Tuesday, October 23, 2018

മങ്ങിയ കാഴ്ചകള്‍

*മങ്ങിയ കാഴ്ചകൾ*
############
വഴിയോരത്ത് അനാഥമായ സ്വപ്നങ്ങളുടെ മുഷിഞ്ഞ ഭാണ്ഡവും പേറി വെയിലിൽ കരിഞ്ഞു പോയ സ്വപ്നങ്ങളുമായി ചില്ലറക്കിലുക്കത്തിനായ് കൈ നീട്ടുന്ന തെണ്ടി.
നിറം മങ്ങിയ കാഴ്ചകൾ കണ്ട് കുഴിഞ്ഞു പോയ കണ്ണുകളിൽ നൊമ്പരത്തിൻെ അർഥഗർഭമായ ഓർമ്മച്ചീളുകൾ.
എൻെ അധ്വാനത്തിൻെ ചെറിയ ഒരു തുക നിൻെ വിശപ്പടക്കുവാൻ മെല്ലിച്ച വിരലുകളിലേക്ക് വച്ചു നീട്ടുന്നു...

പരിചിതവും  അപരിചിതവുമായ മുഖങ്ങളും അവജ്ഞയുടെയും സഹതാപത്തിൻെയും ഓരോ നോട്ടങ്ങളും  അവനിലേക്ക് ഊർന്നിറങ്ങുന്നു...

മറവിയിൽ പുതഞ്ഞു പോയ ഒരു പുഞ്ചിരി ഞാൻ നിനക്കായ് മാറ്റി വെയ്ക്കുന്നു...

എങ്ങോട്ടു പോകുന്നു എന്നോ എവിടെ നിന്നു വരുന്നു എന്നോ പേരോ ഊരോ അറിയാതെ ഓരോ പകലിലും ഞാൻ അവനെ കാണുന്നു...

മഴയുടെ ഓരോ തുള്ളിപെയ്ത്തിലും ഒരു കൂരയുടെ തണലില്ലാതെ നിസ്സഹായതുടെ തടവറയിൽ അഴികളെണ്ണുന്നവൻെ മുഖം...

അന്ത്യശേഷം മറ്റൊരുവൻ പഴയസ്ഥാനത്ത് പ്രത്യക്ഷനാകുന്നു.
അതേ മുഷിഞ്ഞ ഭാണ്ഡവും അതേ കുഴിഞ്ഞ കണ്ണുകളും നിറം മങ്ങിയ കാഴ്ചകളും ബാക്കിയാകുന്നു...

*അഘോരി*

Monday, October 22, 2018

*മൃതിയുടെ കവാടം*
==================

മരണം
നഷ്ടമോ ലാഭമോ, മടക്കമോ മാറ്റമോ,
മൃതിയുടെ കവാടങ്ങളിലൊന്നിൽ മുട്ടി വിളിക്കണം
ചോദ്യങ്ങളുന്നയിക്കണം
അതിനായ് കാത്തിരിക്കണം
ചിത്രഗുപ്തൻെ കണക്കിൽ പിഴവുകളുണ്ടോ
ദൈവത്തിനും പിഴവ് സംഭവിച്ചോ
ആത്മാക്കളുടെ സങ്കേതമെനിക്കായ് സ്വാഗതം പറയുന്നുണ്ടാമോ
നഷ്ടങ്ങളെനിക്കാണ്
പട്ടടയിലൊരു കണ്ണീർ മഴ കാണുന്നു ഞാൻ
പിറവിയിലും മരണത്തിലുമൊരേ കണ്ണീർ
അന്നാനന്ദം ഇന്ന് വിലാപം
രണ്ടിനും ഒരേ അർഥം  ഭാവങ്ങൾ മാറിയിരിക്കാം
ചോദ്യങ്ങളുടെ ചിതയിലെ നീറ്റലിലൂടെ ഉത്തരമന്വേഷിക്കണം
=====================
*അഘോരി*

Tuesday, August 7, 2018

കുഴിമാടത്തിനരികെ ഒരു കുമ്പസാരം


(കവിത)
മഞ്ഞിൻെ നേർത്ത പൊട്ടുകളുള്ള പുലരിയിൽ സൂര്യനുണരുന്നതും കാത്ത് കളകണ്ഠങ്ങളുടെ മധുരതരമായ പിന്നണിയിൽ പുഴയുടെ ശാന്തമായ സംഗീതത്തിൻെ   ഇടയിൽ അസ്ഥിക്കഷണങ്ങളിലേക്ക് നൂഴ്ന്നിറങ്ങുന്ന തണുപ്പിൻെ ശീൽക്കാരങ്ങളോട് ശരീരത്തിലെ ഓരോ ഭാഗങ്ങളും യുദ്ധം ചെയ്ത് ജയപരാജയങ്ങൾ അളക്കുന്നതിനിടയിലാണ്  നിൻെ മുഖം ഇന്നും ഓർമ്മയിൽ തെളിയുന്നത് തികച്ചും അവിചാരിതമായ ഒരു കണ്ടുമുട്ടൽ. പാതയുടെ ഇരു വശങ്ങളിലും പാടശേഖരങ്ങളും കർഷകൻ  ജീവജലത്തിൻെ ഒഴുക്കിനായ് ഭാഗം വെച്ച് പുഴയിൽ നിന്നും അവകാശമെന്നോണം  ഊറ്റിയെടുത്ത ജലത്തിന് പാതയൊരുക്കിയ കയ്യാണിയിലൂടെ ചെറു പരലുകൾ വെള്ളം തെറിപ്പിച്ച് കളിച്ചിരുന്നു.

