Wednesday, January 23, 2019

കാലങ്ങളിലൂടെ (നോവല്‍) ഭാഗം 1


ഭാഗം-1
രചന : ജയകൃഷ്ണൻ(അഘോരി)
#################
ഭൂതകാലങ്ങളിൽ  ത്യജിക്കപ്പെട്ട വേഷങ്ങളുടെ എണ്ണമറ്റ ആട്ടക്കഥകളെക്കുറിച്ചാലോചിച്ചു കൊണ്ട് നരിപ്പാറയുടെ ഏറ്റവും ഉയർന്ന പ്രദേശത്ത് ആകാശത്തെ നക്ഷത്രങ്ങളെയും  അതിനു താഴെ ഇടക്കിടെ മിന്നിത്തെളിയുന്ന പച്ചയും ചുവപ്പും വെളിച്ചവുമായി വലിയ ഇരമ്പലോടെ അകലേക്ക് അകന്ന് പോകുന്ന വിമാനങ്ങൾ. എത്രയോ ഉയരത്തിലാവണം അവയുടെ സഞ്ചാരപഥം?
എനിക്കു ചിറകുകൾ മുളച്ചിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്  . നരിപ്പാറയുടെ താഴേക്ക് നോക്കിയാൽ  ദൂരെ അവിടിവിടെയായി   ചെറിയ പൊട്ടുകൾ പോലെ കാഴ്ചയുടെ അങ്ങേ മുനമ്പിൽ വീടുകളും കെട്ടിടങ്ങളും പ്രകാശമയമായി കാണാം . മഞ്ഞയും വെള്ളയും നിറത്തിൽ ബൾബുകൾ പ്രകാശിച്ചിരിക്കുന്നു. ഇവിടെ നിന്നു നോക്കുമ്പോൾ മിന്നാമിനുങ്ങുകളുടെ ഒരു കൂട്ടം താഴെ ഏതോ യോഗത്തിൽ പങ്കെടുക്കുന്നതു പോലെയാണ് പലപ്പോഴും തോന്നാറുള്ളത്. അത്രയധികം ഉയരത്തിലാണ് നരിപ്പാറയുടെ നിൽപ്പ്.   ഒറ്റനക്ഷത്രങ്ങൾ എല്ലാവരിൽ നിന്നും മാറി നിന്ന് എന്നെ തന്നെ ഉറ്റു നോക്കുന്നതായി തോന്നാറുണ്ട്. ഇടക്കിടെ കണ്ണു ചിമ്മും.  ശ്രദ്ധയെയും കാഴ്ചയെയും മുഴുവൻ നക്ഷത്രത്തിനു മേൽ കേന്ദ്രീകരിക്കുമ്പോൾ ഒരു നേർത്ത നൂലിഴ പോലെ  അമ്മയെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന പൊക്കിൾക്കൊടി പോലെ ഒന്ന് ഓരോ നക്ഷത്രത്തെയും ബന്ധിപ്പിക്കുന്നത് കാണാം.എല്ലാം ഒരേ സൃഷ്ടിയുടെ വിവിധ ഭാഗങ്ങൾ ആണല്ലോ അതിനാലാവണം ശക്തമായ ഓരോ ബന്ധങ്ങൾ ഉണ്ടാകുന്നത്.

             വലാഹകളുടെ  ചെറിയ ഒരു കൂട്ടം  ഇടക്കിടെ  ചന്ദ്രനുമായി തൻെ സ്വകാര്യനിമിഷങ്ങൾക്കായി തിരശീലയിട്ട്  പ്രപഞ്ചത്തെ ഇരുളിൻെ പിടിയിലാഴ്ത്തുകയും നിമിഷങ്ങൾക്ക് ശേഷം തെല്ലു നാണത്തോടെ ചന്ദ്രൻ പുറത്തേക്ക് വരികയും ചെയ്യുന്നു . അവയ്ക്കും ജീവനും ജീവിതവും ഉണ്ടായിരിക്കാം ... പ്രണയം വിട്ടുകൊടുക്കലാണല്ലോ അടക്കിപ്പിടിക്കൽ ആരോഗ്യകരവുമല്ല.

