Friday, June 29, 2018

വിശപ്പ് കൊല്ലിച്ച മധുവിന് പ്രണാമം


കറുത്തവൻ...

പുരോഗമനമറിയാതെ പോയവൻ...

കാടുംമുടിച്ച് മേടും മുടിച്ച് കാട്ടുവിഭവങ്ങളുടെ വേരും മുറിച്ച് മണ്ണിനെ വിറ്റുതിന്നവരേ...

ഇനിയീ ജഢവും  തിന്നുകൊള്ളൂ ...

അവനുമീ മണ്ണിൽ പിറന്നവൻ ...

കത്തുന്ന വയറുള്ളവൻ...

പുരോഗമനമറിയാതെ പോയവൻ...

മണ്ണുവാരിത്തിന്നവൻ...

വിശപ്പ് എന്ന നോക്കുകുത്തികൾ  കള്ളൻ എന്ന പേര് അവന്  പതിച്ചു നൽകി...

വിശപ്പിന് എന്ത് സമാധാനമാണ് പറയുവാനുള്ളത് ശമിക്കലല്ലാതെ ?

ഈ ഇരുളിൽ ഞാൻ നിന്നെ കാണുന്നു...

നിൻെ ബലിഷ്ഠമായ കരങ്ങൾ മണ്ണിനെ പുണർന്നുതന്നെ ഇരുന്നു...

അരുതേയെന്ന നിൻെ നിലവിളികൾ എൻെ കാതുകളിലൊരു വേദനയായി അലയടിക്കുന്നു...

ചിത്രങ്ങളെടുത്തവർ കൂട്ടുപ്രതികളാണ് ഒരായുസ്സൊടുങ്ങുന്നത് കണ്ടുനിന്നവർ...

മനസാക്ഷി കെട്ടുപോയ സമൂഹത്തിൻ നീയും ഒരു രക്തസാക്ഷിയാകുന്നു...

വിശപ്പടങ്ങാതെ മൃതിയിലേക്ക് പോയവനേ  നിന്നെ ഞാൻ പച്ചമനുഷ്യനെന്ന് വിളിക്കട്ടെ...

Jayakrishnan Unni

Thursday, June 28, 2018

#Justice for...(story)

#justice for.......
===================

അവിടവിടെ ഇളകിപ്പോയ വെളുത്ത ചായം പൂശിയ ആ മുറിയുടെ പുറത്ത് കുറേയധികം ആളുകളുടെ ബഹളം കേൾക്കുന്നുണ്ടായിരുന്നു. പുറത്തെന്താണ് സംഭവിക്കുന്നത് എന്നറിയാതെ  അകത്തെ തണുപ്പിൽ ഒരു  നാടിൻെ സ്വപ്നം വിറങ്ങലിച്ച് കിടന്നു..

    ഏഷ്യാനെറ്റ് ന്യൂസ്ഹവറിലേക്ക് സ്വാഗതം...
പ്രധാനവാർത്തകൾ...
കിടങ്ങൂരിൽ റബ്ബർഎസ്റ്റേറ്റിൽ നിന്നും കണ്ടെടുത്ത  അജ്ഞാതജഢം തിരിച്ചറിഞ്ഞു. പുത്തൻവീട്ടിൽ സിനിയുടെയും മനോജിൻെയും മകൾ അനു( 21) ആണ് മരണപ്പെട്ടത്. അനുവിൻെ വീട്ടുകാർ  തിങ്കളാഴ്ച മകളെ കാണ്മാനില്ല എന്ന് കിടങ്ങൂർ പോലീസ്സ്റ്റേഷനിൽ നൽകിയ പരാതിയുടെ അന്വേഷണത്തിലാണ്. 7km മാറി തോന്നക്കൽ ബേബി എന്നയാളുടെ റബ്ബർ എസ്റ്റേറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്...
മൃതദേഹം അനുവിൻേത് തന്നെയാണെന്ന് വീട്ടുകാർ സ്ഥിരീകരിച്ചു.  കുട്ടി നിരവധി തവണ പീഢനത്തിനിരയായതായി സംശയിക്കുന്നു എന്ന് അന്വേഷണ ഉദ്യാഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു. നമുക്ക് വിശദവിവരങ്ങളിലേക്ക് വരാം.

