെട്ടിച്ചു. നഗ്നനായി  ജയിലറയില്‍ ഒരുവന്‍ കിടക്കുന്നു. അവന്റെ കൈകള്‍ രണ്ടും ഒരു  ചതുരപെട്ടിക്കുള്ളിലേക്കിട്ട് ആണിയടിച്ച് വയ്ച്ചിരിക്കുന്നു. പെട്ടിക്കുപിറകിലുള്ള  വലിച്ച് പൊക്കാവുന്ന ദ്വാരത്തിലൂടെ നാശം പിടിച്ച മൂന്ന് നാല് എലികളെ കയറ്റി വിടുകയാണ് ഒരുവന്‍ . എലികള്‍ പതിയെ ഹതഭാഗ്യനായ ആ മനുഷ്യന്റെ  കൈകള്‍ കരളുന്നു. അയാള്‍ നിസ്സഹായനാണ് . അയാളുടെ നിലവിളി കോട്ടക്കുള്ളില്‍ തങ്ങി നിന്നു. അവിടെ എട്ട് പേരോളം ഉണ്ടായിരുന്നു. അവരുടെ ഒത്ത നടുക്കൊരു പീഠത്തില്‍ കോര്‍മിംഗ് ഇരിക്കുന്നു. അയാളുടെ കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങി നിന്നു. ഞങ്ങള്‍ തോളില്‍ നിന്നും വില്ലെടുത്ത് ഓരോരുത്തരെയും  ലക്ഷ്യമാക്കി ഒരേ സമയം ശരം എയ്തു. ലക്ഷ്യം തെറ്റിയില്ല. എല്ലാ തെണ്ടിപ്പരിഷകളും  നിലം പതിച്ചു. കോര്‍മിംഗിനെ ജീവനോടെ വേണമെന്നത് എലൈന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. അവള്‍ അതേ നിമിഷം കൊടുങ്കാറ്റുപോലെ കോര്‍മിംഗിന്റെ മുന്നിലെത്തി. അവളെ അനുഗമിച്ച് രണ്ട് പെണ്‍പോരാളികളും ...

''അഹോ എന്തൊരു ധൈര്യം. ബര്‍ണാഡ്  പറഞ്ഞു ''

കോര്‍മിംഗ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയിരുന്നു. അയാള്‍ അവളുടെ മുന്നില്‍ നിന്ന് വിറച്ചു. മരണം മുന്നില്‍ക്കണ്ടവന്റെ ദൈന്യത അയാളുടെ മുഖത്ത് തെളിഞ്ഞു.
അതുകണ്ട് എലൈന്‍ പൊട്ടിച്ചിരിച്ചു.

അവളുടെ കണ്ണുകള്‍ വജ്രം പോലെ തിളങ്ങി. ദേഷ്യവും പകയും മൂലം അവളുടെ ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു.

അപ്പോഴേക്കും മതിലിനുമുകളിലൂടെ ഞങ്ങളും കോര്‍മിംഗിനടുത്തേക്ക് എത്തി.

ഭയന്നു പോയ കോര്‍മിംഗിന്റെ നെഞ്ചില്‍ എലൈന്‍ ആഞ്ഞു ചവിട്ടി. വേദനകൊണ്ട് അയാള്‍ പുറകോട്ട് മറിഞ്ഞു വീണു. ഭയം അയാളുടെ ഓരോ ഞരമ്പുകളെയും തളര്‍ത്തുകയായിരുന്നു. തുറിച്ച കണ്ണുകളോടെ അയാള്‍ പറഞ്ഞു

''അരുത് എന്നെ കൊല്ലരുത്. എനിക്ക് മാപ്പ് നല്‍കൂ . ഞാനിവിടം വിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളാം ''

അയാളുടെ ക്ഷമായാചന ഫലമില്ലാത്ത ഒരു പ്രസ്താവന മാത്രമായിരുന്നു.

എലികള്‍ കരണ്ട് വേദനയോടെ പുളഞ്ഞ പാവം മനുഷ്യനരികിലേക്ക് ഞാന്‍ ഓടിയെത്തി അയാളുടെ  കൈകള്‍ ബന്ധിച്ച പെട്ടി ഞാന്‍ തല്ലിപ്പൊളിച്ചു. ആ മനുഷ്യന്‍ തെല്ലാരാശ്വാസത്തോടെയും വേദനയോടെയും തന്റെ കൈകള്‍ വലിച്ചൂരിയെടുത്തു. എലൈന്റെ സന്തതസഹചാരിയും സുഹൃത്തുമായ  ഹെലന്‍ അയാളുടെ മുറിവ് വച്ചു കെട്ടി.

കൈകള്‍ കൂപ്പി അയാള്‍ പറഞ്ഞു.

''നിങ്ങളെ ദൈവം രക്ഷിക്കട്ടെ. നിങ്ങള്‍ ഇവിടെത്തിയില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ മരിച്ചിട്ടുണ്ടാകുമായിരുന്നു. ആ ദ്രോഹി എന്നെ ഏത് വിധേനയും കൊല്ലുമായിരുന്നു. എന്റെ കുട്ടികള്‍ അനാഥരായി തെരുവില്‍ അലയേണ്ടി വരുമായിരുന്നു. നിങ്ങള്‍ക്ക് നന്ദി ''

അയാളുടെ തൊണ്ട ഇടറി

എലൈന്‍ കോര്‍മിംഗിനരികിലേക്ക്  നടന്നു. തന്റെ മരണം മുന്നില്‍ കണ്ട  ക്രൂരനായ കോര്‍മിംഗ് എലൈന്റെ മുന്നോട്ടുള്ള ഓരോ ചുവടിലും ഭയന്ന് കൈകള്‍ പിന്നിലേക്കൂന്നി മണ്ണിലൂടെ  ഇഴഞ്ഞു.