        ചെറിയ മുഖവും വാലിട്ടെഴുതിയ  നക്ഷത്രക്കണ്ണുകളിലെ തിളക്കത്തിന് വല്ലാത്ത വശ്യതയായിരുന്നു
മുന്നിലേക്ക് പടർത്തിയിട്ട കുറച്ച് മുടിനാരിഴകൾ  നിൻെ കവിളുകളെ ചുംബിച്ചിരുന്നു. മൂക്ക്കൂത്തിയുടെ കല്ലിൽ വളരെ സൂഷ്മമായ  സൂര്യ രശ്മികൾ പതിച്ച് വജ്രസമാനം തോന്നിച്ചിരുന്നു.
കങ്കണങ്ങളുടെയും കൊലുസിൻെയും കിലുക്കങ്ങൾ നീയെത്ര സുന്ദരിയാണെന്ന് അടക്കം പറഞ്ഞിരുന്നു .

എൻെ ഹൃത്തുടിപ്പുകൾ  അതിൻെ ഉച്ഛസ്ഥായിയിൽ രുദ്രതാളം തീർത്തുകൊണ്ടേയിരുന്നു. മന്ദമാരുതൻ എവിടെ നിന്നോ ഒരു മുല്ലപ്പൂ വാസനയും പേറി എന്നെ ചുംബിച്ച്  നാണിച്ച് ഓടിയകന്നിരുന്നു.
പാദങ്ങൾ നക്കിയെടുത്ത മണൽത്തരികൾക്ക്  ഇക്കിളിപ്പെടുത്തുന്ന കഥകൾ പറയാനുണ്ടായിരുന്നു .

     പിന്നെയും ദിനങ്ങൾ വിരിഞ്ഞും കൊഴിഞ്ഞും ഭിത്തിയിൽ തൂക്കിയിട്ട കറുപ്പും ചുവപ്പും അക്കങ്ങളിലൂടെ ഞാൻ ഓർക്കുകയും മറക്കുകയു ചെയ്തു . കാത്തു നിന്ന് മുഷിഞ്ഞ ഇരവുകളിൽ നിരാശയുടെ രക്തം കലർന്നിരുന്നു.
അൽപായുസ്സുകളായ പൂവുകൾ സൗന്തര്യത്തിൻെ പ്രതീകങ്ങളെന്ന് വിശേഷിപ്പിക്കുകയും  മരണപ്പെടുകയും ചെയ്തു തേൻ നുകരാനെത്തിയ ചിത്രശലഭങ്ങൾ അവരുടെ കാമുകിമാരായ പുഷ്പങ്ങളോട് പറയാതെ പോയ എൻെ പ്രണയത്തെക്കുറിച്ച്  അടക്കം പറയുകയും പുച്ഛിക്കുകയും ഒടുക്കം ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ച് പറഞ്ഞു നീ ഒരു വിഢിയാണ് മനുജാ...

ശരിയാണ് പറയാതെ അറിയാതെ പോയ പ്രണയം ഇന്നുറങ്ങുന്നുണ്ട് മഞ്ഞിൻ കണങ്ങൾ പുൽത്തുമ്പിലൂർന്നു വീണ് ഭൂമിയെ പുണരുമ്പോൾ അവളും അതറിയുന്നു ...
മഴനനയുവാൻ ഒരുപാടിഷ്ടമുള്ള അവൾ രോഗങ്ങളെ ഭയക്കാതെ മഴ നനയുന്നു. സൂര്യൻെ അഗ്നിസർപ്പങ്ങൾ ഭൂമിയെ കൊത്തിപ്പറിക്കുമ്പോൾ
അരുതേയെന്ന് നിലവിളിച്ചുകൊണ്ട്  അപരിചിതരായവരുടെ ഇടയിൽ നിന്നും അവളും കരയുന്നു

ലില്ലിപ്പൂക്കളുടെ കിരീടം ചൂടി ശുഭ്ര വസ്ത്രങ്ങളണിഞ്ഞ് അവൾ രാത്രിയിൽ പുതപ്പിൻെ സഹായമില്ലാതെ ഉറങ്ങുന്നു. മണ്ണിട്ടു മൂടപ്പെട്ട പറയാതെ മനസുകൊണ്ട് പ്രണയിച്ചവളുടെ കുഴിമാടത്തിൽ മുള്ളുകൊണ്ട് രക്തത്തുള്ളികൾ പറ്റിചേർന്ന ഒരു ചുവന്ന റോസാപുഷ്പം വെച്ച്  ഞാനെൻെ പ്രണയത്തെ വീണ്ടും കുഴിച്ചു മൂടുന്നു ആരും അറിയാതെ പോയവ അവിടെ ഉറങ്ങട്ടെ സമാധാനത്തോടെ

*അഘോരി*

Asura tale of the vanquished

* ASURA TALE OF THE VANQUISHED*
##############################

നിമിഷനേരങ്ങള്‍ കൊണ്ട് ഭഗവാനായി മാറിയ പുരോഹിതവൃന്തത്തിലെ ആരുടെ ഉപദേശങ്ങള്‍ക്കുമുന്നിലും സ്വന്തം സത്വത്തെ പണയം വച്ച് നട്ടെല്ലു വളച്ച് നിലത്ത് മൂക്കുമുട്ടിച്ച് നിന്നിരുന്ന അയോധ്യാ മന്നന്‍ ശ്രീരാമാ...