ഇപ്പോൾ ശ്രീ സുരേഷ് ലൈനിലുണ്ട് ...
സുരേഷ് കേൾക്കാമോ ...

കേൾക്കാം പറയൂ...

എന്താണ് സുരേഷ് ഇപ്പോൾ അവിടെ സംഭവിക്കുന്നത്??...പോസ്റ്റ്മോർട്ടം കഴിഞ്ഞോ?? ഇതൊരു കൊലപാതകമാണെന്ന് സംശയമുണ്ടോ ???

അജൂ ...
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു ഞങ്ങൾ ഇപ്പോൾ മോർച്ചറിയുടെ മുന്നിൽ ആണ് നിൽക്കുന്നത് . ഇവിടെ അനുവിൻെ മാതാപിതാക്കളും സഹോദരനും അടുത്ത ബന്ധുക്കളും സഹപാഠികളും ഒക്കെ എത്തിയിട്ടുണ്ട്.
എല്ലാവരും തന്നെ വളരെ സങ്കടത്തോടെയാണ് പ്രിയപ്പെട്ടവളുടെ വിയോഗവാർത്തയെ അറിയുന്നത്...

സുരേഷ് ...
അനുവിൻെ മാതാപിതാക്കളുടെ പ്രതികരണം എന്താണ് ??
അവർ നിങ്ങളോട് സംസാരിക്കാൻ കൂട്ടാക്കിയോ ??

അനുവിൻെ അമ്മയുടെ(സിനി) പ്രതികരണത്തിലേക്ക് ...

''അവൾ ഞങ്ങളെ വിട്ടുപോയന്ന് ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല അത്രയും ഇഷ്ടമായിരുന്നു അവളെ ഞങ്ങൾക്ക്'' (വിതുമ്പുന്നു)

''നിങ്ങൾക്ക് ആരെ എങ്കിലും സംശയമുണ്ടോ??''

അനുവിൻെ സഹോദരൻ അനീഷ് മറുപടിയെന്നോണം ...

''ആരാണീ ക്രൂരത ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾക്ക് നീതിലഭിക്കണം...അവളുടെ മരണം കൊലപാതകം തന്നെയാണ് ഞങ്ങളുടെ കുട്ടി ഒരിക്കലും ഒരു ആത്മഹത്യ ചെയ്യില്ല.''

മറ്റ് പ്രതികരണങ്ങളിലേക്ക് പോകാം..

സുരേഷ്...

'' പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന വസ്തുതകൾ എന്താണ് അന്വേഷണഉദ്യോഗസ്ഥർ ആരെങ്കിലും പ്രതികരിക്കുകയുണ്ടായോ??''

'' അജൂ ..ഇതുവരെ ആരുംപ്രതികരിക്കുകയുണ്ടായില്ല.പോലീസ് അലംഭാവം കാണിക്കുന്നതായാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത് ''...

''സുരേഷ്...
മൃതദേഹം ആദ്യമായ് കണ്ടത് ആരാണ്? അയാളുടെ പ്രതികരണം എന്താണ്''??

''മനോജ് എന്ന റബ്ബർടാപ്പിംഗ് തൊഴിലാളി ആണ് മൃതദേഹം ആദ്യമായി കണ്ടത്...രാവിലെ തന്നെ നല്ല ദുർഗന്ധം   വമിച്ചിരുന്നതിനാലും  ലേഡീസ് ചെരുപ്പും ചുരിദാറിൻെ  ഷാളും തോട്ടത്തിൽ കണ്ടതിനാലും  എന്തോ സംശയം തോന്നി അയാൾ ഒന്നു രണ്ടു സുഹൃത്തുക്കളെ കൂട്ടി  എസ്റ്റേറ്റിലാകമാനം നടത്തിയ തിരച്ചിലിലാണ് റബ്ബർമരങ്ങൾക്കിടയിൽ അർദ്ധനഗ്നയായി കിടന്നിരുന്ന മൃതദേഹം കാണുന്നത്'' ...