ഇക്കാറസ് ...

ഈ പിശാചിനെ  മണ്ഡപത്തിലെ കൊളുത്തില്‍ ബന്ധിക്കൂ. ഇവന്‍  വേദന തിന്ന് വേണം മരിക്കാന്‍ . ഇവന്‍  കൊന്നുകളഞ്ഞ  നൂറ്നൂറാളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി നമുക്കിത് ചെയ്തേ മതിയാവൂ...

അവള്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു. മേല്‍ക്കൂരയില്ലാത്ത നാല് തൂണുകളോട് കൂടിയ മണ്ഡപത്തിലെ കൊളുത്തുകളില്‍ കാലുകളിലും കൈകളിലും ചങ്ങലയിട്ട് ഞാനാ തെണ്ടിയെ ബന്ധിച്ചു. സംഘാംഗങ്ങളിലൊരുവന്‍ അപ്പോഴേക്കും ഒരു കൂടവുമായി അവിടേക്കെത്തി.
എലൈന്‍ അത് പിടിച്ച് വാങ്ങി  മണ്ഡപത്തിലേക്ക് നടന്നു. ചെന്നായ്ക്കളുടെ ഓരിയിടലുകളാല്‍ അവിടമാകെ ഭീതിയുടെ പ്രഭാവം ഉണര്‍ന്നു.
എലൈന്‍ കൂടം  അന്തരീക്ഷത്തിലേക്കുയര്‍ത്തി കോര്‍മിംഗിന്റെ കൈവിരലുകളില്‍ ആഞ്ഞടിച്ചു. അസ്ഥികള്‍ നുറുങ്ങുന്ന വേദനയില്‍ അയാള്‍ അലറി വിളിച്ചു. എലൈന്‍ അതേ സമയം തന്നെ അയാളുടെ കാല്‍മുട്ടുകളിലേക്കും കൂടമുയര്‍ത്തി പ്രഹരിച്ചു. ഒന്ന് ശബ്ദമുയര്‍ത്തി കരയാന്‍ പോലുമാവാതെ കോര്‍മിംഗ്  മണ്ഡപത്തില്‍ കിടന്നു. അയാളുടെ ദേഹത്തു നിന്നും രക്തം വാര്‍ന്നുകൊണ്ടിരുന്നു.

അയാളുടെ ആ കിടപ്പ് കണ്ട്  എലൈന്‍ പൊട്ടിച്ചിരിച്ചു.

''എന്നെപോലെ ഒരുപാട് പെണ്‍കുട്ടികളെ നീയും നിന്റെ ചങ്ങാതിമാരും ഉപദ്രവിച്ചു കാട്ടിലെറിഞ്ഞു. ഒരുപാട് പേരുടെ വേദന നീ ആസ്വദിച്ചു ഇന്ന് നീ  മരണത്തിന് കീഴടങ്ങാന്‍ പോവുകയാണ് കോര്‍മിംഗ് ... വേദനിച്ച് വേദനിച്ച് നീ ഇവിടെ അവസാനിക്കും  ...
ഈ രാത്രി ജനങ്ങള്‍ക്ക് ആഘോഷത്തിന്റെ രാത്രി ആയിരിക്കും. നിന്റെയീ കോട്ട പൊളിച്ച് നീക്കും. നിന്റെ യുഗം ഇന്നിവിടെ അവസാനിക്കും ....

തുടരും

☆അഘോരി★

Thursday, November 14, 2019

എലൈന്‍ ഒരു പോരാളിയുടെ കഥ ഭാഗം 3

എലൈന്‍-ഒരു പോരാളിയുടെ കഥ
ഭാഗം 3
#######################

''ഇത് ഒരു ചരിത്രത്തിന്റെ പ്രതീകമാണ് ബര്‍ണാഡ്... വൈമാനികനായ നിങ്ങള്‍ യാത്രയിലൊരിക്കലും ഇനി കേള്‍ക്കാനോ കാണാനോ ഇടയില്ലാത്ത ഒരു നഗരത്തിന്റെ അവശേഷിപ്പുകളാണിത്.
നിങ്ങളാ   കൂറ്റല്‍ പാറകളാല്‍ തീര്‍ത്ത മേല്‍ക്കൂരയില്ലാത്ത നാല് തൂണുകളോട് കൂടിയ മണ്ഡപം കണ്ടോ ? അതില്‍ ബന്ധിതമായിക്കിടക്കുന്നത്  കോര്‍മിംഗ് രാജാവിന്റെ  അസ്ഥികൂടമാണ് ... എല്ലാവരെയും അടിമകളാക്കി അവരെ ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരുവനായിരുന്നു കോര്‍മിംഗ് . എന്തിനേറെ പറയുന്നു. നഗരമധ്യത്തില്‍ ഒരു സ്ത്രീയെ നഗയാക്കി തലകീഴായി ഒരു മരക്കുരിശില്‍ ബന്ധിച്ച് അവളുടെ തൊലി ജീവനോടെ നീക്കം ചെയ്യുവാന്‍ ആജ്ഞാപിച്ച ഒരുവനാണയാള്‍ ... ആ സ്ത്രീയുടെ  ജീവന് വേണ്ടിയുള്ള ആര്‍ത്ത നാദത്തില്‍ അയാള്‍ക്ക് വളരെയധികം ആനന്ദം അനുഭവപ്പെടുകയുണ്ടായി. ജനജീവിതം ദുസ്സഹമായി. അടിമക്കച്ചവടവും ബാലവേലയും നഗരത്തില്‍ കൂടുതലായി. ചെറിയ കുട്ടികളെ പോലും അയാള്‍ വെറുതെ വിട്ടില്ല എന്നതാണ് സത്യം. തന്റെ സിംഹാസനത്തിനോട് ചേര്‍ന്ന് നിലത്ത് ഇരുമ്പിന്റെ ഒരു കൊളുത്ത് ഉറപ്പിച്ചിരുന്നു. ഓരോ ദിവസവും ഏതെങ്കിലും കുട്ടികള്‍ ആ കൊളുത്തില്‍ വലിയ ഭാരമുള്ള ഇരുമ്പു ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരുന്നു. ആ പിഞ്ചുകുട്ടികളെ അയാള്‍ തന്റെ പാദം വയ്ക്കുവാനുള്ള പീഠമായാണ് കണ്ടുപോന്നത്. കളിക്കണ്ട പ്രായത്തിലുള്ള കുട്ടികള്‍ അയാളുടെ പാദസേവ ചെയ്യാതെ മറ്റേതെങ്കിലും മനോലോകത്ത്  മുഴുകിയാല്‍ തന്റെ ഇരിപ്പിടത്തോട് ചേര്‍ത്ത് വയ്ച്ചിരുന്ന ചാട്ടവാര്‍ കൊണ്ട് കുട്ടികളെ ഉപദ്രവിക്കുന്നതും അയാളുടെ ഒരു ക്രൂര വിനോദമായിരുന്നു.

