മേഘങ്ങളുടെ സഞ്ചാരമേ ഇല്ലാത്ത തെളിഞ്ഞ ആകാശം നിറയെ നക്ഷത്രങ്ങള്‍ പൂത്തു നിന്നു . നിലാവ് അതിന്റെ എല്ലാ പ്രഭാവങ്ങളും പ്രേമവും ഭൂമിയിലേക്കൊഴുക്കിത്തുടങ്ങി. കാട്ടുതീവിഴുങ്ങിയതിന്റെ വിസര്‍ജ്യമെന്നപോല്‍ കണ്ണെത്താ ദൂരേക്ക് കരിഞ്ഞുണങ്ങിപ്പോയ വൃക്ഷങ്ങളുടെ അസ്ഥിപഞ്ചരങ്ങളും അവിടിവിടെയായി പ്രേതവിരലുകള്‍ പോലെ കുറ്റിക്കാടുകളും നിലാവില്‍ കറുത്ത നിഴലാട്ടങ്ങള്‍ നടത്തി . കുറച്ചകലെ അങ്കൂരി ദേശത്തില്‍ നിന്നും കാളത്തോല്‍കൊണ്ടുണ്ടാക്കിയ പറയുടെ അതി ചടുലങ്ങളായ താളങ്ങള്‍ അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തിത്തുടങ്ങി . രണ്ട് വലിയ കോലുകള്‍ ഉപയോഗിച്ച് പറയുടെ പുറകിലിരുന്നു മ്ബ്ടു തന്റെ കറുത്ത ബലിഷ്ഠമായ കരങ്ങള്‍ താളക്രമേണ ചലിപ്പിച്ച് പറയുടെ ധ്വനികള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും മുറുക്കുകയും ചെയ്തു. അവന്റെ കണ്ണുകള്‍ അഗ്നിജ്വാലകള്‍ക്കു ചുറ്റം നൃത്തം വയ്ക്കുന്ന കാടന്‍മാരായ തന്റെ കുലക്കാരെ മുഴുവന്‍ പ്രതിബിംബിപ്പിക്കുന്നുണ്ടായിരുന്നു. ചെളിമണ്ണ് കുഴച്ച് തേച്ച ആ പുല്‍മാടങ്ങളുടെ വാതിലിനു മുന്നില്‍ മനുഷ്യന്റെ അസ്ഥിക്കഷണങ്ങള്‍ മുളനാരില്‍ തൂക്കി ഇട്ടിരുന്നു. കുടിലിനുള്ളില്‍ ഒരു പ്രസവം നടക്കുകയാണ് അതിന്റെ ആഘോഷങ്ങളാണ് ഈ കാണുന്നത് മുഴുവന്‍ . കറുത്ത വര്‍ഗക്കാരും അപരിഷ്കൃതരും വിവേകം തെല്ലും തൊട്ടുതീണ്ടാത്തവരുമായ ഇവരുടെ ചെറ്റകളില്‍ ആജാനുബാഹുക്കളായ കറുത്ത മനുഷ്യന് നിവര്‍ന്ന് നില്‍ക്കാല്‍ പോലും കഴിയില്ല. അല്‍പം കുനിഞ്ഞ് വേണം ചെറ്റയിലൂടെ അവന് നടക്കുവാന്‍ .
മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിലിന്‍മേല്‍ ചേടിമണ്ണ് കൊണ്ട് തലമുടിപൊതിഞ്ഞ് ദേഹത്തില്‍ അവിടിവിടെ പച്ച കുത്തിയ കറുത്ത യുവതി പ്രസവവേദനകൊണ്ട് നിലവിളിക്കുകയും അമക്കുകയും മൂളുകയും ഞരങ്ങുകയും ചെയ്യുകയാണ് . പേറെടുക്കാനായി കൂട്ടത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ മത്സരിക്കുന്നു . എന്തെന്നാല്‍ തങ്ങളുടെ കബാക്കയുടെ സന്തതിയെ ആരാഗ്യത്തോടെ പേറെടുക്കണം എന്ന കഠിനമായ കര്‍ത്തവ്യമാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത് .
തന്റെ കുടിലിന് പുറത്ത് ചാരിയിരിക്കാന്‍ പാകത്തിന് ഉണ്ടാക്കിയ മുളക്കസേരയില്‍ കിംബാബ്വോ എന്ന കബാക്ക അക്ഷമനായിരിക്കുകയാണ് തനിക്കൊര് ആണ്‍കുഞ്ഞ് വേണമെന്നും അവന്‍ തന്റെ കാലശേഷം ഈ ഗോത്രവര്‍ഗക്കാരെ മുഴുവന്‍ നയിക്കുന്ന ധീരനായ ഒരു രാജാവായിരിക്കണം എന്നതും ആയിരുന്നു അയാളുടെ ആഗ്രഹം .
ചുരങ്ങാത്തോടില്‍ നിറച്ച പോംപി മൊത്തിക്കുടിച്ചുകൊണ്ടും അരക്കെട്ടുകളില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് വട്ടത്തില്‍ ചുറ്റി തീയ്ക്ക് ചുറ്റും നൃത്തം വയ്ക്കുന്ന ആണും പെണ്ണുമടങ്ങുന്ന ആ സംഘം ഒരുത്സവാഘോഷത്തിലാണ് . ഇടക്കിടെ നൃത്തങ്ങളില്‍ നിന്നും വേര്‍പെട്ട് കടല്‍ക്കരയിലേക്കോ ഒഴിഞ്ഞ കുടിലുകളിലേക്കോ പ്രണയകാമസല്ലാപങ്ങളുടെ സമ്മര്‍ദ്ദങ്ങളെ ഒഴുക്കിക്കളയുവാന്‍ പോകുന്ന പ്രണയിതാക്കള്‍ അവരുടെ ശാരീരിക ആവശ്യങ്ങളൊഴിഞ്ഞ് വീണ്ടും തിരികെ നൃത്തച്ചുവടുകളിലേക്ക് തിരികെ വന്ന് ചേരുന്നതും കാണാമായിരുന്നു.
കുടിലനകത്തു നിന്നും ഒരാര്‍ത്ത നാദത്തോടൊപ്പം കുഞ്ഞിന്റെ ''ള്ളേ ള്ളേ '' എന്ന കരച്ചില്‍ പുറത്തേക്കൊഴികവന്നപ്പോള്‍ മ്ബ്ടു തന്റെ പറയടിയുടെ ശബ്ദവീചികളെ ഒരു ചെറിയ കുന്ന് കയറിയിറങ്ങുന്നതുപോലെ നേര്‍പ്പിച്ച് തന്റെ പുതിയ നേതാവാകാനുള്ള കുഞ്ഞിന്റെ കരച്ചിലിന് ചെവിയോര്‍ത്തു.