താഴ്ന്ന ജാതിക്കാര്‍ രാജവീഥി തീണ്ടരുതെന്നാഗ്രഹിക്കുന്ന പുരോഹിതന്മാരോട്  ജാതിവ്യവസ്ഥയുടെ സകല സങ്കീര്‍ണ്ണനിയമങ്ങളോടൊപ്പം പൊതുവഴി ആരാണുപയോഗിക്കേണ്ടത് ,ആര്‍ക്ക് ആരെയൊക്കെ തൊടാനും തൊടാതിരിക്കാനും അവകാശമുണ്ട് എന്നിവയെക്കുറിച്ചൊക്കെ ബ്രാഹ്മണര്‍ സശ്രദ്ധം നിര്‍മ്മിച്ചുവച്ച എല്ലാ വിലക്കുകളെയും  ആചാരങ്ങളെയും ബലികളെയും ജാതിയെന്ന ആശയത്തെത്തന്നെയും വേദങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും മന്ത്രങ്ങളുദ്ധരിച്ചുകൊണ്ട് നിരന്തരം പരസ്യമായ തര്‍ക്കങ്ങള്‍ നടത്തിയ വെറും പതിനാല് വയസുള്ള  ശംബൂകന്‍ എന്ന ബാലന്‍െ  ഗളത്തില്‍ നിന്‍െ  ഖഡ്ഗം ആഞ്ഞുവിശിയപ്പോള്‍ മുതല്‍ ഞാന്‍ നിന്നെ വാഗതീതമായ് വെറുത്തു തുടങ്ങി.ഒരു വേള നിന്‍െ കഴുത്തു ഞെരിച്ച് കൊല്ലുവാന്‍ പോലും തോന്നിപ്പോയി. മാലോകര്‍  ഒന്നടങ്കം  ആരാധിക്കുന്ന മര്യാദാപുരുഷന്‍െ മര്യാദ എത്രത്തോളമാണെന്ന് ഇന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു.

മര്യാദ എന്നത് നിന്‍െ കപടമുഖമായിരുന്നു . അസ്പൃശ്യരായവരെ നീയും വെറുത്തിരുന്നു.

ഞാന്‍ എക്കാലവും രാവണന്‍െ പക്ഷത്തായിരുന്നു. വിശപ്പിന്‍െ വില അറിഞ്ഞവനാണ് രാവണന്‍.ഒരു വലിയ പേമാരി വന്നാലോ കാറ്റടിച്ചാലോ നിലം പൊത്താവുന്നത്ര മാത്രം ബലമുള്ള ഒരു ചെറ്റക്കുടിലില്‍ അദ്ദേഹവും സഹോദരങ്ങളും അമ്മയും ജീവിച്ചുപോന്നു. അയല്‍പക്കത്തെ ദരിദ്രരായവര്‍ കൊടുത്ത വളിച്ചതും പഴകിയതുമായ ഭക്ഷണം വളരെ സ്വാദോടെ കഴിച്ച് വിശപ്പിനെ ശമിപ്പിച്ചിരുന്നു അവര്‍ .  നെയ്യും പഴങ്ങളും ചേര്‍ത്ത ഭക്ഷണം അവര്‍ക്ക് അപ്രാപ്യമായിരുന്നു.
ഞാനും വിശപ്പറിഞ്ഞ് വളരുന്നു. രാവണന്‍െ ഭൂതകാലവുമായി ഏകദേശം സാമ്യമുള്ള ജീവിതമാണ് എന്‍േതും എന്ന് ഞാന്‍ കണ്ടെത്തി. എനിക്കായ് ഞാന്‍ ലളിതമായ ചില നിയമങ്ങള്‍ കണ്ടെത്തി. അവ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തു. സ്ത്രീകളെ അപമാനിക്കരുത്. പരസ്പരം പിന്നില്‍ നിന്ന് കുത്തുകയില്ല. നേര്‍ക്കുനേര്‍ പൊരുതണം അങ്ങനെ പല ചെറു നിയമങ്ങളും ഞാനും  സൃഷ്ടിച്ചു.
രാവണന് പത്തു തലകളും ഇരുപതു കരങ്ങളുമുണ്ടായിരുന്നു എന്നത് അധികാരത്തെയും ബാഹ്യവീര്യത്തെയും സൂചിപ്പിക്കുന്നു .
എനിക്കും പത്ത് തലകളുണ്ട് എന്ന് ഞാന്‍ കരുതുന്നു.എന്‍െ ഈ പത്തു തലകള്‍ കോപം,അഹങ്കാരം,അസൂയ,സന്തോഷം,ദുഃഖം,ഭീതി,സ്വാര്‍ഥത,ആസക്തി,അഭിലാഷം എന്നീ അടിസ്ഥാനങ്ങളെയും ഭാരതത്തിന്‍െ പരമ്പരാഗത വിജ്ഞാനം ഈ പറഞ്ഞ ഒന്‍പത് തലകളെ നിയന്ത്രിക്കുന്നതിനും മേധാശക്തിയെ മാത്രം എടുത്തുകാട്ടുകയും ചെയ്യുന്നതിന് പ്രാധാന്യം നല്‍കുന്നു.അഹത്തെ അതിജീവിക്കണ്ടതിന്‍െ ആവശ്യകതയെ ജംബുദ്വീപിലെ തന്‍െ ഗുരുനാഥനായ ബ്രഹ്മനും മഹാബലിയും  സദാ ഊന്നിപ്പറഞ്ഞു എന്നാല്‍ ഈ പത്തുമുഖങ്ങളാണ് ഒരു മനുഷ്യനെ പൂര്‍ണ്ണനാക്കുന്നത് എന്നും താന്‍ അതില്‍ പൂര്‍ണ്ണമായ ഉല്ലാസം കണ്ടെത്തുന്നതായും രാവണന്‍ കണ്ടെത്തുന്നു.
ഏകമാനമുള്ള രാമനെ നിയന്ത്രിക്കാന്‍ സമൂഹത്തിന് കഴിഞ്ഞേക്കാം എന്നാല്‍ അനേകമാനങ്ങളുള്ള രാവണപ്രഭുവിനെ നിയന്ത്രിക്കാന്‍ സമൂഹത്തിന് ശേഷിയില്ല. രാവണന്‍ കുറേക്കൂടി സമ്പൂര്‍ണ്ണനായ മനുഷ്യനാണ് .ആസക്തികള്‍ക്കുമേല്‍ നിയന്ത്രണമില്ലാതെ അതിന്‍െ രുചിയറിഞ്ഞ് ജീവിക്കുന്ന എന്നെപ്പോലുള്ള മനുഷ്യനെ സൂചിപ്പിക്കുവാനാണ് രാവണന് പത്തു തലകള്‍ കല്‍പ്പിച്ചു കൊടുക്കപ്പെട്ടിട്ടുള്ളത് .