ശരി ശ്രീ സുരേഷ് ...
ഇടവേളക്കു ശേഷം വാർത്തകൾ തുടരും...
****************

#justice for anu എന്ന പേരിൽ ഹാഷ്ടാഗുകൾ സോഷ്യൽമീഡിയകളിൽ പെരുകാൻ തുടങ്ങി. മരണം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും  നീതിയുടെ ഒരു കണികപോലും ലഭിക്കാത്ത അനുവിൻെ കുടുംബം അവരെയോർത്ത് സഹതപിച്ചുകൊണ്ടും   മെഴുകുതിരി കത്തിച്ചുകൊണ്ടും ഉള്ള കൂട്ടായ്മകളും ഓരോ നഗരവീധികളിലും ഉറുമ്പുകളുടെ കൂട്ടത്തെപ്പോലെ ഉണർന്നു പ്രവർത്തിച്ചു. സോഷ്യൽമീഡിയ ചിലപ്പോഴൊക്കെ ഉപകാരപ്രദവും ചിലസമയത്ത് ഉപദ്രവകാരിയുമാണ് അനുവും ഹാഷ്ടാഗുകളിലും പ്രൊഫൈൽ ചിത്രങ്ങളിലും ചിലപ്പോൾ ഒതുങ്ങിപ്പോയേക്കാം രണ്ട് ദിവസങ്ങൾക്കു ശേഷം ഇതേ ഹാഷ്ടാഗുകളിൽ മറ്റൊരുപേര് തെളിഞ്ഞു കണ്ടേക്കാം...എല്ലാ പേരുകളും പിന്നീട് മറവിയുടെ ആഴക്കയത്തിലേക്ക് വലിച്ചെറിയപ്പെടുകയും അവയൊക്കെയും അക്കങ്ങളിലേക്ക് നമ്പറുകളിലേക്ക് വഴിമാറുകയും ചെയ്യുന്നു.

പുറത്ത് കോരിച്ചൊരിയുന്ന മഴ ഭൂമിയെ പുളകംകൊള്ളിച്ചുകൊണ്ടിരുന്നു മോർച്ചറിക്കുമുൻപിൽ ഒരമ്മമനസ് അകമുരുകി തേങ്ങുന്നുണ്ടായിരുന്നു . കരഞ്ഞു കരഞ്ഞ് വീർത്ത കൺപോളകളുടെ ഒരുകോണിൽ വറ്റാത്ത കണ്ണുനീർ ശകലങ്ങളുണ്ടായിരുന്നു... ഭർത്താവിൻെ മാറിൽചാഞ്ഞ് വീഴാതിരിക്കാൻ സിനി ശ്രദ്ധിച്ചിരുന്നു... വരാന്തയിൽ അനുവിൻെ സുഹൃത്തുക്കളും കുറച്ച് ബന്ധുക്കളും നാട്ടുകാരും  മഴയെ വകവെക്കാതെ നിൽപ്പുണ്ടായിരുന്നു.

                    ''മോളേ അനൂ കുറച്ചുകൂടി കഴിക്ക്'' അടുക്കളയിലെ തിരക്കിൽ  നിന്നുകൊണ്ട്  സിനി വിളിച്ചു പറഞ്ഞു  . ധൃതിപ്പെട്ട്  ദോശയും ചട്നിയും കഴിക്കുന്നതിനിടയിൽ അനു അമ്മയെ ഒന്ന് നോക്കുക മാത്രം ചെയ്തു.

''എവിടെ നിൻെ ചോറ്റുപാത്രം?ഇതൊക്കെ നിനക്ക് നേരത്തും കാലത്തും ഒന്നെടുത്ത് വച്ചൂടേ... എല്ലാത്തിനും എൻെ കൈ തന്നെ ചെല്ലണമെന്നു വെച്ചാൽ...''ധൃതിപ്പെട്ട്  അനുവിൻെ ബാഗ് തുറന്ന് ചോറ്റുപാത്രം എടുത്തുകൊണ്ട് സിനി  അകത്തേക്ക്  കയറിപ്പോയി.