അന്നേരം തണുത്ത കാറ്റിനോടൊപ്പം കുടിലിനുള്ളില്‍ നിന്നും മുഖത്ത് പച്ചകുത്തി മേല്‍ച്ചുണ്ടില്‍ മുളങ്കോല്‍ തിരുകി കഴുത്തില്‍ കല്ലുമാലകള്‍ അണിഞ്ഞ ഒരുവള്‍ പുറത്തേക്കിറങ്ങി വന്ന് കിബാക്കോയുടെ കുട്ടി ആണ്‍കുഞ്ഞാണെന്നറിയിച്ച് അകത്തേക്ക് തന്നെ കയറിപ്പോയി .
തന്റെ മുളക്കസേരയില്‍ ഇരുന്ന് ഒരു ചുരങ്ങാത്തോടിലേക്ക് പോംപെ നിറക്കാന്‍ ആജ്ഞാപിച്ച് കിംബാബ്വോ സന്തോഷവാനായി തീക്കുണ്ഡത്തിനരികിലേക്ക് നടന്നു . അന്നത്തെ വേട്ടഫലമായ സിംഹത്തിന്റെ ഇറച്ചി പലതുണ്ടങ്ങളായി മുറിക്കുവാനും യഥേഷ്ടം ഭക്ഷിക്കുവാനും അവന്‍ അവര്‍ക്കനുവാദം നല്‍കി .
കുന്തവും കത്തികളുമായി പാഞ്ഞടുത്ത യുവതികളും യുവാക്കളും വൃദ്ധന്‍മാരുമടക്കം അവരുടെ പങ്ക് വെട്ടിമുറിച്ച് ചിലര്‍ തന്റെ രാകി കൂര്‍പ്പിച്ച പല്ലുകള്‍ കൊണ്ട് അപ്പോള്‍ തന്നെ പച്ചക്ക് തിന്നുവാനും ചിലര്‍ അവരുടെ പങ്കായ സിംഹ ഇറച്ചി തീയില്‍ ചുട്ടെടുത്ത് കുറേശ്ശെയായി തിന്നുവാനും ആരംഭിച്ചു . കുട്ടികള്‍ നഗ്നമായ ഉടലോടെ അവരുടെ ചെറിയ ചന്തിയും ലൈംഗികാവയവങ്ങളും പുറത്ത് കാണിച്ച് കൊണ്ട് തീക്കുണ്ഡത്തിനും സിംഹത്തിന് ചുറ്റുമായി ഓടിക്കളിക്കുകയും സിംഹത്തിന്റെ മുഖത്തെ രോമങ്ങള്‍ പിടിച്ച് വലിക്കുകയും അതിന്റെ വായ പിളര്‍ത്തി നോക്കുകയും ചെയ്തു .പുലരിയുടെ ആരവങ്ങള്‍ പ്രകൃതിയെ വന്നുണര്‍ത്തിയപ്പോഴാണ് അവരുടെ ആഘോഷങ്ങള്‍ അവസാനിച്ചത് .
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു .
കിംബാബ്വേയുടെ മകന്‍ ഓടിക്കളിക്കുവാന്‍ തുടങ്ങി . അവന്‍ അച്ഛനും അമ്മക്കുമൊപ്പം വെള്ളം ശേഖരിക്കുവാന്‍ വെള്ളക്കുഴികള്‍ തേടി തരിശുഭൂമിയിലൂടെ ചിലപ്പോള്‍ അനേകം മൈലുകള്‍ നടക്കും. അമ്മയെ പേടിപ്പിക്കുവാനും കുറുമ്പ് കാണിക്കുവാനും കരിഞ്ഞുണങ്ങിയ ചെറിയ കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയും അമ്മ അന്വേഷിച്ച് നടക്കുമ്പോള്‍ ശരം കണക്കെ കുറ്റിച്ചെടികള്‍ക്കിടയിലൂടെ അമ്മയ്ക്ക് മുന്നില്‍ ചാടിവീഴുകയും പിന്നെ ചിരിച്ചുകൊണ്ട് പൊടിമണ്ണില്‍ കിടന്നുരുളും.
അവന്‍ ഒരു വലിയ വേട്ടക്കാരന്‍ ആകുമെന്ന് അവന്റെ അച്ഛന്‍ അന്നേരങ്ങളില്‍ തന്റെ പ്രിയപ്പെട്ടവളോട് പറയും.
ജലക്ഷാമം രൂക്ഷമായതിനാല്‍ വെള്ളക്കുഴികള്‍ക്ക് വേണ്ടി പല വര്‍ഗക്കാരും തമ്മില്‍ തമ്മില്‍ ചെറിയ കശപിശകള്‍ ഉണ്ടാകാറുണ്ട് .ന്യാഞ്ചോ വര്‍ഗ്ഗക്കാരും ആയി കഴിഞ്ഞ ദിവസം കിംബാബ്വോയ്ക്കും കൂട്ടര്‍ക്കും ഒരു ഭീകരസംഘട്ടനം തന്നെ നടത്തേണ്ടതായി വന്നു.കാടുകളും ജലപാതങ്ങളും മഴക്കാടുകളും തടാകങ്ങളും എല്ലാം ആ കരയില്‍ തന്നെ ഉണ്ടെങ്കിലും അവയെല്ലാം മൈലുകള്‍ക്കപ്പുറത്തായതിനാലും, പലതരം ക്രൂരമൃഗങ്ങളുടെ സാന്നിധ്യവും മൂലം അവിടെ എത്തിപ്പെടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ് പോരാത്തതിന് പലതരം ഗോത്രവിഭാഗവുമായി തമ്മില്‍ തല്ലും വേണ്ടി വന്നേക്കാം . പക്ഷേ ഇന്ന് അധികാരികളെ ഭയന്ന് ആരും അങ്ങനൊരു സാഹസത്തിന് മുതിരുകയില്ല. ഇരുവിഭാഗക്കാരുടെ യുദ്ധങ്ങളെ നിയന്ത്രിക്കുവാനും കുറ്റക്കാരെ തൂക്കിക്കൊല്ലുവാനും പണ്ടേതോ കാലത്ത് വെള്ളക്കാരന്‍ സ്ഥാപിച്ച കഴുമരങ്ങള്‍ ഭീതിയുടെ പ്രേതാലയം പോലെ പലയിടങ്ങളിലും നിഴലിച്ച് നില്‍പ്പുണ്ട് .