ലങ്കയുടെ ഭരണം പിടിച്ചെടുത്തത് അനേകരക്തച്ചൊരിച്ചിലുകളോ യുദ്ധമോ കൂടാതെയാണ്.അതില്‍ ഒരു വീരത്വവും ഞാന്‍  കാണുന്നില്ല. ഭദ്രന്‍ എന്ന കറുത്തവനും അസ്പൃശ്യനും ആയ  അവന്‍െ  കഴിവ് ഒന്നു കൊണ്ടു മാത്രമാണ്  ലങ്കയുടെ ഭരണം പിടിച്ചടക്കാന്‍ കഴിഞ്ഞത് . അത് ഒരു ശൂരത്വമായിരുന്നോ ? അല്ല.

എക്കാലവും അടിമയെപ്പോലെ ഭദ്രന്‍ ജോലി ചെയ്തു.അവന് കൈമുതലായി ദാരിദ്ര്യം മാത്രമാണ് ഉണ്ടായിരുന്നത് .

വിദ്യുജ്ജിഹ്നന്‍   ശൂര്‍പ്പണഖയുടെ  ഭര്‍ത്താവായി വന്നതുമുതലാണ്  രാവണപ്രഭുവിന്‍െ ജീവിതത്തില്‍ ഇരുള്‍ നിറഞ്ഞ് തുടങ്ങിയത്. തന്‍െ സ്വന്തം പുത്രിയായ സീത കൈവിട്ടു പോകാനുള്ള കാരണം  വിദ്യുജ്ജിഹ്നന്‍െ അധികാരമോഹമായിരുന്നു.

മണ്ഡോദരിയുടെയും തന്‍െയും പൊന്നുമകള്‍ സീത രാക്ഷസകുലം മുടിപ്പിക്കും എന്ന പ്രവചനത്തെ രാവണന്‍  നിഷ്കരുണം തള്ളിക്കളഞ്ഞിരുന്നെങ്കില്‍ രാമ -രാവണയുദ്ധം ഒരിക്കലും സംഭവ്യമാകുമായിരുന്നില്ല.
വേദവതി എന്ന സുന്ദരിയായ വിധവയില്‍ രാവണന്‍ ആകൃഷ്ടനാകുകയും അവളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നദിയിലേക്ക് എടുത്തു ചാടി ബോധം നശിച്ച് കാര്‍ത്തവീര്യാര്‍ജ്ജുനന്‍െ തടവുകാരനായ സമയത്താണ്  രാവണന്‍െ മകളെയും വേദവതിയെയും കൊന്നുകളയാന്‍ അതേ പഴയ ഭദ്രനെ വിദ്ദ്യുജ്ജിഹ്നനും പ്രഹസ്തനും മാതുലന്‍ മാരീചനും  ചേര്‍ന്ന് നിര്‍ബന്ധിക്കുന്നത് .
ഭദ്രന്‍ ആജ്ഞകള്‍ അനുസരിക്കുവാനും രാജകുടുംബത്തിലെ സകലരുടെയും ആട്ടും തുപ്പും കൊള്ളാനും വേണ്ടി ജനിച്ചവനാണെന്ന് തോന്നുന്നു. പാവം!

ചിലപ്പോഴൊക്കെ ഞാനും ദരിദ്രനായ ഭദ്രനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.രാവണന്‍ രാജനാകുന്നതു മുതല്‍ അദ്ദേഹത്തിന്‍െ മരണം വരെയും അവസാനശ്വാസം വരെയും  കൂടെയുണ്ടായതും അതിനു ശേഷവും ദരിദ്രനായിത്തന്നെ ജീവിച്ച ഒരേ ഒരു വ്യക്തി അത് ഭദ്രനായിരുന്നില്ലേ ??
അവന്‍ വര്‍ണ്ണചാതുര്യങ്ങളില്‍പ്പെട്ട് ഉഴന്നവനാണ്. ബ്രാഹ്മണന്‍ ,ക്ഷത്രിയന്‍ ,വൈശ്യന്‍,ശ്രൂദ്രന്‍ എന്നിവരില്‍ നിന്നും പിന്നെയും താഴേക്കിടയിലേക്ക് അസ്പൃശ്യന്‍ എന്ന നിലയിലേക്ക് തരം താഴ്ത്തപ്പെട്ടവന്‍ .
ഞാനും കറുത്തവനാണ് എന്നാല്‍ ജാതിപരമായ യാതൊന്നും എന്നെ സ്പര്‍ശിക്കുന്നില്ല. ചിലപ്പോള്‍ ശംബൂകനെപ്പോലെ നിയമങ്ങളെയും വേദങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു വിഡ്ഡിയായ യുവാവായിരിക്കും ഞാന്‍. എന്നിരിക്കുകിലും അതില്‍ ഞാന്‍ ആനന്ദിക്കുന്നു.
മയക്കുമരുന്നു നല്‍കി കൊണ്ടുവന്ന വേദവതിയെയും  തുണിക്കെട്ടില്‍  പൊതിഞ്ഞ് മാരീചന്‍ കൊണ്ടുവന്ന  കുഞ്ഞു സീതയെയും കൊല്ലുവാന്‍ കാളവണ്ടിയില്‍ കയറ്റി കൊണ്ടുപോകുന്ന ഭദ്രന്‍െ മാനസികാവസ്ഥ വളരെ ക്ലേശകരമാണ് . സ്വന്തം മകളെ കൊല്ലുന്നതിന് തുല്യമാണല്ലോ സീതയെ കൊല്ലുന്നത് എന്ന് ചിന്തിച്ച ഭദ്രന്‍ വികാര വിചാരങ്ങള്‍ക്ക് വളരെയെളുപ്പം വശംവദനാകാന്‍ കഴിയുന്ന ഒരുവനായിരുന്നു. മരണത്തിലേക്ക് പോകുന്ന വേദവതിയുടെ അഭൗമമായ സൗന്തര്യം കണ്ട് അവളെ ഒന്ന് ഭോഗിക്കുവാന്‍ ഭദ്രന്‍െ മനസ് വെമ്പിയിരുന്നു. ഉത്തരീയക്കുടുക്കില്‍ കൈവച്ചപ്പോള്‍ അവള്‍ എതിര്‍ത്തതിന്‍െ ഫലമായി വണ്ടിയില്‍ കത്തിച്ച വിളക്ക് മറിഞ്ഞ് ദേവവതിയുടെ പുടവക്ക് തീപിടിച്ചപ്പോള്‍ അവള്‍ പ്രേതമായി സീതയില്‍ കയറുമെന്നും രാക്ഷസകുലം മുടിക്കുമെന്നും ശപിച്ച് കത്തിക്കരിഞ്ഞ് മരണം പുല്‍കി .
കുഞ്ഞു സീതയെ കയ്യിലെടുത്ത് നടക്കുമ്പോള്‍ അകലെ നിന്നും കുറച്ച് പടയാളികള്‍ വരുന്നതിന്‍െ ആരവം കേട്ട് ഭയന്ന ഭദ്രന്‍ ഒരു വലിയ മരത്തിന്‍െ പിന്നില്‍ മറഞ്ഞു.തങ്ങളെ അവര്‍ കാണുന്നതിനു മുന്‍പ് അകലേക്ക് പോകാന്‍ തിരിഞ്ഞു നടന്ന ഭദ്രന്‍െ കാലുകള്‍ മരവേരില്‍ തട്ടികയും തല്‍ഫലമായി കുഞ്ഞു സീത ചെളി നിറഞ്ഞ ഒരു കുഴിയിലേക്ക് വീഴുകയും  കരയുകയും ചെയ്തു. കുഞ്ഞിനെ  ചെളിയില്‍ നിന്നും പുറത്തെത്തിച്ചത് ജനകമഹാരാജാവ് ആയിരുന്നു .അങ്ങനെ സീത ജനകന്‍െ പുത്രിയായിമാറി.
ഭദ്രന്‍ മൂകസാക്ഷിയും.