തലമുണ്ഡനം ചെയ്ത് വലിയ കണ്ണുകളും ചെറിയ  പുരികവും കൂര്‍ത്ത ചെവികളും നീണ്ട മൂക്കും ഉള്ള കോര്‍മിംഗിനെ കാഴ്ചയില്‍ത്തന്നെ ജനങ്ങള്‍ ഭയന്നു....
കുറേയധികം ആളുകള്‍ നഗരത്തില്‍ നിന്നും പലായനം ചെയ്തു മറ്റുള്ളവര്‍ പോകാനൊരിടമില്ലാതെ കോര്‍മിംഗിന്റെ ഭരണത്തില്‍ കീഴില്‍ അസ്വസ്ഥരായി കഴിഞ്ഞു.
കുറ്റവാളികളെക്കൊണ്ട് അവിടം നിറഞ്ഞു. രാത്രിയില്‍ പല ഇടങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി ലൈംഗികപീഠനങ്ങള്‍ക്ക് വിധേയയാക്കി മൃതപ്രായരായ അവരെ  കാട്ടിനുള്ളില്‍  തള്ളുന്ന ഒരു സംഘവും അവിടെ നിലയുറപ്പിച്ചു . കോര്‍മിംഗിന്റെ സുഹൃത്തുക്കളായതിനാല്‍ മറുത്ത് പറയാനോ ആ സംഘത്തെ എതിര്‍ക്കാനോ പാവം ജനങ്ങള്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു രാത്രിയിലാണ്  എന്റെ പിതാവ് കാട്ടിലുപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്... കാട്ടുമൃഗങ്ങള്‍ അവളെ ഭക്ഷണമാക്കും മുന്‍പ് എന്റെ പിതാവ് അവളെയുമെടുത്ത് ഞങ്ങളുടെ കൂടാരത്തിലെത്തി്.ഞങ്ങളുടെ താവളത്തില്‍ അവള്‍ സുരക്ഷിതയായി വളര്‍ന്നു. അവളുടെ മനസ് നിറച്ചും കോര്‍മിംഗിനോടും കൂട്ടാളികളോടുമുള്ള പക നിറഞ്ഞു നിന്നു. പിതാവിന്റെ ശിക്ഷണത്തില്‍ അവള്‍ ആയുധങ്ങള്‍ പരിശീലിച്ചു.കുതിരയെ പായിക്കുവാന്‍ അവള്‍ പഠിച്ചു. എന്റെ അമ്മ അവളെ സ്വന്തം മകളെപ്പോലെ ലാളിച്ചു. ഞങ്ങളുടെ ഗോത്രത്തിലെ എല്ലാവരും തിന്മകള്‍ക്കെതിരെ പോരാടിയിരുന്നവരായിരുന്നു. രാത്രിയിലാവും കൂടുതലായും ഞങ്ങള്‍ സഞ്ചരിക്കാറ് അതിനാല്‍ തന്നെ കറുത്ത വസ്ത്രങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു.

അവളുടെ ഗ്രാമത്തില്‍ നിന്നുമുള്ള ഓരോ അഭയാര്‍ഥികളെയും അവളാണ് ഞങ്ങളുടെ കൂട്ടത്തിലേക്ക് കൂട്ടിയത്.
ഓരോ പെണ്‍കുട്ടികളെയും അവള്‍ ആയുധാഭ്യാസം പഠിപ്പിച്ചു. അവളെ ഞങ്ങള്‍ എലൈന്‍  എന്ന് വിളിച്ചു. ഇന്നീ കാണുന്ന ശ്മശാനഭൂമിയിലെ അവസാന ജഢം കോര്‍മിംഗിന്റേതായത് അവളുടെ ധീരത മൂലമാണ് . എലൈന്‍ അതീവസുന്ദരി ആയിരുന്നു വിസ്താരമേറിയ നെറ്റിത്തടങ്ങളും തമ്മില്‍ യോജിച്ച ചെറിയ പുരികവും കറുത്ത കണ്ണുകളും കുറിയ മൂക്കും  ചുണ്ടിന് താഴെയുള്ള ചെറിയ മറുകും  നീണ്ട കറുത്ത മുടിയിഴകള്‍ അവള്‍ തലയ്ക്കുമീതേയ്ക്ക് ചുറ്റികെട്ടി വച്ചിരുന്നു.