★★★★★★★★★★★★★★
ഗോത്രത്തിലെ എല്ലാ കുട്ടികളും തന്നെ എപ്പോഴും ഒരുമിച്ചൊരു കൂട്ടമായി പലതരം കളികളിലേര്‍പ്പെടാറുണ്ട്. ചളിമണ്ണ് വാരിയെറിഞ്ഞും വലിയ കമ്പുകൊണ്ട് നിലത്ത് വച്ചിരിക്കുന്ന ചെറിയ ചുള്ളിക്കമ്പിനെ അടിച്ച് തെറിപ്പിക്കുകയും തമ്മില്‍ തമ്മില്‍ മണലില്‍ കിടന്ന് ഉരുണ്ട് മറിയുകയും ഒക്കെ ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഈ ഗോഷ്ടികള്‍ കണ്ട് കയ്യടിക്കുകയും പോരില്‍ ജയിക്കുന്നവനെ ഉണക്കച്ചുള്ളികള്‍ കൊണ്ട് മാലയിട്ട് ആദരിക്കയും ചെയ്യും . നാട്ടുരാജാവായ കിംബാബ്വോയുടെ മകനെ എല്ലാവരും വളരെ സ്നേഹത്തോടെയാണ് നോക്കിക്കാണാറ് . അവന് പേരിട്ടിട്ട് അന്ന് ഏകദേശം മുപ്പത് ദിവസത്തോളം കഴിഞ്ഞിരുന്നു. പേരിടില്‍ ചടങ്ങും പറയടിയുടെ താളത്തില്‍ ആചാരങ്ങളുടെ ഭാഗമായിതന്നെ നടന്നു . തന്റെ മകന് . മാംബോ എന്നാണ് കിംബാബ്വോ പേരിട്ടത് .
മാംബോയുടെ കളികളെയും വളര്‍ച്ചയെയും നിരീക്ഷിച്ച് കൊണ്ട് എപ്പോഴും മ്ബ്ടു അവനരികില്‍ തന്നെ ഉണ്ടാകും. മലച്ച ചുണ്ടും പതിഞ്ഞ മൂക്കും ഗുഹപോലുള്ള വലിയ വായയും കറുത്ത് നീണ്ട കാലുകളും ഉള്ള ഈ ആജാനുബാഹു ഗോത്രത്തിലെ ധീരനായ വേട്ടക്കാരനാണ് . അവന്‍ പലയിടങ്ങളിലും ചുറ്റി സഞ്ചരിച്ചിട്ടുണ്ട് . ഒരിക്കല്‍ ചെകുത്താന്റെ പിളര്‍പ്പ് (devils cataract ) എന്ന് വിളിക്കുന്ന വലിയ വെള്ളച്ചാട്ടം അവന്‍ ദൂരെ നിന്നും കാണുകയുണ്ടായി ആയിരക്കണക്കിനടി മുകളില്‍ നിന്നും വലിയ ഹുങ്കാര ശബ്ദത്തോടെ താഴെ ഒരു ഗര്‍ത്തത്തിലേക്ക് വീഴുന്ന വെള്ളച്ചാട്ടവും അതിന്റെ നുരയും പതയും പൊങ്ങി ആകാശത്തോളം തന്നെ കാഴ്ചമറക്കുന്നതും കണ്ട് പ്രകൃതി കോപിച്ചതാണ് എന്ന് അവന്‍ കരുതി . കുട്ടികള്‍ അവന്റെ യാത്രകളുടെ കഥകള്‍ കേള്‍ക്കുവാന്‍ മ്ബ്ടുവിന് ചുറ്റും കൂടുക പതിവാണ് അവരവനെ വശികരിച്ചും ചിരിച്ചും കൊഞ്ചിയും കഥകള്‍ പറയുവാന്‍ നിര്‍ബന്ധിക്കും .അവരോട് ഏറ്റവും സ്നേഹത്തോടെ അവന്‍ കഥകള്‍ പറഞ്ഞ് കൊടുക്കും . തങ്ങളുടെ പൂര്‍വ്വികരുടെ കഥകളും മറ്റും അവന്‍ അവരോട് വിശദീകരിക്കും വെള്ളക്കാരുടെ വരവിന് മുന്‍പ് അവരുടെ മുതുമുത്തച്ഛന്‍മാര്‍ മനുഷ്യമാംസം തിന്നിരുന്നതും വെള്ളക്കാരന്റെ ട്ടക്കേ ട്ടക്കേ എന്ന തീതുപ്പുന്ന തോക്കുകളെയും ചാട്ടവാറടിയെയും കഴുത്തില്‍ കയറിട്ട് കുരുക്കി കഴുമരങ്ങളെയും ഭയന്നഥ തന്റെ പ്രപിതാമഹന്‍മാര്‍ പരിവര്‍ത്തനപ്പെട്ട കഥകള്‍ അവന്‍ അവരെ പറഞ്ഞ് കേള്‍പ്പിക്കും .
നഗ്നരായ അങ്കൂറന്‍ സ്ത്രീകള്‍ തങ്ങളുടെ കാതുകള്‍ കൂര്‍പ്പിച്ച് മ്ബ്ടുവിന്റെ കഥകള്‍ കേട്ടിരിക്കും . കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുവന്നും കാലികളെ മേയ്ച്ചും ദൂരേക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് മ്പ്ടുവിന്റെ കഥകള്‍ വല്ലാത്ത ആശ്വാസം തന്നെ ആയിരുന്നു.
നിലാവും നക്ഷത്രങ്ങളും ആകാശത്തിലേക്ക് ഇറങ്ങിവരുമ്പോള്‍ മ്ബ്ടു വും മാമ്പയും കൂടി അവിടുത്തെ ഉയര്‍ന്ന പാറയിലേക്ക് നടക്കും . ഇരുട്ടില്‍ എല്ലുന്തിയ കാട്ടുമനുഷ്യക്കോലോ പോലെ തലപ്പുകളില്‍ തെല്ലും ഇലകളില്ലാത്ത കുറ്റിച്ചെടികള്‍ അവിടിവിടങ്ങളിലായി കണ്ടുകൊണ്ട് അവരാ കുന്ന് കയറും . അകലെ നിന്നും ചിലപ്പോഴൊക്കെ അടുത്ത പ്രദേശത്തു നിന്നും സിംഹഗര്‍ജ്ജനങ്ങള്‍ മുഴങ്ങിക്കേള്‍ക്കാം അന്നേരം കൊച്ചുമാംബ തന്റെ കുഞ്ഞ് വിരലുകള്‍ മ്ബ്ടുവിന്റെ നീണ്ട കൈകളില്‍ ചേര്‍ത്ത് മുറുകെ പിടിച്ച് തിക്കും പൊക്കും നോക്കി നടക്കും . അവസാനം അവര്‍ പാറയുടെ മുകളില്‍ എത്തിച്ചേര്‍ന്നു . അവിടെ നിന്നും ആയിരം അടി താഴേക്ക് ചിതറിക്കിടക്കുന്ന തന്റെ കുടിലുകളും പരന്നു കിടക്കുന്ന ഉണങ്ങിയ കാടും അതിനപ്പുറത്തേക്ക് കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന പച്ചപ്പ് പുതച്ച പ്രദേശങ്ങളെയും അത്രയും മുകളില്‍ നിന്നും മാംബ ആദ്യമായി കാണുകയായിരുന്നു. അകലെ പലയിടങ്ങളില്‍ നിന്നും ആകാശത്തിലേക്ക് കറുത്തുരുണ്ട പുക ഉയരുന്നു താഴെ ചെറിയൊരു തീപ്പന്തം കത്തിച്ചാലെന്ന പോലെ അഗ്നിജ്വാലകള്‍ ഉയരുന്നത് അവന്‍ കണ്ടു .