സീതയുടെ വിവാഹവേളയില്‍ മാരീചനൊപ്പം പുഷ്പകവിമാനത്തില്‍ കയറി രാവണനും വേദിയില്‍ സന്നിഹിതനായി.മഹാദേവന്‍ ഉപയോഗിച്ചു എന്നു പറയുന്ന വില്ല് ഒരിക്കലും ആര്‍ക്കും കുലക്കാന്‍ കഴിയില്ല എന്ന് തന്‍െ ആയുധപരിചയം കൊണ്ട് രാവണന്‍ ആദ്യ കാഴ്ചയില്‍ത്തന്നെ മനസിലാക്കി . ആ വില്ല് കുലക്കാന്‍ ശ്രമിക്കുന്ന മാത്രയില്‍ ഒടിഞ്ഞു പോകും എന്നും രാവണന് മനസിലായി. ആയോധനകലയില്‍ രാവണന്‍ ഒരു അതുല്യ പ്രതിഭ ആയിരുന്നു.

സീതാപഹരണം ഒരു സാധാരണക്കാരനായ ആഢംബരത്തെക്കുറിച്ചും ജീവിതത്തിലും യാതൊരുവിധ ആസക്തിയുമില്ലാത്ത രാമനില്‍ നിന്നും സ്വന്തം മകളെ എല്ലാവിധ സുഖസൗകര്യങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകണം എന്ന ഒരു പിതാവിന്‍െ ആഗ്രഹമായിരുന്നു.
ഏതൊരു പിതാവും മകളുടെ ക്ഷേമവും സുഖജീവിതവുമായിരിക്കും  ആഗ്രഹിക്കുക.ത്രികൂടത്തിലെ സ്വര്‍ണ്ണം പൊതിഞ്ഞ കൊട്ടാരവും ചുറ്റുപാടുകളും അവളെ സന്തോഷിപ്പിക്കും എന്ന് പിതാവായ രാവണന്‍ കരുതി. തികച്ചും സാധാരണമായ എന്നാല്‍ അസ്വഭാവികത നിറഞ്ഞ ഒരു തീരുമാനമായിരുന്നു അത് എന്ന് പിന്നീടുള്ള രാവണന്‍െ ജീവിതം നമുക്ക് കാണിച്ച് തരുന്നു.

പക്ഷേ രാമന്‍ ഒരിക്കലും നേരായമാര്‍ഗത്തില്‍ സഞ്ചരിച്ചില്ല. രാമന്‍െ യുദ്ധനീതി തീര്‍ത്തും ചതിയുടേതായിരുന്നു. ബാലിയെ മറഞ്ഞു നിന്ന് അമ്പെയ്തതു മുതല്‍ പിന്നീടുള്ള എല്ലാ കാര്യങ്ങളും തന്നെ മര്യാദാപുരുഷോത്തമന്‍ ലംഘിച്ചിരുന്നു. ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മൂക്കും മുലയും ഛേദിച്ചത് തികച്ചും മോശമായ ഒരു പ്രവൃത്തിയാണ്  ഒരു സ്ത്രീയെ അവളേത് കുലമാണെങ്കിലും ഇതില്‍ കൂടുതല്‍ എന്ത് അപമാനമാണ് അവള്‍ക്ക് നല്‍കാനാവുക??

രാവണന്‍ യുദ്ധം ചെയ്തത് നേര്‍ക്കുനേര്‍ ആയിരുന്നതിനാല്‍ രാവണന്‍ ഒരു ധീരയോദ്ധാവായി തന്നെ എന്‍െ മനസ്സില്‍ എക്കാലവും തങ്ങി നില്‍ക്കും. 