       ഭക്ഷണം കഴിച്ച് വളരെ പെട്ടെന്നു തന്നെ കയ്യും കഴുകി ബാഗും തോളിൽ തൂക്കി അമ്മയ്ക്ക് നേരെ കൈ വീശി അനു ബസ്സ്റ്റോപ്പിലേക്ക് നടന്നു. അവൾ കൺമുനയിൽ നിന്നും മായുന്നതു വരെ അമ്മ  ഉമ്മറത്ത് നിന്ന് നോക്കിക്കൊണ്ടിരുന്നു.

എല്ലാ അമ്മമാർക്കും തൻെ മക്കൾ എപ്പോഴും കൊച്ചുകുട്ടിതന്നെയാണ് ഇടക്കിടെ ചീത്ത പറയുമെങ്കിലും ഉള്ളിൽ എന്നും സ്നേഹംമാത്രം നിറച്ച്  രാവിലെ പോയ മക്കളെയും ഭർത്താവിനെയും കാത്ത് ഒരു കപ്പ് ചായയും പുഞ്ചിരിയുമായി അതേ പടിവാതിലിൽ തന്നെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മ...

അതേ അമ്മയാണിന്ന് കരഞ്ഞുതളർന്ന് ഈ മോർച്ചറിവരാന്തയിൽ  സ്വന്തം മകളുടെ മൃതദേഹം ഏറ്റുവാങ്ങുവാൻ... അവളെ അവസാനമായി ഒരുനോക്കുകാണുവാൻ കാത്തു നിൽക്കുന്നത് ...
ആ അമ്മയുടെ ഹൃദയവേദന എത്രത്തോളമുണ്ടാകും??ജീവനിൽ നിന്നും ഒരംശം  പൊഴിഞ്ഞുപോകുന്നത്  കണ്ട് നിൽക്കേണ്ടിവരുന്ന,ആ അവസ്ഥ ... ആർക്കാണ് അവരെ ഒന്ന് ആശ്വസിപ്പിക്കാൻ കഴിയുക??

''അമ്മേ..''
അനുവിൻെ ശബ്ദം കേട്ട് സിനി വളരെയധികം സന്തോഷിച്ചു... അവൾ മെല്ലെ പടികയറി വരികയാണ് ... അവളുടെ മുഖത്ത് ഇന്ന് പതിവില്ലാത്ത ഒരു പ്രകാശവലയം ഉണ്ടല്ലോ... അവളുടെ പുഞ്ചിരിയിലെ വശ്യത കണ്ണുകളിലെ തിളക്കം എല്ലാത്തിനും ഒരു പ്രത്യേകത...

അനു വീടിനകത്തേക്ക് കയറി ബാഗ് ഊരി  സോഫയിലേക്കെറിഞ്ഞു ഫാൻ ഓൺ ചെയ്തു പിന്നീട് ടീവിയും ഓൺചെയ്തു . കോളേജ് വിട്ടുവന്നാൽ അനുവിൻെ സ്ഥിരം പരിപാടിയാണിത് .
''ഡീ പെണ്ണേ പോയി ഡ്രസ് മാറി ഈ ചായ കുടിച്ചേ... വിയർത്തൊലിച്ച് വന്നിട്ട് അയ്യേ .. പോയി ഡ്രസ് മാറ് ...

''ഹ ഞാനിപ്പ വന്നതല്ലേ ഉള്ളു അമ്മേ'' അനു ചിണുങ്ങി ...

''ഡീ നീ പറയുന്നത് കേൾക്കുന്നുണ്ടോ എനിക്ക് ദേഷ്യം വരുന്നുണ്ട് ''

''ൻെ പുന്നാര അമ്മയല്ലേ ദേഷ്യപ്പെടല്ലേ'' എന്നു പറഞ്ഞ് അവൾ ഓടി ചെന്ന് അമ്മയെ കെട്ടിപിടിച്ച് കവിളിൽ ഒരുമ്മ നൽകി ...