''മ്ബ്ടു അതെന്താണ് അവിടെ ''എന്ന് അവന്‍ ആശ്ചര്യത്തോടെ ചോദിച്ചു.
''മകനേ , നമ്മളെപ്പോലെ തന്നെ കാടുകളില്‍ ജീവിക്കുന്ന മനുഷ്യര്‍ രാത്രിയില്‍ തീകൂട്ടി നൃത്തങ്ങള്‍ക്ക് ചുവട് വയ്ക്കുന്നതാണ് .
ചെണ്ടയടി നീ കേള്‍ക്കുന്നില്ലേ ?''
''ഉണ്ട് '' എന്ന് കൊച്ചുമാംബോ ഉത്തരമായി പറഞ്ഞ് അകലെ നിന്നും ഉയരുന്ന പറയടിയുടെ നേര്‍ത്ത താളങ്ങള്‍ക്ക് പാറപ്പുറത്തുകൂടി തന്റെ പൃഷ്ടം ഇളഖ്കി തുള്ളിച്ചാടി .
മ്ബ്ടു ആ വികൃതിച്ചെറുക്കന്റെ നൃത്തം കണ്ട് ചിരിച്ചു പിന്നെ ആകാശത്തേക്ക് കണ്ണ് നട്ടിരുന്നു. മാംബോ മ്ബ്ടുവിന്റെ മടിയില്‍ വന്നിരിന്നു. പാറയുടെ ഒത്ത മുകളിലെ പരപ്പില്‍ ഇരുന്ന് മേഘങ്ങളുടെ തിരശീലയ്ക്കു പിന്നില്‍ മറയുകയും തെളിയുകയും ചെയ്യുന്ന നക്ഷത്രങ്ങളെയും നിലാവിനെയും നോക്കി അവര്‍ കുറേ നേരം സമയം പോക്കി ...
''മ്ബ്ടൂ ... ''
കൊച്ചു മാംബോ വിളിച്ചു.
''മ് ''
അവന്‍ ഒന്ന് മൂളി .
''ആകാശത്തില്‍ ഈ നക്ഷത്രങ്ങളൊക്കെ ആരാ കൊണ്ടു വെച്ചെ?'' വീണ്ടും മാംബോയില്‍ നിന്നും ചോദ്യമുയര്‍ന്നു.
''മകനേ, ഈ കാണുന്ന നക്ഷത്രങ്ങളൊക്കെ നമ്മുടെ മുത്തച്ഛന്‍മാരും അവരുടെ ഭാര്യമാരും ഒക്കെയാണ് മരിച്ച് കഴിയുമ്പോള്‍ അവരൊക്കെ നക്ഷത്രങ്ങളായി ആകാശത്തിലേക്ക് പറന്ന് പോകും .
''അപ്പോ ഞാനും മരിച്ചാ നക്ഷത്രമായി ആകാശത്തിലേക്ക് പറന്ന് പോവോ?''
അവന്റെ കുഞ്ഞുമനസില്‍ സംശയങ്ങള്‍ ഉണ്ടാവുകയാണ് എന്ന് മ്ബ്ടു തന്നത്താന്‍ ആലോചിച്ചു. താനും തന്റെ ചെറുപ്പത്തില്‍ പിതാവിനോട് ഇത്തരം സംശയങ്ങള്‍ ചോദിക്കുമായിരുന്നു.
അവന്‍ കൊച്ചുമാംബോയ്ക്ക് മറുപടിയായി തന്റെ ഗുഹപോലുള്ള വായ പിളര്‍ന്ന് ഹേ ഹേ ഹേേേയ്... ന്ന് ഉറക്കെ ചിരിച്ചു.
പിന്നെ അവന്റെ കുഞ്ഞി കഴുത്തില്‍ ഇക്കിളി കൂട്ടി . എന്നിട്ട് ദൂരേക്ക് കൈചൂണ്ടി ഓരോ നക്ഷത്രങ്ങള് ചൂണ്ടിക്കാണിച്ച് ഇല്ലാത്ത ചരട് കൊണ്ട് അവയെ ഒരുമിച്ച് കൂട്ടിക്കെട്ടി ഒരു ചിത്രം പോലെ മാംബോയെ കാണിച്ചു '' ദാ അതാണ് വേട്ടക്കാരന്‍ . ''
''വേട്ടക്കാരനോ ? അതാരാ ? '' മാംബോയുടെ സംശയങ്ങള്‍ തീരുന്നതേയില്ല.
''നീയും വലുതാകുമ്പോള്‍ ഒരു വേട്ടക്കാരനാകും സിംഹത്തെയും ഹിപ്പോകളെയും മാനുകളെയും പോത്തിനെയും ഒക്കെ നീ അന്ന് വേട്ടയാടും . അങ്ങനെ നീയും ഒരു വേട്ടക്കാരനാകും കുട്ടാ... മ്ബ്ടു വികൃതിച്ചെറുക്കന്റെ കുറ്റിത്തലമുടിയില്‍ മെല്ലെ തലോടി .
തണുത്ത കാറ്റ് ആ ഗിരിശൃംഖങ്ങളെയാകെ ഉലച്ചുകൊണ്ട് കടന്നു പോകുന്നുണ്ടായിരുന്നു. കരിഞ്ഞു പോയ കുറ്റിച്ചെടികളില്‍ കാറ്റ് പിടിക്കുമ്പോള്‍ അവ കിരു കിരാ ശബ്ദത്തോടെ ആടിക്കളിക്കും . മ്ബ്ടു പ്രകൃതിയുടെ ഓരോ അസ്വഭാവിക ചലനത്തിലും ചെവിയോര്‍ക്കും ഏതെങ്കിലും കരിമ്പുലിയോ ഇഴജന്തുക്കളോ ഹയീനയുടെ വീകൃതമായ ചിരികളോ മുഴങ്ങുന്നുണ്ടോ എന്നവന്‍ ചുറ്റുപാടും നിരീക്ഷിക്കും.
പാറക്കെട്ടിന് താഴേക്കൂടി ഒരു പറ്റം ആനകള്‍ കടന്ന് പോകുന്നത് കൊച്ചുമാംബോവിനെ രസിപ്പിച്ചു അവന്‍ നാലുകാലില്‍ നിന്ന് ആനയെപ്പോലെ ചിന്നം വിളിക്കാനും ഒരു കൈ നെറ്റിക്കുമീതേ കൂടി അന്തരീക്ഷത്തിലേക്ക് തുമ്പിക്കൈ പോലെ ഉയര്‍ത്തി അനുകരിക്കാനും തുടങ്ങി. കാട്ടാനക്കുട്ടം അകലെ മറയും വരെ അവനത് തുടര്‍ന്നു. പിന്നെ പുറകിലൂടെ വന്ന് മ്ബ്ടുവിന്റെ കഴുത്തില്‍ തന്റെ കുഞ്ഞിക്കൈകള്‍ ചുറ്റിപ്പിടിച്ച് നിന്നു.