മണ്ഡോദരിയെ വാനരസേന മാനഭംഗപ്പെടുത്തിയപ്പോള്‍ അവളെ  ഒരു പഴന്തുണിക്കെട്ടുപോലെ വലിച്ചെറിയാമായിരുന്നെങ്കിലും രാവണന്‍ അവളെ കൂടുതല്‍ ഹൃദയത്തോട് ചേര്‍ത്തു വച്ചു. ഒരിക്കലും രാമനതിന് കഴിയില്ല. രാമന്‍ പുരോഹിതരുടെ വാക്കുകളെയും അപവാദങ്ങളിലും വിശ്വസിച്ചു

രാവണന്‍ മരണപ്പെട്ടിരിക്കാം എങ്കിലും അദ്ദേഹത്തിന്‍െ ചില അവസ്ഥകളെ എനിക്ക് എന്നോട് തന്നെയും ഓരോ മനുഷ്യരോട് തന്നെയും തട്ടിച്ച് നോക്കാവുന്നതാണ് . നമ്മളൊക്കെയും ഓരോ രാവണന്‍മാരാണ് അഹം വെടിയാത്ത പത്ത് തലകളുള്ള രാവണന്‍മാര്‍ ...

*അഘോരി*

Tuesday, July 3, 2018

ആരാച്ചാര്‍ (ആസ്വാദനം)

ചേതന ഗൃദ്ധമല്ലിക് എന്ന ചേതുവിനെ ഞാൻ മനസു കൊണ്ട് പ്രണയിക്കുകയായിരുന്നു.22 വയസുള്ള പക്വതയുള്ള അവളാണ് പെണ്ണ്. അനുഭവിക്കാൻ കഴിയാതെ പോയ ചതിവിൻെ മുഖമുള്ള പ്രണയത്തെ നിമിഷനേരമെങ്കിലും 13 വളയങ്ങൾ ഉൾക്കൊള്ളിച്ച കൊലക്കയറിൽ  തൂക്കിലേറ്റിയ ധീരയായ ചേതുവിനെ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്??
കറുത്ത കണ്ണടകൾ എനിക്കില്ലായിരുന്നു. പക്ഷേ എൻെ കണ്ണിലെ കൃഷ്ണ മണിയിൽ ചെറുതെങ്കിലും വളരെ വ്യക്തമായ് അവളെ കാണാൻ സാധിക്കുമായിരുന്നു ...
പാരമ്പര്യത്തിൻെ തൂക്കുകയർ വെണ്ണയും സോപ്പും പഴവും മിനുക്കി അവൾ മനസിൽ സൂക്ഷിക്കുന്നു.മനസ് പ്രക്ഷുബ്ദമാവുമ്പോൾ പിഞ്ചിപ്പോയ ദുപ്പട്ടയിൽ കൈകൾ കുരുക്കുകൾ ഉണ്ടാക്കുകയും അഴിക്കുകയും ചെയ്യുന്നു...
അവളാണ് പെണ്ണ്...
ആണിൻെ  കാമം തുളുമ്പുന്ന നോട്ടത്തെ ഒറ്റ നിമിഷത്തിൽ ഇല്ലാതാക്കുവാൻ അവളുടെ ദുപ്പട്ടക്കുരുക്കിന് സാധിച്ചിരുന്നു. അവൾ ധീരയായിരുന്നു ഥാക്കുമായുടെ തീഷ്ണമായ വാക്കുകൾ അവളെ അങ്ങനെ തന്നെ രൂപാന്തരപ്പെടുത്തിയതാവണം.
ശവവണ്ടികൾ കടന്നു പോകുന്ന ഇടുങ്ങിയ പാതകൾ ചിതാഗന്ധം എന്നിവ അവളിൽ മരണത്തിൻെ ഭയം ഇല്ലാതെ ആക്കിയിരിക്കണം ...
സൊനാഗച്ചിയിലെ തെരുവോരങ്ങളിൽ  ആവശ്യക്കാരില്ലാതെ അലയുന്ന സ്ത്രീകൾ എന്തുകൊണ്ടാണ് പുരുഷന് അടിയറവ് പറഞ്ഞത് ??? പ്രണയവും ചതിയും ഇടകലർത്തി അവരുടെ ചാരിത്ര്യം കവർന്നവർ  അവരുടെ മാംസം വിറ്റ് തിന്നുകയായിരുന്നില്ലേ...

ചേതൂ നിന്നെ ഞാൻ തീവ്രമായ് പ്രണയിച്ചു പോകുന്നു.
പഴയ പ്രതാപവുംചരിത്രവും ഉറങ്ങുന്ന നിൻെ വീട്ടിൽ വന്ന് രാമുദായുടെ കട്ടിലിൽ വന്നിരുന്ന് ഒന്നു ചേർത്തു പിടിക്കാൻ തോന്നുന്നു ...

ഒരു ആരാച്ചാർ ആയ നിന്നെ ആരു വിവാഹം കഴിക്കാനാണ് എന്ന ചോദ്യം നീയുണ്ടാക്കിയ ദുപ്പട്ടക്കുരുക്കിൽ നട്ടെല്ലു തകർന്ന് കഴുത്തെല്ലൊടിഞ്ഞ് അവസാന സ്ഖലനവും നടത്തി മരിച്ചു വീഴട്ടെ...

മതത്തിൻെയും ജാതിയുടെയും വർണ്ണ്യചാതുര്യത്തിൻെയും ആശങ്കകളില്ലാതെ നിന്നെ പ്രണയിക്കുവാൻ ഞാനൊരുക്കമാണ് ചേതൂ... 
ആർക്കും അടിയറവെക്കാത്ത പ്രകൃതം നിന്നിലേക്ക് എന്നെ കൂടുതൽ ചേർത്തു നിർത്തുന്നു...