  തോളിൽ ഒരു കൈ വന്ന് തട്ടിയപ്പോളാണ് അവരുണർന്നത്...

മനോജേട്ടാ നമ്മുടെ മോൾ എവിടെ... ഇപ്പ എൻടുത്ത് ഉണ്ടായിരുന്നല്ലോ ...എനിക്ക് ഉമ്മതന്നതാണ് ഇപ്പോൾ .
അനൂ... മോളേ...

  മനോജിൻെ കവിളുകളിലൂടെ കണ്ണുനീർചാലുകൾ ഒലിച്ചിറങ്ങി അയാൾ ഭാര്യയെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞു

അടക്കിപ്പിടിച്ച തേങ്ങലുകൾക്കിടയിലൂടെ ഒരു സ്ട്രെച്ചർ മെല്ലെ വന്ന്  അവരുടെ മുന്നിൽ നിന്നു.

വെളുത്ത തുണിയിൽ പൊതിഞ്ഞ ഒരു രൂപം...

അനു...എന്നു വിതുമ്പിക്കരഞ്ഞുകൊണ്ട്  അവളുടെ ഏറ്റവുമടുത്ത സുഹൃത്തായ രശ്മിയും സെറീനയും മൃതദേഹത്തിനരികിലേക്ക് ഓടിച്ചെന്നു അനുവിൻെ നിറുകിൽ അവസാനമായി ഒന്ന് ചുംബിച്ചുകൊണ്ട് ഇരുവരും തേങ്ങിക്കരഞ്ഞു...

സിനീ... നമുക്ക് അവളെ ഒരുനോക്ക് കാണണ്ടേ...മാറിൽ നിന്നും സിനിയെ അടർത്തിമാറ്റിക്കൊണ്ട് മനോജ്  ചോദിച്ചു. വേണ്ട ഏട്ടാ ... എനിക്കവളെ ഇങ്ങനെ കാണണ്ട...
നമ്മുടെ കുട്ടിയെ എനിക്കിങ്ങനെ കാണണ്ട ഏട്ടാ .. കാണണ്ട... കാണ...
സിനി ബോധം നഷ്ടപ്പെട്ട് നിലത്തേക്ക് കുഴഞ്ഞുവീണു...

മോർച്ചറിയുടെ പുറത്ത്  അപ്പോഴും മഴ തിമിർത്തുപെയ്തുകൊണ്ടിരുന്നു...

*അഘോരി*

Wednesday, June 27, 2018

*കൽച്ചിലന്തികൾ*
############

ഹേ മനുഷ്യാ...

നിൻെ നീചമാം ചെയ്തികൾ...

അന്യമാകുന്ന സ്നേഹ വിശ്വാസങ്ങൾക്കുമിപ്പുറം മതാന്ധതയും കാമവും കൂട്ടിക്കലർത്തി
തീക്ഷണമാം നോട്ടങ്ങളിൽ പെണ്ണുടലുകളിൽ കൂർത്ത കൂരമ്പുകൾ തുളച്ചുകയറ്റി
മോഹേച്ഛയുടെ വലകൾ നെയ്തുകൂട്ടുന്ന ചിലന്തിപോൽ നിൻെ ഇരിപ്പിടം ഒറ്റപ്പെടുന്നു...

കരിങ്കല്ലുകൾ...
നിർജ്ജീവമായതിന് ജീവൻ പകരുന്ന ഉളിയും വൈദഗ്ദ്ധ്യത്തിൻെ കയ്യൊപ്പുമേന്തിയ കൽപ്പണിക്കാരന്
നിൻെ പ്രതിഫലം...
തീണ്ടാപ്പാടകലങ്ങളിൽ കൂപ്പിയ കൈകളിൽ ചേതനയില്ലാത്തൊരു ശിരസ്സ് പറിച്ചെടുത്ത് കൊടുത്ത് തീർത്ത്
പകലിരവുകളിൽ കൽഭിത്തിക്കുള്ളിൽ തപ്തസാന്ദ്രമാകുന്ന മനസ്സിടങ്ങളിൽ വിശ്വാസത്തിൻെ മറപറ്റി ചോരപ്പുഴകളും ചൂഴ്ന്നെടുത്ത കണ്ണുകളും പ്രസാദമായ്...

