Tuesday, August 7, 2018

കുഴിമാടത്തിനരികെ ഒരു കുമ്പസാരം


(കവിത)
മഞ്ഞിൻെ നേർത്ത പൊട്ടുകളുള്ള പുലരിയിൽ സൂര്യനുണരുന്നതും കാത്ത് കളകണ്ഠങ്ങളുടെ മധുരതരമായ പിന്നണിയിൽ പുഴയുടെ ശാന്തമായ സംഗീതത്തിൻെ   ഇടയിൽ അസ്ഥിക്കഷണങ്ങളിലേക്ക് നൂഴ്ന്നിറങ്ങുന്ന തണുപ്പിൻെ ശീൽക്കാരങ്ങളോട് ശരീരത്തിലെ ഓരോ ഭാഗങ്ങളും യുദ്ധം ചെയ്ത് ജയപരാജയങ്ങൾ അളക്കുന്നതിനിടയിലാണ്  നിൻെ മുഖം ഇന്നും ഓർമ്മയിൽ തെളിയുന്നത് തികച്ചും അവിചാരിതമായ ഒരു കണ്ടുമുട്ടൽ. പാതയുടെ ഇരു വശങ്ങളിലും പാടശേഖരങ്ങളും കർഷകൻ  ജീവജലത്തിൻെ ഒഴുക്കിനായ് ഭാഗം വെച്ച് പുഴയിൽ നിന്നും അവകാശമെന്നോണം  ഊറ്റിയെടുത്ത ജലത്തിന് പാതയൊരുക്കിയ കയ്യാണിയിലൂടെ ചെറു പരലുകൾ വെള്ളം തെറിപ്പിച്ച് കളിച്ചിരുന്നു.

        ചെറിയ മുഖവും വാലിട്ടെഴുതിയ  നക്ഷത്രക്കണ്ണുകളിലെ തിളക്കത്തിന് വല്ലാത്ത വശ്യതയായിരുന്നു
മുന്നിലേക്ക് പടർത്തിയിട്ട കുറച്ച് മുടിനാരിഴകൾ  നിൻെ കവിളുകളെ ചുംബിച്ചിരുന്നു. മൂക്ക്കൂത്തിയുടെ കല്ലിൽ വളരെ സൂഷ്മമായ  സൂര്യ രശ്മികൾ പതിച്ച് വജ്രസമാനം തോന്നിച്ചിരുന്നു.
കങ്കണങ്ങളുടെയും കൊലുസിൻെയും കിലുക്കങ്ങൾ നീയെത്ര സുന്ദരിയാണെന്ന് അടക്കം പറഞ്ഞിരുന്നു .

എൻെ ഹൃത്തുടിപ്പുകൾ  അതിൻെ ഉച്ഛസ്ഥായിയിൽ രുദ്രതാളം തീർത്തുകൊണ്ടേയിരുന്നു. മന്ദമാരുതൻ എവിടെ നിന്നോ ഒരു മുല്ലപ്പൂ വാസനയും പേറി എന്നെ ചുംബിച്ച്  നാണിച്ച് ഓടിയകന്നിരുന്നു.
പാദങ്ങൾ നക്കിയെടുത്ത മണൽത്തരികൾക്ക്  ഇക്കിളിപ്പെടുത്തുന്ന കഥകൾ പറയാനുണ്ടായിരുന്നു .

     പിന്നെയും ദിനങ്ങൾ വിരിഞ്ഞും കൊഴിഞ്ഞും ഭിത്തിയിൽ തൂക്കിയിട്ട കറുപ്പും ചുവപ്പും അക്കങ്ങളിലൂടെ ഞാൻ ഓർക്കുകയും മറക്കുകയു ചെയ്തു . കാത്തു നിന്ന് മുഷിഞ്ഞ ഇരവുകളിൽ നിരാശയുടെ രക്തം കലർന്നിരുന്നു.
അൽപായുസ്സുകളായ പൂവുകൾ സൗന്തര്യത്തിൻെ പ്രതീകങ്ങളെന്ന് വിശേഷിപ്പിക്കുകയും  മരണപ്പെടുകയും ചെയ്തു തേൻ നുകരാനെത്തിയ ചിത്രശലഭങ്ങൾ അവരുടെ കാമുകിമാരായ പുഷ്പങ്ങളോട് പറയാതെ പോയ എൻെ പ്രണയത്തെക്കുറിച്ച്  അടക്കം പറയുകയും പുച്ഛിക്കുകയും ഒടുക്കം ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ച് പറഞ്ഞു നീ ഒരു വിഢിയാണ് മനുജാ...

ശരിയാണ് പറയാതെ അറിയാതെ പോയ പ്രണയം ഇന്നുറങ്ങുന്നുണ്ട് മഞ്ഞിൻ കണങ്ങൾ പുൽത്തുമ്പിലൂർന്നു വീണ് ഭൂമിയെ പുണരുമ്പോൾ അവളും അതറിയുന്നു ...
മഴനനയുവാൻ ഒരുപാടിഷ്ടമുള്ള അവൾ രോഗങ്ങളെ ഭയക്കാതെ മഴ നനയുന്നു. സൂര്യൻെ അഗ്നിസർപ്പങ്ങൾ ഭൂമിയെ കൊത്തിപ്പറിക്കുമ്പോൾ
അരുതേയെന്ന് നിലവിളിച്ചുകൊണ്ട്  അപരിചിതരായവരുടെ ഇടയിൽ നിന്നും അവളും കരയുന്നു

ലില്ലിപ്പൂക്കളുടെ കിരീടം ചൂടി ശുഭ്ര വസ്ത്രങ്ങളണിഞ്ഞ് അവൾ രാത്രിയിൽ പുതപ്പിൻെ സഹായമില്ലാതെ ഉറങ്ങുന്നു. മണ്ണിട്ടു മൂടപ്പെട്ട പറയാതെ മനസുകൊണ്ട് പ്രണയിച്ചവളുടെ കുഴിമാടത്തിൽ മുള്ളുകൊണ്ട് രക്തത്തുള്ളികൾ പറ്റിചേർന്ന ഒരു ചുവന്ന റോസാപുഷ്പം വെച്ച്  ഞാനെൻെ പ്രണയത്തെ വീണ്ടും കുഴിച്ചു മൂടുന്നു ആരും അറിയാതെ പോയവ അവിടെ ഉറങ്ങട്ടെ സമാധാനത്തോടെ

*അഘോരി*

No comments:

Post a Comment