ബര്‍ണാഡ് നിങ്ങള്‍ക്കവളുടെ ജ്വലിക്കുന്ന കണ്ണുകളെ വെറുതെ മനസില്‍ ഓര്‍ക്കുവാന്‍ സാധിക്കുന്നുണ്ടോ?''

ബര്‍ണാഡ് ക്രൂരനായ കോര്‍മിംഗിനെയും പോരോളിയായ എലൈനെയും ആലോചിച്ചിരിക്കുകയായിരുന്നു.

''ഇക്കാറസ്...

ഇപ്പോള്‍ എലൈന്‍ എവിടെയാണുള്ളത്? അവരിന്ന് ജീവനോടെ ഉണ്ടോ?''

''എലൈന്‍ ജീവിച്ചിരിക്കുന്നു ബര്‍ണാഡ് ഈ വനത്തിന്റെ ഉത്തരഭാഗത്ത് അവള്‍ അവളുടെ ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളോടൊപ്പം തമ്പടിച്ചിട്ടുണ്ട്. ഇന്ന് രാത്രിയില്‍ നിനക്ക് അവളെ കാണാന്‍ സാധിക്കും ''

ബര്‍ണാഡ് പുഞ്ചിരിച്ചു.

''അവരെ ഒന്ന് കാണണം ഇക്കാറസ് അവരെന്തൊരു സ്ത്രീയാണ്? ഇന്നത്തെ കാലത്ത് സ്ത്രീകളെ തളച്ചിടപ്പെടണ്ടവരാണെന്ന് പറയുന്ന സമൂഹത്തില്‍ അവരൊരു വീര വനിതയാണ് തളര്‍ന്നു പോയ ഏതൊരുവള്‍ക്കും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പ്രചോദനം ആണവര്‍ എന്ന് തോന്നുന്നു. ബാക്കി കൂടി പറയൂ ഇക്കാറസ് എങ്ങനെയാണ്  കോര്‍മിംഗ് മരിച്ചത്?''

''നിങ്ങള്‍ക്ക് നല്ല ആകാംഷ തോന്നുന്നുണ്ടല്ലേ സുഹൃത്തേ ? ഞാന്‍ പറയാം ...

അവള്‍ക്കന്ന് 16വയസ് തികഞ്ഞിരുന്നു. എന്റെ പിതാവിന്റെയും മാതാവിന്റെയും ആശിര്‍വ്വാദം സ്വീകരിച്ച് അവളും ഒരു ചെറുസംഘം പോരാളികളും  യാത്ര പുറപ്പെട്ടു.ഞാനും അവളോടൊപ്പം യാത്ര ചെയ്തിരുന്നു. അതിവേ!ഗത്തിലാണവള്‍ കുതിരയെ പായിച്ചത് . അവളോടൊപ്പമെത്താന്‍ എല്ലാവര്‍ക്കും കുതിരയുടെ വേഗം കൂട്ടേണ്ടതായ് വന്നു.
രാത്രിയിലാണ് ഞങ്ങളിവിടെ എത്തിയത് . കുതിരകളെ അല്‍പദൂരം മാറ്റി നിര്‍ത്തി മരങ്ങള്‍ക്ക് മറഞ്ഞ് ഞങ്ങള്‍ ദാ ആ കാണുന്ന കവാടത്തിനരികിലെത്തി. കോര്‍മിംഗ് നേരത്തെ തന്നെ ഇവിടേക്കെത്തി അയാളുടെ ക്രൂരവിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ആഴ്ചയിലൊരിക്കല്‍ ഇവിടെ വന്ന് ഏതെങ്കിലും ഹതഭാഗ്യനെ ക്രൂരമായി മരിക്കാന്‍ വിടുന്നത് അയാളുടെ പതിവായിരുന്നുവല്ലോ...

നിശബ്ദമായിരുന്നു ഇവിടം . കോട്ടക്കു മുന്നില്‍ രണ്ട് കാവല്‍ക്കാര്‍ നിന്നിരുന്നു. നിലാവ് ഉദിച്ചു നിന്നിരുന്നു. ഭീകരമായ നിശബ്ദതക്കുമേല്‍  വേദനയാല്‍ പുളഞ്ഞുള്ള ഏതോ ഒരുവന്റെ  അലര്‍ച്ച ഞങ്ങളെപ്പോലും ഞെട്ടിച്ചുകളഞ്ഞു. എലൈന്‍ തോളില്‍ നിന്നും വില്ലെടുത്ത് ഞാണിന്‍മേല്‍ ഒരു അസ്ത്രം ചേര്‍ത്തു വച്ച് പിറകിലേക്ക് വലിച്ചു . ഒരു മൂളലോടെ കാറ്റിനെതുളച്ച് ആ അസ്ത്രം കാവല്‍ക്കാരിലൊരുവന്റെ കണ്ണില്‍ തറച്ചു.അയാള്‍ ഒന്ന് ഞരങ്ങാന്‍ പോലും കഴിയാതെ നിലംപതിച്ചു. രണ്ടാമനും അവളുടെ അസ്ത്രത്തില്‍ നിന്നും രക്ഷപ്പെടാനായില്ല.

            തുടരും...