കുറേനേരം കൂടി അവര്‍ അകലേ കാണുന്ന കാടിന്റെ കറുത്ത നിഴലുകളിലേക്കും അണയാന്‍ തുടങ്ങിയ തീക്കുണ്ഡങ്ങളുടെ അവശേഷിപ്പുകളിലേക്കും നോക്കിയിരുന്നു.
കൊച്ചുമാംബയ്ക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു. അവന്‍ കനം തൂങ്ങിയ കണ്‍പോളകള്‍ തുറന്നടച്ചുകൊണ്ട് മ്ബ്ടുവിന്റെ മടിയില്‍ തലചായ്ച്ചു.
ആകാശത്തിന്റെ അനന്തതയിലേക്ക് നോക്കി മ്ബ്ടു വളരെ സൗമ്യമായി ഒരു നാടന്‍ ഗാനം പാടിക്കൊണ്ട് കൊച്ചുമാംബയുടെ നിറുകില്‍ തലോടി .
''ആടുക പാടുക കാട്ടുമനുഷ്യാ കാട്ടാറിന്‍ കരയില്‍ പോകുക നീ ,
നിന്നുടെ ചോരക്കണമൊഴുകുന്ന നദിക്കരയില്‍ പോകുക നീ . കണ്ണഞ്ചിക്കും വര്‍ണ്ണത്തളിക ആകാശത്തില്‍ നോക്കുക നീ
പോകുക പോകുക കാട്ടുമനുഷ്യാ നിന്നുടെ പാത തെളിക്കുക നീ ''
എന്നിങ്ങനെ വീശിയടിച്ച തണുത്ത കാറ്റില്‍ അവന്റെ പാട്ട് അകലേക്ക് അകലേക്ക് അലിഞ്ഞു പോയി ...
##################
ആഴ്ചയിലൊരിക്കല്‍ ആണും പെണ്ണും കുട്ടികളുമടങ്ങുന്ന ഒരു ചെറു സംഘം ഏറ്റവും അടുത്ത ചന്തകളിലേക്ക് ആവശ്യ വസ്തുക്കള്‍ വാങ്ങാനും തങ്ങളുടെ പക്കലുള്ള വില്‍ക്കുവാനും പോകുക പതിവാണ്. ഓരോരുത്തരും തന്റെ ഊഴം കാത്തിരുന്ന് ചന്തയിലേക്ക് യാത്ര പോകും . അവര്‍ക്ക് ഉണക്കമത്സ്യം,ഉപ്പ് ,എണ്ണ ,മസാലകള്‍ ,ചായപ്പൊടി ,വാഴക്കുലകള്‍ , കല്ലുമാലകള്‍ ,തുണിത്തരങ്ങള്‍ ,ബിയര്‍ ,കത്തികള്‍ മുതലായവയാണ് ആവശ്യം. കാപ്പിക്കുരു ,സിംഹത്തോലുകള്‍,കന്നുകാലികള്‍ മുതലായവയെ ഇവര്‍ ചന്തയില്‍ വിറ്റഴിക്കും . ആഴ്ചച്ചന്തയിലേക്ക് പുറപ്പെടുവാന്‍ പെണ്ണുങ്ങളും ആണുങ്ങളും തലേന്നേ തന്നെ ഒരുക്കം കൂട്ടുകയാണ് . തങ്ങളുടെ വില്‍പ്പനച്ചരക്കുകള്‍ ഭംഗിയായി കെട്ടിവയ്ക്കുകയും യാത്രക്കായി വെള്ളം ശേഖരിച്ച് വയ്ക്കുകയും ചെയ്യുന്നത് കൊച്ചുമാംബയും മറ്റ് കുട്ടികളും നോക്കി നിന്നു. ചന്തയില്‍ നേരത്തെ തന്നെ പോയിട്ടുള്ള കുട്ടികളില്‍ ചിലര്‍ മറ്റു കുട്ടികളോട് വര്‍ണ്ണശബളമായ ചന്തയെയും അവിടുത്തെ ഒച്ചപ്പാടുകളെയും കാറുകളെയും പുകതുപ്പി പാഞ്ഞു പോകുന്ന നിളന്‍ തീവണ്ടിയെകുറിച്ചുമൊക്കെ കഥകള്‍ പറയും . കുട്ടികള്‍ ഏതോ മായാലോകത്തിലെന്നപോല്‍ ഈ കഥകള്‍ കേട്ടിരിക്കും. ചിലപ്പോള്‍ തോക്കും പിടിച്ച് സദാ റോന്ത് ചുറ്റുന്ന പോലീസുകാരന്റെ ഹുങ്കും ധാര്‍ഷ്ട്യവും ഏതെങ്കിലുമൊരു വിരുതന്‍ അഭിനയിച്ച് കാണിക്കും അന്നേരം അവന്റെ പോഴത്തരം കണ്ട് മറ്റ് കുട്ടികളെല്ലാം ആര്‍ത്ത് ചിരിക്കും .
####################
പട്ടണത്തിന്റെ ഒരു മൂലയില്‍ റോയല്‍ പരഡൈസ് ഹോട്ടലിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്ത തന്റെ ഓപ്പണ്‍ ജീപ്പിലേക്ക് കന്നാസുകളില്‍ നിറച്ച വെള്ളവും അത്യാവശ്യം ഭക്ഷണസാധനങ്ങളും കുത്തിനിറക്കുകയാണ് ആംഗ്ലോ ഇന്ത്യന്‍ വംശജനായ ഡഗ്ലസും അവന്റെ സുഹൃത്ത് മൈക്കിളും . മൈക്കിള്‍ ആഫ്രിക്കന്‍ പൗരന്‍ തന്നെയാണ് ക്രിസ്തീയ മിഷണറിമാരാല്‍ മതപരിവര്‍ത്തനം നടത്തിയ ഒരു കുടുംബത്തിലെ കണ്ണിയാണവന്‍ . കന്നാസുകളും ബാഗുകളും ആയാസപ്പെട്ട് അവര്‍ വണ്ടിയിലാക്കി അല്‍പനേരം വിശ്രമിച്ചു . മൈക്കിള്‍ വല്ലാതെ വിയര്‍ത്തിരുന്നു. ''എപ്പോഴാണ് യാത്ര?''
അവന്‍ ചോദിച്ചു.
''പുലര്‍ച്ചെ തന്നെ പോകണം നീ കുറച്ച് നേരം മുറിയില്‍ പോയി ഉറങ്ങിക്കോളൂ ''ഡഗ്ലസ് മറുപടി പറഞ്ഞു.