           എത്രയോ വർഷങ്ങളാണ് പുറകിൽ മരിച്ചു വീണത്??  അവളുടെ മരണശേഷം ഇന്നാണ് വീണ്ടും ഈ നരിപ്പാറയുടെ നിശബ്ദതയിലേക്ക് ഞാൻ കയറിവരുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ എനിക്ക് കാലം സമ്മാനിച്ചത് ഒരു പിടി ഓർമ്മകൾ മാത്രമാണ് ...
ഒരിക്കലും ഒരുമിച്ച് ജീവിക്കാനാവില്ല എന്നറിഞ്ഞിട്ടും ഞങ്ങളിരുവരും ഒരേ ജലകണമായിരുന്നു .പരസ്പരം പറഞ്ഞ് തീർത്ത പരിഭവങ്ങളും പിണക്കങ്ങളും എൻെ ദേഷ്യം കാണുവാൻ വേണ്ടി മാത്രം നിസാരകാര്യങ്ങളെ ഉയർത്തികാട്ടി കുറുമ്പ്കാട്ടി പിണക്കത്തിനൊടുവിൽ ചേർത്തു നിർത്തിയിരുന്നു .
വീട്ടുകാരുടെ ഭീഷണിയെയും എതിർപ്പിനെയും അവഗണിച്ച് ഞങ്ങൾ ഒന്നാവാൻ തീരുമാനിച്ചു .അന്നൊരു വ്യാഴാഴ്ച ആയിരുന്നു  പഞ്ഞമാസമഴത്തുള്ളികൾ പുറത്ത് തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു . ബാഗ് പാക്ക് ചെയ്ത് പുറത്തേക്കിറങ്ങിയ അവളെ അമ്മാവൻെ കുബുദ്ധിയിൽ കണ്ടുപിടിക്കപ്പെട്ടു അങ്ങിനെ അവളെ തേരകത്ത് തറവാട്ടിലെ വെളിച്ചം പോലും കടക്കാത്ത മുറികളിലൊന്നിൽ ഇരുളുതിന്നാൻ വിധിക്കപ്പെട്ട് അടച്ചിട്ടു . പിന്നീട് ... പിന്നീടെന്താണ് സംഭവിച്ചത് ??

ഓർക്കുവാനിഷ്ടപ്പെടാത്ത ചോരകൊണ്ട് മനസിൽ കുറിച്ചിട്ട  ഓർമ്മകൾ പിന്നെയും പകയെ ഉറക്കത്തിൽ നിന്നുമുണർത്തുന്നു.  തലക്ക് ഭാരം വർധിച്ചു വരുന്നു.
ഹാ !! ജീൻസിൻെ  ഇടതു വശത്തെ പോക്കറ്റിൽ നിന്നും  സിഗററ്റ് പാക്കറ്റ് പുറത്തെടുത്ത് ഒന്ന് വലിച്ചൂരി. പാക്കറ്റിൻെ പുറത്ത് രണ്ടുമൂന്ന് തവണ തട്ടി. ചുണ്ടുകൾക്കിടയിൽ ഉറപ്പിച്ച്  ഇടതു കൈകൊണ്ട് ലൈറ്റർ കത്തിച്ച് സിഗററ്റിൻെ തുമ്പിന് അഗ്നി പകർന്നു.തണുപ്പ് ശരീരത്തെ വിറകൊള്ളിച്ചു. ഓരോ കവിൾ പുകയും ശ്വാസകോശത്തെ ഞെരിച്ചമർത്തിക്കൊണ്ട്  വായുവിൽ വിലയം പ്രാപിച്ചു ...

(തുടരും...)

   *അഘോരി*

Tuesday, January 22, 2019

വര്‍ണ്ണങ്ങള്‍

വർണ്ണങ്ങൾ
*************

അഴകേഴും കറുപ്പിനെ തളർത്തിയിട്ടിരിക്കുന്നു
മറ്റുവർണ്ണങ്ങളത്രെ വിലപ്പെട്ടവ
നിശയുടെ കറുപ്പിനുമേൽ പെൺകറുപ്പഴിക്കുന്നവരുടെ ചിന്തകളെ നോക്കിയുടൽക്കറുപ്പ്  പല്ലിളിച്ചു
അന്ധതയുടെ കറുപ്പിത് കാമാന്ധതയുടെ കടും കറുപ്പ്
സത്പവർങ്ങളെ നോക്കി കണ്ണിറുക്കി
പകൽ ആധിപത്യം പ്രാപിക്കുമ്പോളാണ്
നിങ്ങളേവരും അക്ഷിയുടെ അകത്തളങ്ങളിൽ വർണ്ണം വിതറൂ
കറുപ്പാണ് മിടുക്കി
അവളാണ് സത്യം

   *അഘോരി*

Sunday, January 20, 2019

പിണക്കം

*പിണക്കം*
#######

പ്രിയേ ഒരു മടങ്ങിവരവിനായ് കാത്തിരിക്കുന്നു ഞാൻ
അവസാന പുൽനാമ്പും കരിഞ്ഞ് പോകും മുൻപ് കറുപ്പിൻെ വശ്യതയഴിച്ചുവിട്ട് എൻെ ദേഹത്തിൽ പടർന്നിറങ്ങൂ
കരഞ്ഞ് കേഴുന്ന എൻെ പൈതങ്ങളെ ദാഹജലത്തിനാൽ പുനർജീവനേകൂ