   ☆അഘോരി★

Wednesday, November 13, 2019

എലൈന്‍ ഒരു പോരാളിയുടെ കഥ -2

എലൈന്‍ -ഒരു പോരാളിയുടെ കഥ
ഭാഗം-2
###################

ബര്‍ണാഡ് വാതില്‍ തുറന്ന് വെളിയിലേക്കിറങ്ങി. സൂര്യന്‍ തന്റെ അവസാന തരി പ്രകാശവും ഭൂമിയിലേക്ക് ചൊരിഞ്ഞുകൊണ്ടിരുന്നു.ആകാശം  ഏതോ വലിയമുറിവിലൂടെ രക്തം ഒഴുകിയിറങ്ങുന്നതുപോലെ ചുവപ്പ് കലര്‍ന്ന നിറത്തില്‍ കാണപ്പെട്ടു .അതേ സമയം തന്നെ ചന്ദ്രബിംബം ആകാശത്ത് പ്രത്യക്ഷമാകാന്‍ തുടങ്ങിയിരുന്നു. വീടിനോട് ചേര്‍ന്ന് ഒരു പൂന്തോട്ടവും  അതിന്റെ ഭംഗി ആസ്വദിക്കുന്നതിനായി മുളകള്‍ ചേര്‍ത്ത് കെട്ടിയ ഒരു ഇരിപ്പിടവും അതിനുമുന്‍പില്‍ ഒരു വലിയ മരക്കുറ്റിയും ഉണ്ടായിരുന്നു. ഒരുകൂട്ടം മാനുകള്‍ അതിന്റെ പരിസരത്തിലൂടെ അലഞ്ഞു നടന്നിരുന്നു. കിളികളുടെ നാദം ആ വൈകുന്നേരത്തിന്റെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി അയാള്‍ക്ക് തോന്നി.

ഇക്കാറസ് തന്റെ നീളന്‍ കറുത്ത കുപ്പായവും ബൂട്സും കയ്യുറയും അരയിലൊരു വാളും ധരിച്ച് തല അല്‍പം കുമ്പിട്ട്  ആ ചെറിയ  വാതിലിലൂടെ പുറത്തേക്ക് നടന്നുവന്നു. അയാളുടെ കണ്ണുകള്‍ക്ക് ചാരനിറമായിരുന്നു. മുഖം അപ്പോഴും അയാള്‍ കറുത്ത തുണിയാല്‍ മറച്ചിരുന്നു.
അയാള്‍ മൂന്ന് തവണ ചൂളം വിളിച്ചപ്പോള്‍ കറുത്ത നിറവും നെറ്റിയില്‍ വെളുത്ത നിറവുമുള്ള ഒരു കുതിര എങ്ങുനിന്നോ പാഞ്ഞുവന്നു. ഇക്കാറസ് അതിന്റെ താടയിലും ദേഹത്തും തലോടിക്കൊണ്ടിരുന്നു.പിന്നീട് അയാള്‍ അതിനുമുകളിലേക്ക് ശരവേഗത്തില്‍ ചാടിക്കയറി.

''ബര്‍ണാഡ് വരൂ നമുക്കൊരല്‍പനേരം ഇവിടമൊക്കെ ചുറ്റിക്കറങ്ങാം ''ഇക്കാറസ് പറഞ്ഞു.

ബര്‍ണാഡ് അയാളുടെ വാക്കുകള്‍ക്ക് കാത്തിരുന്നതുപോലെ കുതിരപ്പുറത്തേക്ക് ചാടിക്കയറി.

''ഏയ് ബര്‍ണാഡ് ഇവന്റെ പേര് യൂജിന്‍ എന്നാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്.കുറേ നാളുകളായി ഇവന്‍ എന്നോടൊപ്പമുണ്ട്.''

'ഉം '
ബര്‍ണാഡ് ഒന്ന് മൂളി .

കുതിരയെ തെളിക്കുന്നതില്‍ ഇക്കാറസ് പ്രഗത്ഭന്‍ ആയിരുന്നു. അയാള്‍  പോകുന്ന വഴികളിലെ കാഴ്ചകള്‍ കാണുവാനായി കുതിരയുടെ വേഗം ചില ഇടങ്ങളില്‍ കുറച്ചുകൊണ്ടിരുന്നു. ഏതോ മൃഗങ്ങള്‍  കടിച്ചുവലിച്ച  ഒരു കാട്ടുപോത്തിന്റെ ജഢം കാനനപാതകളിലൊന്നിന്റെ ഓരത്തായ് അവര്‍ കണ്ടു ജീര്‍ണ്ണാവസ്ഥയിലേക്ക് എത്തിയ ആ ശരീരത്തിന്റെ ദുര്‍ഗന്ധം അവിടമാകെ പരന്നു കിടന്നു.

''ഇക്കാറസ്..
നിങ്ങള്‍ ഈ വനപ്രദേശത്ത് ഒറ്റക്കാണോ താമസം ?ബര്‍ണാഡ് ഇക്കാറസിനോട് ചോദിച്ചു.

''അല്ല സുഹൃത്തേ ..
ഇവിടം എന്റെ ഒരു ഇടത്താവളം മാത്രമാണ്. ഇന്ന് രാത്രി ഞാനിവിടം വിടും. നിങ്ങള്‍ക്ക് എത്ര ദിവസം വേണമെങ്കിലും ആ വീട്ടില്‍ കഴിയാം. നാട്ടിലേക്ക് നിങ്ങള്‍ക്ക് തിരിച്ച് പോകാനായി ഞാനൊരു കുതിരയെ ഏര്‍പ്പാടാക്കി തരാം. ''

''ഇന്ന് യാത്രതിരിക്കുമോ ?എങ്ങോട്ടാണ് യാത്ര ?''