ശരി സാര്‍ ഗുഡ്നൈറ്റ് എന്ന് പ്രതിവചിച്ച് അവന്‍ പടികള്‍ കയറി മുറിയിലേക്ക് പോകുന്നതും നോക്കി ഡഗ്ലസ് ജീപ്പിന്റെ ബോണറ്റിലേക്ക് ചാടിക്കയറി. കോട്ടിന്റെ കീശയില്‍ നിന്നും ഒരു സിഗാര്‍ എടുത്ത് ചുണ്ടിലേക്ക് വച്ച് തീപിടിപ്പിച്ചു. ഇരുട്ടില്‍ കത്തിച്ച സിഗാറും അവന്റെ കണ്ണുകളും തിളങ്ങി.
പല നിറത്തിലുള്ള പൂക്കളോടു കൂടിയ ഉദ്യാനമുള്ള റോയല്‍ പാരഡൈസിന്റെ പടികള്‍ കയറി ഡഗ്ലസ് തന്റെ 13ആം നമ്പര്‍ മുറിയിലേക്ക് കടന്നു. അലമാര തുറന്ന് രാത്രിവീക്ഷണമുള്ള ദൂരദര്‍ശിനിയും ഇരട്ടക്കുഴല്‍ തോക്കും പിസ്റ്റളും തുടച്ചു മിനുക്കി തിരകള്‍ നിറച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തി . പിന്നെ ജാലകത്തിനരികില്‍ നിന്നുകൊണ്ട് വൈദ്യുതവിളക്കുകളുടെ മഞ്ഞ വെളിച്ചും തെല്ലും കടന്നു ചെല്ലാത്ത അകലങ്ങളിലെ ഇരുണ്ട കാടിന്റെ വിദൂര ദൃശ്യങ്ങളിലേക്ക് അല്‍പനേരം മിഴികള്‍ പായിച്ച് അയാള്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. കട്ടിലില്‍ ആഫ്രിക്കയുടെ ചരിത്രവും പുരാവസ്തു ഗവേഷകരുടെ ഖനനഫലമായി വീണ്ടുകിട്ടിയ ക്രിസ്തുവിന് മുന്‍പും പിന്‍പുമുണ്ടായ പല മനുഷ്യവര്‍ഗ്ഗസൃഷ്ടികളെക്കുറിച്ചുമുള്ള വിവരണങ്ങളും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കന്‍ വനാന്തരത്തിലേക്ക് ഗമനം ചെയ്ത വിദേശീയ യാത്രക്കാരുടെ വിവരണങ്ങളും അവര്‍ വരച്ച മാപ്പുകളും അടങ്ങിയ പുസ്തകങ്ങള്‍ നിരന്ന് കിടക്കുന്നു.അയാള്‍ അതൊക്കെ വാരിക്കൂട്ടി ഒരു ബാഗില്‍ നിറച്ച് കട്ടിലിനോട് ചേര്‍ന്ന് തന്നെ നിലത്ത് വെച്ചു.
പുലരാനിനിയും ആറ് നാഴിക കൂടിയുണ്ട് അതിനാല്‍ തെല്ലൊന്ന് മയങ്ങാമെന്ന് അവന്‍ കണക്കു കൂട്ടി. കസേരയിലിരുന്ന് കൊണ്ട് ബൂട്സിന്റെ കുടുക്കുകള്‍ ഓരോന്നായി അഴിച്ചു. കണങ്കാലിനോട് ഒട്ടിച്ചേര്‍ന്ന് കിടന്ന സോക്സ് വലിച്ചൂരി ബൂട്സിനുള്ളില്‍ തിരുകി മെല്ലെ കട്ടിലിലേക്ക് ചരിഞ്ഞു. ചില്ലുജാലകത്തിലൂടെ നിലാവ് നിഴലുകള്‍ പരത്തി ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു.
#######################
പക്ഷികളുടെ ചിലക്കലുകളാല്‍ മുഖരിതമായ അന്തരീക്ഷം പ്രഭാതത്തിന്റെ വരവ് വിളിച്ചറിയിച്ചു. ബാല്‍ക്കണിയുടെ കൈവരിയില്‍ ചിറകുകളില്‍ തവിട്ടും മഞ്ഞയും നിറങ്ങളുള്ള വാലറ്റത്ത് വെള്ളയും കറുപ്പും കലകളോടുകൂടിയ കുറച്ച് ക്ഷികള്‍ വന്നിരിക്കുകയും കലപിലകൂട്ടി ചിറകിട്ടടിച്ച് അവരുടെ സൗകര്യപൂര്‍വ്വം ബാല്‍ക്കണിയില്‍ തൂറ്റല്‍ കൊണ്ട് നിറച്ച് പറന്ന് പോകുകയും ചെയ്തു.
ഡഗ്ലസ് കണ്ണ് തുറന്ന് വാച്ചിലേക്ക് നോക്കി. സമയം 5മണയോളം ആയിരുന്നു. വളരെ വേഗം എഴുന്നേറ്റ് പ്രഭോതകൃത്യങ്ങള്‍ നിര്‍വഹിച്ച് മുറിക്കുള്ളില്‍ തലേന്ന് പാക്ക് ചെയ്തുവച്ച തന്റെ വസ്തുവകകള്‍ അടങ്ങിയ ബാഗും തോളിലിട്ട് പിസ്റ്റള്‍ ബൂട്ടിനിടയില്‍ തിരുകി ഇരട്ടക്കുഴല്‍ തോക്ക് ഇടത്തേ കയ്യില്‍ പിടിച്ച് മേശമേല്‍ വച്ചിരുന്ന കൗ ബോയ് തൊപ്പി തന്റെ കുറച്ച് കഷണ്ടി കയറിയ തലയില്‍ ഉറപ്പിച്ച് വളരെ വേഗം അയാള്‍ വാതില്‍ തുറന്ന് മുറിക്ക് പുറത്തിറങ്ങി. ഹോട്ടല്‍ ലോബിയിലെ സോഫയില്‍ ഡഗ്ലസിന്റെ വരവും കാത്ത് മൈക്കിള്‍ ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ തന്റെ വാച്ചിലേക്ക് ഇടക്കിടെ നോക്കുകയും അക്ഷമയോടെ നിലത്ത് കാല്‍ കൊണ്ട് താളം പിടിക്കുകയും ചെയ്തു. വലത് കൈയിലെ നീണ്ട് അല്‍പം തടിച്ച വിരലുകള്‍ക്കിടയില്‍ മാല്‍ബറോ സിഗററ്റ് പകുതിയില്‍ നിന്ന് പുകഞ്ഞു. ഹോട്ടല്‍ റൂം വെക്കേറ്റ് ചെയ്ത് വളരെ വേഗം അവരിറങ്ങി. തന്റെ പ്രിയപ്പെട്ട രണ്ട് കോടാലികള്‍ മൈക്കിള്‍ ജീപ്പിന്റെ വശങ്ങളില്‍ തൂക്കിയിട്ടു.