കഫക്കട്ടകളും മുറുക്കാൻ ചവച്ചു തുപ്പിയ പാടുകൾ ചോരക്കറപോലെ നിഴലിച്ചതുമായ ഇടുങ്ങിയ പായൽ പിടിച്ച റോഡും ശവവണ്ടികളും മരണപ്പെട്ടവരുടെ വിലാപവും ചിതകത്തിയെരിയുന്ന ശവഗന്ധവും  ഇനി നിന്നെ അലോരസപ്പെടുത്തുകയില്ല.  എൻെ നാടിൻെ വിശുദ്ധിയിൽ,
കാവും പുഴയും നെൽപാടങ്ങളും ആമ്പൽക്കുളവും മഹാദേവക്ഷേത്രങ്ങളും  നിൻെ മനസിലെ കരുവാളിച്ച ഓർമ്മകളെ ഇല്ലാതാക്കും എന്നെനിക്ക് ഉറപ്പാണ്...

നിൻെ കൈ പിടിച്ച് ഈ  ഗ്രാമവീഥിയിലൂടെ നമുക്ക് സായന്തനങ്ങളിൽ നടന്നു നീങ്ങാം...
എനിക്ക് സാന്ത്വനം തരുന്നതും ഞാൻ ഏകനായ് പോയിരിക്കാറുമുള്ളിടങ്ങളിൽ ഇനി നിൻെ സാമിപ്യം ഞാൻ ആഗ്രഹിക്കുന്നു
ചേതന ഗൃദ്ധമല്ലിക് എന്ന ചേതൂ നിന്നെ ഞാൻ പ്രണയിക്കുന്നു ...

കാർമേഖത്തിൻെ കീറലുകൾക്കിടയിൽ സ്വർണനാണ്യം തിരുകി വച്ചതുപോലെ സൂര്യൻ നിൽക്കുന്നു ഇനിയും കാലങ്ങൾ മുന്നോട്ടു പോകണം നിൻെ ഉദരത്തിനുള്ളിൽ ഒരു പെൺകരുത്ത് പൊക്കിൾക്കൊടിയിൽ കുരുക്കിട്ടും അഴിച്ചും വളരണം  പുരുഷപ്രജകൾക്ക് കാമശമനത്തിന് മാത്രമല്ല ഒരു സ്ത്രീയെന്ന പാഠം ഇനിയുള്ള തലമുറയും പഠിക്കണം . ചേതൂ നിന്നെ പോലെ ഒരായിരം പേരുണ്ടാവണം...

ജൊതീന്ദ്രനാഥിന് നീ നൽകിയ മരണശിക്ഷ അത് അവശ്യമായിരുന്നു.പിഞ്ചുബാലികയെ 16 വന്യമുറിവുകൾ നൽകി കൊന്ന ജൊതിന്ദ്രനാഥിന് മറ്റെന്തു ശിക്ഷയാണ് ഉതകുക??
ആ ബാലികയുടെ കൈകളിൽ അമ്മയുടെ ജീവൻ നിലനിർത്താൻ വാങ്ങിയ മരുന്നുകൾ ഒരു ഹൃദയം കണക്കെ പിടച്ചിരുന്നു അതെങ്ങനെയാണ് കാണാതെ പോവുക??

ഈ രാത്രിയിലും നിൻെ ആദ്യ സത്കർമ്മം കൺമുന്നിലെന്ന പോലെ ഞാൻ കണ്ടിരുന്നു. അന്ധകാരപ്പുതപ്പ് മാറ്റി സൂര്യനും ഉറക്കം നഷ്ടപ്പെട്ടപ്പെട്ടവനെപ്പോലെ, ആ കർമ്മത്തിന് പാതിമയക്കത്തിൽ കണ്ട് സന്തോഷിച്ചിരിക്കാം...
പുലർമഞ്ഞു തുള്ളികൾ തട്ടിത്തെറിച്ച് ജൊതീന്ദ്രനാഥിൻെ നെറ്റിത്തടത്തിൽ ഊർന്നു വീണ് അവനെ മരണത്തിലേക്ക് ആനയിച്ചിരിക്കാം . തൂക്കുമരം സ്ഥിതി ചെയ്തിരുന്നിടത്തെ മഞ്ഞ ലൈറ്റുകളും നിശബ്ദം നിൽക്കുന്ന ജനാവലിയുമാകാം ജൊതീന്ദ്രൻെ അവസാന കാഴ്ചയും . കഥകൾ പറഞ്ഞ് നീ കുടുക്ക് കഴുത്തിലണിയിക്കുമ്പോൾ ജൊതീന്ദ്രൻ മരണത്തെ ഭയപ്പെട്ടിരിക്കാം ...
ഉദ്യോഗസ്ഥൻെ കയ്യിലിരുന്ന ചുവന്ന തൂവാലത്തുമ്പ് അർബുദനരകത്തിലേക്കുള്ള വാതായനങ്ങൾ ജൊതീന്ദ്രന് തുറന്ന് കൊടുത്തു ജയിലറ മുഴുവൻ പ്രകമ്പനം കൊള്ളുമാറ് തൂക്കുമരത്തിൻെ കാൽപലകകൾ ആർത്തു വിളിച്ച് വായ പിളർന്നു..

നിൻെ ബാബ ചെയ്തത് തെറ്റാണെന്ന് നീ കരുതുന്നുവോ ചേതൂ...
കാക്കിമായെയും കാക്കുവിനെയും ബോടി കൊണ്ട് കൊന്ന ആ നിമിഷത്തെ നിനക്ക് ഇപ്പോഴും വ്യക്ത്യമായില്ല അല്ലേ...

നിൻെ കാക്കിമായെ കാളിഘട്ടിനു സമീപം വേശ്യവൃത്തിയിൽ കണ്ടതിനാണ് ചേതു നിൻെ ബാബ ഫോണിഫൂഷൺ ഗൃദ്ധാമല്ലിക്  അദ്ദേഹത്തിൻെ നീതി നടപ്പാക്കിയത് . പാവം നിൻെ കാക്കുവിനെ ഗത്യന്തരമില്ലാതെ കൊന്നതാണ് ...