''ബര്‍ണാഡ് ഞാനൊരു സഞ്ചാരിയാണ് ചില ഇടങ്ങളില്‍ ചിലപ്പോള്‍ തങ്ങും. രഹസ്യസ്വഭാവമുണ്ട് എന്റെ യാത്രകള്‍ക്ക് .അതിനാല്‍ തന്നെ വേറാരെയും കൂടെ കൂട്ടാന്‍ നിര്‍വ്വാഹമില്ല.''

''പക്ഷേ നിങ്ങളുടെ ആയുധങ്ങള്‍ നിങ്ങളൊരു പോരാളി ആണെന്ന് വിളിച്ചുപറയുന്നുണ്ടല്ലോ ''

ഹഹ.. ഇക്കാറസ് പൊട്ടിച്ചിരിച്ചു.

''നീ അത് കണ്ടുപിടിച്ചു അല്ലേ?''

കുതിര നിര്‍ത്താതെ പാഞ്ഞുകൊണ്ടിരുന്നു. കാറ്റില്‍   ഇക്കാറസിന്റെ സ്വര്‍ണ്ണനിറമുള്ള മുടിയിഴകള്‍ പാറിപ്പറന്നു.

പോകുന്ന വഴിയില്‍ അയാള്‍ ഇടിഞ്ഞുപൊളിഞ്ഞ അനാഥമായ വലിയ മതിലുകളോടുകൂടിയ ഒരു കോട്ടക്ക് മുന്നില്‍  കുതിരയെ നിര്‍ത്തി.

വള്ളിപ്പടര്‍പ്പുകളും പായലും കോട്ടമതിലിലൂടെ പടര്‍ന്നുകിടന്നു.

''ഇറങ്ങൂ ബര്‍ണാഡ് ഇന്നിവിടമാണ് നമ്മള്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്''

കുറച്ചധികം നീളമുള്ള ഇടിഞ്ഞു പൊളിഞ്ഞ  വലിയ മതില്‍ ,അതിന്റെ പ്രധാന കവാടത്തിനിരുവശവും ചങ്ങലകളില്‍ ബന്ധിതനാക്കപ്പെട്ട   മനുഷ്യന്റെ  നെഞ്ചിലേക്ക് വാള്‍ ആഴ്ത്തിയിറക്കുന്ന മനുഷ്യന്റെ ശരീരവും ചെന്നായയുടെ തലയുമുള്ള ഭീകരസത്വത്തിന്റെ രൂപം കൊത്തിയിരുന്നു. അതിനു താഴെയായി ഡിമിയാന്‍ എന്നെഴുതിയിരുന്നു.
ഇക്കാറസിനെ അനുഗമിച്ച് ബര്‍ണാഡ് പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടന്നു.

ആ കാഴ്ച ബര്‍ണാഡിന്റെ തലഞരമ്പുകളെ പെരുപ്പിച്ചു...

ഒരു മൈതാനത്തോളം വലിപ്പമുണ്ടായിരുന്നു ആ കോട്ടക്ക് ... അതിനുള്ളില്‍  ചെറിയ ചെറിയ അറകള്‍, അറ വാതിലുകള്‍ താഴിട്ട് പൂട്ടപ്പെട്ടിരുന്നു.ജയില്‍ പോലെ തോന്നിക്കുന്ന അതിനുള്ളില്‍ പല ഇടങ്ങളിലായി അസ്ഥികൂടങ്ങളും തലയോട്ടികളും കൂട്ടി ഇട്ടിരിക്കുന്നു.  മൈതാനത്തിന്റെ ഒത്ത നടുക്ക് ഒരു കഴുമരം സ്ഥാപിച്ചിരുന്നു. കൊലക്കയര്‍ അനാഥപ്രേതം പോലെ തൂങ്ങിയാടുന്നു. കഴുമരത്തിനോട് ചേര്‍ന്ന് ഭൂമിയില്‍ കുറേയധികം കൊളുത്തുകള്‍ അടിച്ചുറപ്പിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട്  ചങ്ങലകള്‍ തുരുമ്പെടുത്തു മണ്ണില്‍ കിടന്നു.

''ഇതൊരു ജയിലും ശ്മശാനവും ഒക്കെയാണ് ബര്‍ണാഡ്. ഒരു നാടിനെ നാശമാക്കിയ,അവിടുത്തെ ജനങ്ങളെ ഒന്നൊന്നായ് കൊന്നൊടുക്കിയ ക്രൂരതയുടെ ഒരു മുഖമാണ് നിങ്ങളീ കാണുന്നത്''

കോര്‍മിംഗ് എന്ന ക്രൂരനായ രാജാവാണ് കാട്ടില്‍ ഈ പീഢനമുറി പണിതത് .

''ഹൊ എത്ര ക്രൂരവും പൈശാചികവുമാണ് ഇക്കാറസ് ഇവിടം ? എന്തിനാണ് നിങ്ങളെന്നെ ഇവിടേക്ക് കൊണ്ടുവന്നത്?''

   തുടരും...