അന്യമതസ്ഥരെ ആട്ടിയോടിക്കുവാൻ...
ഇതു തങ്ങളുടെ രാജ്യമെന്നുറക്കെ പറയുവാൻ... മദംപൊട്ടി നിൽക്കുന്ന മാനവൻ പെണ്ണുടലിലും ഉയിരിലും കൈകടത്തുന്നു...

പിഞ്ചു പൈതങ്ങൾ തൻ കുഞ്ഞു ശരീരത്തിലുപ്പിൻെ അംശം തിരഞ്ഞവർ ...
മകളുടെ ശരീരം തിന്നുന്നവർ...
ക്ഷേത്രമണ്ഡപത്തിലും രതിയാഘോഷിച്ച് ആർത്തട്ടഹസിക്കുന്നു...

പൈതലേ നിൻെ ഉള്ളുപൊള്ളിക്കുന്ന വേദനയിലും വിശപ്പിലും വിലാപത്തിലും നീ തിരഞ്ഞതൊരു കളിപ്പാവ...

ശിലയിൽന്നുമെഴുന്നേറ്റ ദൈവത്തിനോട് നീയാരെന്നുമെന്തെന്നുമേതെന്നും ക്രൂദ്ധരായൊരുപറ്റമാളുകൾ വടികളും ചമ്മട്ടിയും കൈകളിലേന്തി പോരിനു ക്ഷണിക്കുന്നു...

ഭയവിഹ്വലതകളിൽ അടിമത്വത്തിൽപ്പെട്ടുഴറുന്ന ദൈവീകശക്തികൾ പരിഭവിച്ചുൾവലിഞ്ഞുറക്കം നടിക്കുന്നു...

അവസാന ബീജകണവും തെറിപ്പിച്ചു നെടുവീർപ്പുമിട്ട് ശവത്തിന്ന് കാവലിരിക്കുന്ന മനുജാ നിന്നഹന്തയും കാമവും ലോഭവും മോഹവും നിന്നിൽത്തന്നെ എരിഞ്ഞടങ്ങും ...
പിന്നെ നീയുമോർമ്മയിലൊരു ദിനത്തിൻെ ശ്രാദ്ധമുണ്ട് ദുഷ്പേരുകേട്ട് ഇരുകണ്ണിലും പുഴുവരിച്ചുറങ്ങുന്നു

*അഘോരി*
*പേറ്റിച്ചി*
##########

പുനർഗർഭത്തിലേക്ക് ഒരു പേറ്റിച്ചി.
ഗളത്തെ വരിഞ്ഞുമുറുക്കി,
ഞരമ്പുകളിലൂടെ
ജീവൻെ ഒഴുക്കിനെ മരവിപ്പിച്ച്,
അവസാനനിണവും ചത്തൊടുങ്ങുമ്പോൾ…
മനസിനെ മുദ്രവക്കുമ്പോൾ…
മണിക്കൂറുകൾ നിലം പൊത്തി വീഴുമ്പോൾ…
തേങ്ങലുകൾക്കിടയിലൂടെ
കറുത്ത പുകച്ചുരുളുകൾ പരന്നിറങ്ങുന്നു.
പാതിയടഞ്ഞ മിഴികളിലെ അവ്യക്തമായ രൂപങ്ങളിലൂടെ,
ഉത്തരത്തങ്ങളില്ലാതെ ചോദ്യത്തിനൊപ്പം ഇറങ്ങിപ്പോകണം.
മുത്തശ്ശിമാവിലെ കയറൊരു പേറ്റിച്ചിയാവാണം.

*അഘോരി*