ഡഗ്ലസ് ഡ്രൈവിംഗ് സീറ്റിലേക്ക് തിടുക്കപ്പെട്ട് ചാടിക്കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. മൈക്കിളും കയറിയതോടെ വണ്ടിയുടെ ചക്രങ്ങള്‍ നിലത്ത് ചാലുകള്‍ വരച്ച് ആഫ്രിക്കന്‍ പനകളുടെ നിരകള്‍ക്കിടയിലൂടെ തെരുവിലേക്ക് കടന്നു.
സൂര്യന്‍ ഉദിക്കും മുന്‍പുള്ള മങ്ങിയ വെളിച്ചത്തിലേക്കും മഞ്ഞിന്റെ ചെറിയ പാളികള്‍ക്കിടയിലേക്കും ജീപ്പിന്റെ നിയോണ്‍ വെളിച്ചം തുളച്ചുകയറി.
അലഞ്ഞു തിരിയുന്ന കുറച്ച് നായകളും തെരുവുവിളക്കിന്റെ മുകളില്‍ പാര്‍ക്കുന്ന പ്രാവുകളും ഒഴിച്ചാല്‍ തെരുവ് ശൂന്യമായിരുന്നു.
വാഹനം ഒരു മുരള്‍ച്ചയോടെ പ്രഥാനവീഥിയില്‍ നിന്നും ഇടറോഡുകളിലേക്ക് സഞ്ചരിച്ചു. ഏതാനും മിനിട്ടുകള്‍ കൊണ്ട് അവര്‍ പ്രധാന പട്ടണം പിന്നിട്ടു. അകലെ തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചത്തില്‍ ആ കൊച്ചു പട്ടണം മുങ്ങിനില്‍ക്കുന്നത് അവര്‍ വണ്ടിയിലിരുന്ന് കണ്ടു.
സിയൂഹാ മലനിരകളുടെ ഓരം ചേര്‍ന്നുള്ള കാട്ടുപാതയിലൂടെയാണ് അവരുടെ ജീപ്പ് കടന്ന് പൊയ്ക്കൊണ്ടിരുന്നത് . ഇടതുവശത്ത് ആകാശത്തെ ചുംബിച്ച് നില്‍ക്കുന്ന മലനിരകളും വലത് ചെറിയ ചെരിവില്‍ കാപ്പിയും വാഴയും കപ്പയും വിളയുന്ന കൃഷിയിടങ്ങള്‍ കണ്ണിന് മനോഹരമായ ഒരുള്‍ക്കുളിര്‍ നല്‍കി . ഏതാനും നിമിഷങ്ങള്‍ കൊണ്ട് സൂര്യന്‍ ഒരു പൊട്ടുപോലെ സിയൂഹന്‍ മലയുടെ ഒരു വശത്ത് പ്രത്യക്ഷപ്പെട്ടു. കാക്കകള്‍ തീറ്റതേടി പരക്കം പായുന്നതും അകലെക്കുന്നിലേക്ക് കാലികളെ മേയ്ച്ച്കൊണ്ട് കടന്നു പോകുന്ന ഇടയച്ചെക്കന്മാരെയും കടന്ന് അവര്‍ ആഫ്രിക്കന്‍ വനാന്തരങ്ങളുടെ ഉള്‍ക്കാടുകളിലേക്ക് ഊളിയിട്ടു.
###################
സമയം ഉച്ചയോടടുത്തിരുന്നു. കാട്ടുതീമൂലം കരിഞ്ഞുണങ്ങിപ്പോയ ചെടികളും മരങ്ങളും അവിടവിടെയായി നില്‍ക്കുന്നതും തന്റെ നീളന്‍ കഴുത്ത് ആകാശത്തോളമുയര്‍ത്തി മുള്ളുമരങ്ങള്‍ മേഞ്ഞ് നടക്കുന്ന ജിറാഫുകളെയും മുഖത്ത് കുന്തം കുത്തിനിറുത്തിയ പോലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെയും വഴിയില്‍ നിരന്തരം കാണാമായിരുന്നു. ജീപ്പിന്റെ മുരള്‍ച്ച കേട്ട് തലതിരിച്ച് നോക്കി തന്റെ നീണന്‍ കാലുകളില്‍ കുതി കുതിച്ച് ചാടിപ്പോകുന്ന ജിറാഫുകളെ കണ്ട് ഡഗ്ലസും മൈക്കിളും പരസ്പരം നോക്കി ചിരിച്ചു. ആഫ്രിക്കന്‍ വനാന്തരങ്ങളുടെ ചൂരും ചൂടും അറിയാവുന്ന അവര്‍ക്ക് വന്യമൃഗങ്ങളെക്കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചും നല്ല നിശ്ചയമുണ്ട്. ഡഗ്ലസ് ആഫ്രിക്കയില്‍ എത്തിയിട്ട് നാലോ അഞ്ചോ വര്‍ഷമേ ആയിട്ടുള്ളു. ഒരു സഞ്ചാരി എന്ന നിലയ്ക്ക് ആഫ്രിക്ക കാണാന്‍ എത്തിയ അയാള്‍ ഇന്ത്യയില്‍ പോയി വീണ്ടും മടങ്ങി വന്നതാണ് . ആഫ്രിക്കയുടെ ചരിത്രം ഓരോ ഇന്ത്യക്കാരനും മുന്നില്‍ വെളിപെടുത്താനാണ് അയാള്‍ വീണ്ടും തിരികെ വന്നത് . ആഫ്രിക്കയിലെ പലഭാഗങ്ങളിലും ഇതിനോടകം ഡഗ്ലസ് സഞ്ചരിക്കുകയും പല ഗോത്രവിഭാഗങ്ങളുടെ കൂടെ താമസിച്ച് അവരെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും ലഭ്യമായ വിവരണങ്ങള്‍ തന്റേതായ രീതിയില്‍ എഴുതി സൂക്ഷിച്ചിട്ടുമുണ്ട്. തിരികെ തന്റെ രാജ്യത്ത് ചെന്ന് അവ പ്രസിദ്ധീകരിക്കുവാനാണ് അവന്റെ പ്ലാന്‍ .