☆അഘോരി★

Tuesday, November 12, 2019

എലൈന്‍ ഒരു പോരാളിയുടെ കഥ 1

എലൈന്‍-ഒരു പോരാളിയുടെ കഥ
ഭാഗം 1
######################
അയാളുടെ ശരീരം ഒന്ന് വിറച്ചു.എത്ര നേരമായി താനീ കിടപ്പു കിടക്കുന്നു എന്നയാള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. നിലാവ് അതിന്റെ നഗ്നമേനിയെ കാര്‍മേഖത്തിന്റെ തുണ്ടുകൊണ്ട് മറച്ചു പിടിച്ചു. അയാളൊന്ന് ഞരങ്ങി.ശേഷം എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചു.കൈമുട്ടുകളിലൂന്നി അയാള്‍ മെല്ലെ എഴുന്നേറ്റു നിന്നു. ശരീരത്തില്‍ അവിടിവിടെയായി വേദനിക്കുന്നുണ്ട്.ഉള്‍ക്കാട്ടിലെവിടെയോ ആണ് താനിപ്പോള്‍ ഉള്ളത് എന്ന തിരിച്ചറിവില്‍ അയാളൊന്നു കിടുങ്ങിപ്പോയി. മണിക്കൂറുകള്‍ക്ക് മുന്‍പാണ് തന്റെ ഹെലികോപ്ടര്‍ കേടുവന്നതും അവസാനം ആകാശത്തോളം വലിപ്പമുള്ള മലയുടെ ഏതോ വശത്ത് തന്റെ ഹെലികോപ്ടര്‍ നിയന്ത്രണം വിട്ട് ഇടിച്ചത്... അപ്പോഴേക്കും പാരച്യൂട്ടില്‍ താഴേക്ക് ചാടിയതാണ് താന്‍ എന്നയാളോര്‍ത്തു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കാല്‍വിന് എന്തു സംഭവിച്ചിരിക്കും? അയാളിപ്പോള്‍ ജീവനോടെ ഉണ്ടാകുമോ എന്നയാള്‍ വേദനയോടെ ഓര്‍ത്തു. മഞ്ഞു പെയ്തിറങ്ങിയിരുന്നു. ചവിട്ടി നില്‍ക്കുന്നിടമൊക്കെയും മഞ്ഞുകണങ്ങള്‍ വീണ്  ഭൂമിയാകെ വെളുത്ത് വിറുങ്ങലിച്ച് കിടക്കുന്നു.

വിശപ്പും ദാഹവും അയാളെ തളര്‍ത്തി. വന്യമൃഗങ്ങളുടെ ഉപദ്രവം ഏതു നിമിഷവും ഉണ്ടായേക്കാം എന്നതിനാല്‍ അയാള്‍ വളരെ ശ്രദ്ധിച്ചാണ് നടന്നിരുന്നത്. എവിടെയെങ്കിലും സുരക്ഷിതമായ ഒരിടത്തേക്ക് മാറണം എന്നയാള്‍ ആഗ്രഹിച്ചു.  തണുപ്പ് ഏറി വന്നു. അയാള്‍ തന്റെ പോക്കറ്റില്‍ കൈയിട്ടു സിഗററ്റ് ലൈറ്ററെടുത്തു. ചെറിയ മരങ്ങളിലൊന്നില്‍ നിന്നും മൂന്ന് നാല് ചുള്ളി അയാള്‍ പൊട്ടിച്ചെടുത്തു. ലൈറ്റര്‍ കത്തിച്ച് ചുള്ളിക്കമ്പുകള്‍ക്ക് തീപിടിപ്പിച്ചു.അകലെയെങ്ങോ കാട്ടാനകളുടെ ചിഹ്നംവിളി അയാളെ അസ്വസ്ഥനാക്കി. അയാള്‍ തീയുടെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങിയിരുന്നു. കൈപ്പത്തികള്‍ രണ്ടും തീക്കടുത്തേക്ക് അടുപ്പിച്ചു വച്ച് അയാള്‍ ശരീരത്തെ കൊടിയ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചു.

ക്ഷീണം മൂലം അയാളവിടെ കിടന്ന് ഉറങ്ങിപ്പോയി...
വെയില്‍ വന്ന് കണ്ണുകളിലേക്കടിച്ചപ്പോഴാണ് അയാളുണര്‍ന്നത് ...  ചുള്ളിക്കമ്പുകളൊക്കെ കത്തിത്തീര്‍ന്നിരുന്നു . ഒന്നു രണ്ട് കനലുകള്‍ അവസാനമെന്നോണം കിടന്നു പുകഞ്ഞു. ഒരു എലി അയാളുടെ കാലിന് മീതേ കൂടി ചാടി എങ്ങോട്ടോ ധൃതിപ്പെട്ട് ഓടിപ്പോയി.
വിശപ്പിനൊര് ശമനമുണ്ടാക്കണം എന്നയാള്‍ തീരുമാനിച്ചു .ഈ കാട്ടില്‍ എവിടെയെങ്കിലും എന്തെങ്കിലും കഴിക്കാന്‍ കിട്ടാതിരിക്കില്ല. അയാള്‍ നടന്നു .  മഞ്ഞിലൂടെയുള്ള ഈ നടപ്പ് അത്ര സുഖകരമല്ല.വിശപ്പിനാല്‍ അയാളുടെ കാലുകള്‍ യാന്ത്രികമായാണ് ചലിച്ചത്. ഏകദേശം ഒരു മണിക്കൂറോളം അയാള്‍ നടന്നുചെന്നത് പൈന്‍മരങ്ങള്‍ തിങ്ങി നിറഞ്ഞ ഒരു പ്രദേശത്തേക്കാണ് ... മരത്തലപ്പുകളില്‍ കാറ്റ് വന്നടിച്ച് മഴ പെയ്യുന്നതുപോലെയുള്ള ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അയാളുടെ ശരീരം നന്നേ തളര്‍ന്നു തുടങ്ങിയിരുന്നു. ഓരോ മരത്തെ ലക്ഷ്യമാക്കിയാണ് അയാള്‍ നടന്നത് . ഒരു മരത്തില്‍ പിടിച്ച്  കുറച്ച് നിമിഷം നിന്ന ശേഷം അടുത്ത മരത്തിലേക്ക് ... ദാഹംമൂലം അയാള്‍ നിലത്തു നിന്നും കുറച്ച് മഞ്ഞ് വാരി ഉരുളയാക്കി വായിലേക്കിട്ടു . ആ തണുപ്പില്‍ അയാള്‍ക്കതിനേ കഴിയുമായിരുന്നുള്ളു.