നിൻെ അഭാവത്താൽ ശോഷിച്ച് വേരറ്റ വൃക്ഷങ്ങളുടെ തേങ്ങൽ കണ്ടും മടിക്കുന്നതെന്തേ...
ഇലയനക്കങ്ങളെന്നിൽ നിന്നുമകന്നിരിക്കുന്നു എങ്ങും നിൻ ലാളനത്തിനായ്  കൊതിക്കുന്നവരുടെ രോദനക്കാഴ്ചകളാൽ എൻെ മനസും മരിച്ചിരിക്കുന്നു
സൂര്യതാപമേറ്റ് കത്തിയെരിഞ്ഞമർന്ന് വിണ്ട്കീറിയ മാറിടത്തിൽ നിന്നും ആത്മാവ് യാത്രയായ് തുടങ്ങി
പിണക്കമകറ്റി ഒന്നു പുണരൂ
ഈ താപമെന്നെ പൊള്ളിക്കുന്നു
അന്ത്യ ചുംബനം നൽകാതെ എന്നിലൊരു  പുനർജനിയുടെ
ഔഷധമായ് തിരികെ വരുമെങ്കിൽ വാരിപ്പുണർരാം ഞാൻ
എന്ന് ഭൂമി 

*അഘോരി*

Friday, January 18, 2019

ഘടികാരമുടയുമ്പോള്‍

ഘടികാരമുടയുമ്പോള്‍
######################

നിറനുരപൊന്തിയ മധുചഷകവും വലിച്ചെറിഞ്ഞൊരുവന്‍ പടിയിറങ്ങവേ...

സിരകളുന്മാദനൃത്തം ചവിട്ടിയ നിമിഷസൂചികയടര്‍ന്നു വീഴവേ..

കരളില്‍ കരിവലാഹകങ്ങളോ അതിരുപങ്കിട്ടുകരയുവാന്‍ നില്‍ക്കുന്നു.

അധികമാരുമറിയാതെ സൂക്ഷിച്ച ലലിതമഘമൊരര്‍ക്കരശ്മിയായ് തെളിയുകയായകമാനസത്തിലും ...

ഏകനായ് വീണ്ടും...

ഇടവേളകളില്‍ പുകയുന്ന സ്വര്‍ണ്ണഛദനങ്ങള്‍...

മനസ്സ് തെളിക്കുന്ന കറുത്ത അജരങ്ങള്‍ മഴവില്‍ത്തുമ്പുകളില്‍  പൊടിപറത്തി മുദ്രവെച്ച് തുടര്‍യാത്ര ചെയ്യുന്നു...

നിന്റെസ്മരണകള്‍ ചിത്തത്തിലൊരു കനല്‍ പോലെയെരിയുന്നു.

ചിലപ്പോള്‍ പ്രജ്ഞയിലേക്കുള്ള ഓരോഞരമ്പുകളെയും കരിച്ചു കളയുന്നു...

വേദനിപ്പിക്കുന്നു...

എങ്കിലും കരയാതിരിക്കുവാനൊരു ശ്രമം നടത്തുന്നു...

പകല്‍ തിന്നു തീര്‍ത്ത ഇരുളും പ്രതികാരമായ് ഇരുള് തിന്നുന്ന പകലും പരസ്പരമവരുടെ ഭോജനമാസ്വദിക്കുന്നു...

ഓര്‍മ്മകളിലാഴ്ന്നിരിക്കുമ്പോള്‍ അകലെ മണിമുഴക്കം കേള്‍ക്കുന്നു...
അനുവാദമില്ലാതെ കടന്നുവന്നവന്‍ പാശമേന്തി നില്‍ക്കുന്നു...
വരികമാനുഷായിക്ഷിതിയില്‍ നിന്റെ സമയഘടികാരമുടഞ്ഞിരിക്കുന്നു. വരിക...

*അഘോരി*

Tuesday, January 8, 2019

ഭ്രാന്ത് പുകയുമ്പോള്‍

ഒരു സ്വർണ്ണനക്ഷത്രം അകലങ്ങളിലിരുന്നു കണ്ണുനീർ പൊഴിക്കുന്നു.

ആളൊഴിഞ്ഞ വീഥികളും ഏകാന്തതയും  കനത്ത ഇരുട്ടും കൂട്ടിയിടിച്ച്
ബോധമണ്ഡലം  പുകവമിക്കുന്ന അഗ്നിപർവ്വതമാകുന്നു.

ഭൂതകാലത്തിലൊരമ്മക്കുയിലിൻ പാട്ടു കേൾക്കുന്നു...

കേട്ടുകേട്ടതിലലിഞ്ഞു ഞാനും പാട്ടു മൂളുന്നു ...

വയറുകത്തിസ്വർണ്ണനാമ്പുകൾ നാക്കുനീട്ടുന്നു ...

തൊടിയിലത്തെ ചെമ്പകത്തിൽ ഭ്രാന്ത് പൂക്കുമ്പോൾ...

വരികൾതെറ്റിയ  പാട്ടു പോലെ അനാഥമാവുന്നു...

മുറിവേറ്റു വാർന്നൊഴുകി വീണ ഹൃദയ രക്തത്തിൽ...

അറിവിൻ കണികയലിഞ്ഞു ചേർന്നു
തെറിച്ചു വീഴുന്നു ...

ഞാനും...

ഇരുളടഞ്ഞൊരു വഴിയിൽ  മറവിയോടു മല്ലടിച്ചുറക്കമാകുന്നൂ...

          

     
  അഘോരി