ചൂട് അധികരിച്ച് വരികയാണ് .സൂര്യന്‍ തന്റെ തീനാളങ്ങള്‍ ഭൂമിയിലേക്ക് പായിച്ച് ഓരോ മണല്‍ത്തരിയെയും പൊള്ളിച്ചുകൊണ്ടിരുന്നു. ഉച്ചഭക്ഷണം തയാറാക്കുവാനായി വികൃതങ്ങളായ വയറോട്കൂടിയ ബ്ഓബാബ് വൃക്ഷങ്ങളുടെ തണലില്‍ വണ്ടി നിറുത്തി അവരിറങ്ങി. മൈക്കിള്‍ ജീപ്പിന്റെ വശത്ത് തൂക്കിയ കോടാലിയുമെടുത്ത് അടുത്ത് കണ്ട ചെറിയ മരക്കമ്പുകള്‍ കീറി. അപ്പോഴേക്കും ചായതിളപ്പിക്കുവാനും ഭക്ഷണം വേവിക്കുവാനും മറ്റുമുള്ള പാത്രങ്ങളും ദ്രവ്യങ്ങളും ഡഗ്ലസ് ജീപ്പിന്റെ പിന്നില്‍ നിന്നും നിലത്തേക്കിറക്കി. മരത്തണലിലിരുന്ന് അവര്‍ തീകൂട്ടി . ചായ തിളപ്പിച്ച് ഓരോ കവിളുകളായി മൊത്തിക്കുടിച്ചു പിന്നെ മരച്ചുവട്ടില്‍ അല്‍പനേരം കിടന്നു. അല്‍പം മഞ്ഞകലര്‍ന്ന പച്ച നിറമുള്ള ഇലകളോടുകൂടിയ ശിഖരങ്ങള്‍ക്കിടയിലൂടെ ആകാശം ചെറിയ ചെറിയ തുണ്ടുകളായി കാണാമായിരുന്നു. മേഘങ്ങള്‍ തങ്ങളുടെ നേര്‍ത്ത ദേഹവുമായി അകലേക്ക് നീങ്ങി.
#####################
മ്ബ്ടു തന്റെ കാലികളുമായി അടുത്ത മേടുകളില്‍ അലഞ്ഞു തിരിയുകയായിരുന്നു. രാവിലെ മുതല്‍ നടപ്പ് തുടങ്ങിയതാണ് അവനും കൂട്ടുകാരും.ഉച്ചഭക്ഷണം കഴിക്കാന്‍ അവനും കൂട്ടരും അടുത്ത് കണ്ട ഒരു മരച്ചുവട്ടിലായി ഇരിപ്പുറപ്പിച്ചു. കുടിലില്‍ നിന്നും തയാറാക്കിക്കൊണ്ട് വന്ന ഭക്ഷണവും കുറച്ച് പഴങ്ങളും ഉപ്പിട്ടുണക്കിയ ചുട്ട മാംസവും അവര്‍ ഒരു തുണിവിരിപ്പിലേക്ക് എടുത്ത് വച്ചു. പിന്നെ വട്ടം കൂടിയിരുന്ന് അവരത് വളരെ വേഗത്തില്‍ അകത്താക്കി തുടങ്ങി. ഭക്ഷണശേഷം മരച്ചുവട്ടില്‍ കാലികളെ തല്ലുന്ന ചെറിയ വടി കയ്യിലിട്ട് കറക്കിക്കൊണ്ട് മ്ബ്ടു ചിന്തകളില്‍ മുഴുകി.
കാട്ടാറുപോലെ ,മനോഹരമായ ഒതുങ്ങിയ അരക്കെട്ടുകളുള്ള ഒരു സുന്ദരിപ്പെണ്ണായിരുന്നു അവന്റെ മനസിനെ മദിച്ചുകൊണ്ടിരുന്നത് . അവളുടെ ഇരുണ്ട മുഖവും ചെറിയ, അല്‍പം വിടര്‍ന്ന ചുണ്ടുകളും. മെലിഞ്ഞ മൂക്കും. ഒതുങ്ങിയ മാറിടവും അവന്റെ പകല്‍സ്വപ്നത്തില്‍ തങ്ങി നിന്നു. ചന്തയില്‍ നിന്നും അവള്‍ക്കായ് വാങ്ങേണ്ട സാധനങ്ങള്‍ ഏതെല്ലാമാണെന്ന് അവന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ചുവന്ന നിറത്തിലുള്ള തുണി അവള്‍ക്ക് ഒരലങ്കാരമായിരിക്കും എന്നും. കല്ലുമാലകളും കറുത്ത വളകളും അണിയുമ്പോള്‍ എത്രമാത്രം സുന്ദരിയാവും അവളെന്നും അയാള്‍ മനസില്‍ കണ്ടു . കുറച്ചകലെയായി മരക്കമ്പുകള്‍ പൊട്ടുന്ന ശബ്ദം കാതില്‍ വന്നലച്ചപ്പോള്‍ അവന്‍ സ്വപ്നത്തിന്റെ പിടുത്തത്തില്‍ നിന്നും പുറത്ത് വന്നു. അതേ സമയം മരങ്ങള്‍ കുലുങ്ങന്നതോടൊപ്പം ആനകളുടെ ചിഹ്നം വിളികളും കേട്ടുതുടങ്ങി.
ഓഹ് ആനകളുടെ വരവാണ്. മനുഷ്യരുടെ ഗന്ധം ആനകള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. നിലത്തു നിന്നും ഉണങ്ങിയ കുറച്ച് കരിയിലകള്‍ വാരിയെടുത്ത് അവകളെ കയ്യിലിട്ട് ഞെരിച്ച് മ്ബ്ടു അന്തരീക്ഷത്തിലേക്ക് വീശിയെറിഞ്ഞു .
കാറ്റ് പടിഞ്ഞാറേക്കാണ് വീശുന്നതെന്ന് ഉണങ്ങിയ ഇലപ്പൊടിയുടെ ഗതി നോക്കി മനസിലാക്കിയ അവനും കൂട്ടുകാരും തന്റെ കാലികളുമായി തരം പോലെ ഒതുങ്ങി മാറി നിന്നു.
വൃക്ഷങ്ങളുടെ തലകള്‍ ഇളകുന്നതും തുടര്‍ന്ന് നീളന്‍ കൊമ്പുകളും തലയോട് ചേര്‍ന്ന് കിടക്കുന്ന മുറം പോലുള്ള ചെവികളും ദേഹം നിറച്ചും ചെളിമണ്ണ് പുരണ്ട ശക്തനായ കൊമ്പന്റെ ശരീരം അകലെ നിന്നും പുറത്തേക്ക് വന്നു പുറകേ വരിവരിയായി ഒട്ടനേകം ആനകളും അവയുടെ കുഞ്ഞുങ്ങളും പൊടിമണ്ണ് വാരിയെറിഞ്ഞും മരക്കമ്പുകള്‍ വലിച്ചൊടിച്ചും തന്റെ കൊമ്പുകള്‍ കൊണ്ട് മരങ്ങളില്‍ പോറല്‍ വീഴ്ത്തിയും അവ കടന്നു പോകുന്നത് മരങ്ങളുടെ പിറകില്‍ മറഞ്ഞ് ശ്വാസമടക്കിപ്പിടിച്ച് മ്ബ്ടുവും കൂട്ടരും നോക്കി നിന്നു.