ചമ്പയെയും രാരിയെയും കൂടി നമുക്ക് വളർത്താം ഒരിക്കലും അവരുടെ അമ്മ മരിച്ചത് എന്തിനായിരുന്നു എന്ന് അവർ അറിയരുത്...

സഞ്ജീവ് കുമാർ മിത്രയെ നീ പ്രണയിച്ചിരുന്നു. എങ്കിലും അവൻെ നിർവികാരമായ പച്ചക്കണ്ണുകളിൽ ഒരിക്കലും നീ പ്രണയത്തെ ദർശിച്ചില്ല. അവൻ തികച്ചും അവൻെ ജീവിതത്തെ കരുപ്പിടിപ്പിക്കുവാനുതകുന്ന ഒരു വസ്തുവായ് കണ്ടു ചാനലിലൂടെ അവന് കിട്ടുന്ന പണവും ചാനലിനുണ്ടായേക്കാവുന്ന റേറ്റിംഗും അവൻ നിന്നിലൂടെ കണ്ടു. നീ ഒരു വിൽപന വസ്തുവായിരുന്നു അവന് അല്ലേ ചേതൂ ...

എനിക്കറിയാം നിൻെ വിരലുകൾ ഇപ്പോൾ ദുപ്പട്ടയിൽ എനിക്കായ് ഒരു കൊലക്കയർ തീർക്കുന്നുണ്ടാവും.വർദ്ധിത ക്രോധത്താൽ എൻെ കഴുത്തിൽ അതൊരു വരണ്യമാല്യം കണക്കെ 4ഉം 5ഉം കശേരുക്കൾക്കിടയിൽ എൻെ കൃത്യം ഭാരം മനസിൽ കണക്കാക്കി അതായത് ഏകദേശം 55 കിലോ
എൻെ ഗളത്തിൽ ആ കുരുക്ക് കടന്ന് വലിഞ്ഞു മുറുകും മരണത്തിൻെ വേദന എന്നിലൂടെ കടന്നു പോകും.
പക്ഷേ എനിക്ക് ഭയമില്ല ചേതൂ ...
മരണം എല്ലാവരെയും പ്രാപിക്കും മരണത്തെ ഭയക്കാത്തവർ ആരാണുള്ളത് അല്ലേ പക്ഷേ എനിക്ക് ഭയം തോന്നുന്നില്ല. മരണം തികച്ചും അനിവാര്യമായ ഒന്നാണ്

നിന്നിലേക്ക് എന്നെ നടത്തുന്നതും മരണമാണ്.
ഞാനും പ്രണയിച്ചിരുന്നു ചേതു നിന്നെ പോലെ.
അവളെ സ്വന്തമാക്കുവാൻ ഞാനും ആഗ്രഹിച്ചിരുന്നു പക്ഷേ അവളുടെ നീലതിളക്കമുള്ള കണ്ണുകളിൽ എൻെ പ്രണയം നഷ്ടപ്പെട്ടിരുന്നു ...
451 പേരെ നിൻെ ബാബ തൂക്കിലേറ്റിയിരുന്നു അദ്ദേഹത്തിന് സ്വന്തം കഥകൾ വിളിച്ച് പറയുവാൻ വലിയ താൽപര്യമായിരുന്നു മരണത്തിൻെ കഥകൾ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ...
സ്ട്രാൻഡ് റോഡിലൂടെ രാവും പകലുമെന്നില്ലാതെ കടന്നു പോയ വണ്ടികൾ നിങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു അല്ലേ...

നീ സ്ത്രീകളുടെ മുഴുവൻ പ്രതീകമാണ് ചേതനാ...
വിശ്വകർമ്മാവിനാൽ സൃഷ്ടിചെയ്യപ്പെട്ട സ്ത്രീകൾ ആണിൻെ മോഹങ്ങൾക്ക് അറുതിവരുത്തുവാൻ മാത്രമല്ല പെണ്ണായ് പിറന്നത്. നിങ്ങൾ അബലകളല്ല .
നീ അത് പലപ്പോഴും തെളിയിച്ചു കൊണ്ടിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
എന്തുകൊണ്ട് സ്ത്രീകൾ അടുക്കളപ്പുറങ്ങളിലും സൊനാഗച്ചി പോലുള്ള വേശ്യത്തെരുവുകളിലും തളച്ചിടപ്പെടുന്നു എന്ന് നീ ചിന്തിച്ചിട്ടുണ്ടോ?
സ്വയം എതിർക്കാനോ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടാതെ വരികയും ചെയ്യുമ്പോൾ  സ്ത്രീകൾ മനസുകൊണ്ട് അബലകളായ് മാറുന്നു അടിമകളായ് കഴിയണ്ടവരാണ് എന്ന് ഗത്യന്തരമില്ലാതെ ചിന്തിച്ചു പോകുന്നു . എന്തുകൊണ്ട് നിങ്ങളുടെ വാക്കുകളിൽ അഗ്നി സ്ഫുലിക്കുന്നില്ല?? ഒരേയൊരു തവണയെങ്കിലും കരുത്തു തെളിയിച്ചാൽ മാനം കെട്ട് അടിമത്വബോധത്തിൽ നിന്നു നിങ്ങൾക്ക് കര കയറാം വാക്കുകൾക്ക് കഠാരിയുടെ മൂർച്ചയുണ്ടാവുമ്പോൾ പെണ്ണും വിജയിച്ചു തുടങ്ങുന്നു...

ചേതൂ എനിക്ക് നിന്നെ പ്രണയിക്കണം...
നിൻെ അനുവാദത്തോടു കൂടി തന്നെ...

    ​അഘോരി​
#####################