*****************

നിങ്ങള്‍ ആരാണ്? ഭയത്തോടെ അയാള്‍ ചോദിച്ചു . മുഖം മറച്ച ,തല വരെ മറയ്ക്കുന്ന തരത്തിലുള്ള കറുത്ത വസ്ത്രങ്ങളും  കൈയുറയും ബൂട്സും ധരിച്ച ആ  അജ്ഞാതനോട് അയാള്‍ ചോദിച്ചു.

''താങ്കള്‍ വിശ്രമിക്കൂ ,നിങ്ങളിവിടെ എത്തിപ്പെട്ടിട്ട്  മണിക്കൂറുകള്‍ ആയിട്ടുണ്ട്. നിങ്ങള്‍ സുരക്ഷിതനാണ് .ഭയക്കാന്‍ ഒന്നുമില്ല.നിങ്ങളെ എനിക്ക് കാട്ടില്‍ നിന്നും കിട്ടിയതാണ്.അജ്ഞാതന്‍ പറഞ്ഞു.

അയാള്‍ അകത്തേക്ക് പോവുകയും ഒരു കോപ്പയില്‍ കുറച്ച് സൂപ്പും ബ്രഡും ആയി തിരികെ വന്നു.

''ഇത് കഴിക്കൂ നിങ്ങളുടെ ക്ഷീണം മാറട്ടെ ''

ശരി .എന്താണ് സുഹൃത്തേ നിങ്ങളുടെ പേര്  ?നിങ്ങളുണരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍ . പുറത്തുനിന്നും ഇവിടേക്കാരും എത്താറില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഈ അപ്രതീക്ഷിതമായ വരവ് എന്നില്‍ സന്തോഷമുളവാക്കുന്നു .

''എന്റെ പേര് ബര്‍ണാഡ്. എന്റെ ഹെലികോപ്ടറിന് അപകടം സംഭവിച്ചതിനാല്‍ കാട്ടില്‍ പെട്ടുപോയതാണ് . രക്ഷപ്പെടണം എന്നുള്ള ചിന്തയും വിശപ്പും മൂലം നടന്നതാണ് പക്ഷേ പിന്നീട് ഞാന്‍ ഇതാ നിങ്ങളുടെ വീട്ടിലാണ് .എങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത്?''
അജ്ഞാതനായ കറുത്ത കുപ്പായക്കാരനോട് അയാള്‍ മറുപടി പറഞ്ഞു.

''ഞാന്‍ ഇക്കാറസ് . ഇന്നലെ വൈകുന്നേര സവാരിക്കിറങ്ങിയതാണ് ഞാന്‍  പൈന്‍മരക്കാടിനുള്ളിലൂടെ ഉലാത്തുക എന്നത് എന്റെ ഒരു വിനോദമാണ് കൂടാതെ അല്‍പം വേട്ടയാടുകയും ചെയ്യാം ... ഇന്നലെ രണ്ട് മുയലുകളെ കിട്ടിയിരുന്നു. അതുമായി വരും വഴിയാണ്  ബര്‍ണാഡ് ,താങ്കളെ ഞാന്‍ കണ്ടു മുട്ടിയത് ... ജീവനുണ്ടാകും എന്ന് ഞാന്‍ കരുതിയില്ല.തട്ടിവിളിച്ചപ്പോള്‍ താനൊന്നു ഞരങ്ങി. അപ്പോള്‍ തന്നെ ഇങ്ങോട്ട് കൊണ്ടുവന്നതാണ് ...

ബര്‍ണാഡ് മേശമേല്‍ വച്ചിരുന്ന സൂപ്പെടുത്ത് കുടിച്ചു.വളരെ സ്വാദിഷ്ടമായിരുന്നു അത്.മരവിച്ചുപോയ തന്റെ രക്തത്തിന് പുതിയൊരുണര്‍വ്വ് ആ പാനീയം നല്‍കുന്നതായും താന്‍ ഉന്മേഷവാനായിരിക്കുന്നതായും  അയാള്‍ക്ക് അനുഭവപ്പെട്ടു.

വൈകുന്നേരം ഇക്കാറസിനൊപ്പം ബര്‍ണാഡും നടക്കാന്‍ പോകാന്‍ തീരുമാനിച്ചു.
അയാള്‍ കിടക്കവിട്ടെഴുന്നേറ്റു. ആ വീട്ടിനുള്ളിലേക്ക് പ്രകാശം അരിച്ചിറങ്ങിയിരുന്നു. ഭിത്തിയില്‍ തനിക്കറിയാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച് വച്ചിരിക്കുന്നത് ബര്‍ണാഡ് കണ്ടു. അതെന്തായിരിക്കും എന്നയാള്‍ക്ക് മനസിലാക്കാന്‍ സാധിച്ചില്ല. ഏതെങ്കിലും പ്രാകൃതഭാഷയായിരിക്കണം അത് ... മുറിയുടെ ഒരു വശത്ത് പലതരം ആയുധങ്ങള്‍ വളരെ ഭംഗിയായി അടുക്കി വച്ചിരിക്കുന്നത് അയാള്‍ കണ്ടു.

( *തുടരും*...)

☆അഘോരി☆(ജയകൃഷ്ണന്‍ )