Wednesday, January 23, 2019

കാലങ്ങളിലൂടെ (നോവല്‍) ഭാഗം 1


ഭാഗം-1
രചന : ജയകൃഷ്ണൻ(അഘോരി)
#################
ഭൂതകാലങ്ങളിൽ  ത്യജിക്കപ്പെട്ട വേഷങ്ങളുടെ എണ്ണമറ്റ ആട്ടക്കഥകളെക്കുറിച്ചാലോചിച്ചു കൊണ്ട് നരിപ്പാറയുടെ ഏറ്റവും ഉയർന്ന പ്രദേശത്ത് ആകാശത്തെ നക്ഷത്രങ്ങളെയും  അതിനു താഴെ ഇടക്കിടെ മിന്നിത്തെളിയുന്ന പച്ചയും ചുവപ്പും വെളിച്ചവുമായി വലിയ ഇരമ്പലോടെ അകലേക്ക് അകന്ന് പോകുന്ന വിമാനങ്ങൾ. എത്രയോ ഉയരത്തിലാവണം അവയുടെ സഞ്ചാരപഥം?
എനിക്കു ചിറകുകൾ മുളച്ചിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്  . നരിപ്പാറയുടെ താഴേക്ക് നോക്കിയാൽ  ദൂരെ അവിടിവിടെയായി   ചെറിയ പൊട്ടുകൾ പോലെ കാഴ്ചയുടെ അങ്ങേ മുനമ്പിൽ വീടുകളും കെട്ടിടങ്ങളും പ്രകാശമയമായി കാണാം . മഞ്ഞയും വെള്ളയും നിറത്തിൽ ബൾബുകൾ പ്രകാശിച്ചിരിക്കുന്നു. ഇവിടെ നിന്നു നോക്കുമ്പോൾ മിന്നാമിനുങ്ങുകളുടെ ഒരു കൂട്ടം താഴെ ഏതോ യോഗത്തിൽ പങ്കെടുക്കുന്നതു പോലെയാണ് പലപ്പോഴും തോന്നാറുള്ളത്. അത്രയധികം ഉയരത്തിലാണ് നരിപ്പാറയുടെ നിൽപ്പ്.   ഒറ്റനക്ഷത്രങ്ങൾ എല്ലാവരിൽ നിന്നും മാറി നിന്ന് എന്നെ തന്നെ ഉറ്റു നോക്കുന്നതായി തോന്നാറുണ്ട്. ഇടക്കിടെ കണ്ണു ചിമ്മും.  ശ്രദ്ധയെയും കാഴ്ചയെയും മുഴുവൻ നക്ഷത്രത്തിനു മേൽ കേന്ദ്രീകരിക്കുമ്പോൾ ഒരു നേർത്ത നൂലിഴ പോലെ  അമ്മയെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന പൊക്കിൾക്കൊടി പോലെ ഒന്ന് ഓരോ നക്ഷത്രത്തെയും ബന്ധിപ്പിക്കുന്നത് കാണാം.എല്ലാം ഒരേ സൃഷ്ടിയുടെ വിവിധ ഭാഗങ്ങൾ ആണല്ലോ അതിനാലാവണം ശക്തമായ ഓരോ ബന്ധങ്ങൾ ഉണ്ടാകുന്നത്.

             വലാഹകളുടെ  ചെറിയ ഒരു കൂട്ടം  ഇടക്കിടെ  ചന്ദ്രനുമായി തൻെ സ്വകാര്യനിമിഷങ്ങൾക്കായി തിരശീലയിട്ട്  പ്രപഞ്ചത്തെ ഇരുളിൻെ പിടിയിലാഴ്ത്തുകയും നിമിഷങ്ങൾക്ക് ശേഷം തെല്ലു നാണത്തോടെ ചന്ദ്രൻ പുറത്തേക്ക് വരികയും ചെയ്യുന്നു . അവയ്ക്കും ജീവനും ജീവിതവും ഉണ്ടായിരിക്കാം ... പ്രണയം വിട്ടുകൊടുക്കലാണല്ലോ അടക്കിപ്പിടിക്കൽ ആരോഗ്യകരവുമല്ല.

           എത്രയോ വർഷങ്ങളാണ് പുറകിൽ മരിച്ചു വീണത്??  അവളുടെ മരണശേഷം ഇന്നാണ് വീണ്ടും ഈ നരിപ്പാറയുടെ നിശബ്ദതയിലേക്ക് ഞാൻ കയറിവരുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ എനിക്ക് കാലം സമ്മാനിച്ചത് ഒരു പിടി ഓർമ്മകൾ മാത്രമാണ് ...
ഒരിക്കലും ഒരുമിച്ച് ജീവിക്കാനാവില്ല എന്നറിഞ്ഞിട്ടും ഞങ്ങളിരുവരും ഒരേ ജലകണമായിരുന്നു .പരസ്പരം പറഞ്ഞ് തീർത്ത പരിഭവങ്ങളും പിണക്കങ്ങളും എൻെ ദേഷ്യം കാണുവാൻ വേണ്ടി മാത്രം നിസാരകാര്യങ്ങളെ ഉയർത്തികാട്ടി കുറുമ്പ്കാട്ടി പിണക്കത്തിനൊടുവിൽ ചേർത്തു നിർത്തിയിരുന്നു .
വീട്ടുകാരുടെ ഭീഷണിയെയും എതിർപ്പിനെയും അവഗണിച്ച് ഞങ്ങൾ ഒന്നാവാൻ തീരുമാനിച്ചു .അന്നൊരു വ്യാഴാഴ്ച ആയിരുന്നു  പഞ്ഞമാസമഴത്തുള്ളികൾ പുറത്ത് തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു . ബാഗ് പാക്ക് ചെയ്ത് പുറത്തേക്കിറങ്ങിയ അവളെ അമ്മാവൻെ കുബുദ്ധിയിൽ കണ്ടുപിടിക്കപ്പെട്ടു അങ്ങിനെ അവളെ തേരകത്ത് തറവാട്ടിലെ വെളിച്ചം പോലും കടക്കാത്ത മുറികളിലൊന്നിൽ ഇരുളുതിന്നാൻ വിധിക്കപ്പെട്ട് അടച്ചിട്ടു . പിന്നീട് ... പിന്നീടെന്താണ് സംഭവിച്ചത് ??

ഓർക്കുവാനിഷ്ടപ്പെടാത്ത ചോരകൊണ്ട് മനസിൽ കുറിച്ചിട്ട  ഓർമ്മകൾ പിന്നെയും പകയെ ഉറക്കത്തിൽ നിന്നുമുണർത്തുന്നു.  തലക്ക് ഭാരം വർധിച്ചു വരുന്നു.
ഹാ !! ജീൻസിൻെ  ഇടതു വശത്തെ പോക്കറ്റിൽ നിന്നും  സിഗററ്റ് പാക്കറ്റ് പുറത്തെടുത്ത് ഒന്ന് വലിച്ചൂരി. പാക്കറ്റിൻെ പുറത്ത് രണ്ടുമൂന്ന് തവണ തട്ടി. ചുണ്ടുകൾക്കിടയിൽ ഉറപ്പിച്ച്  ഇടതു കൈകൊണ്ട് ലൈറ്റർ കത്തിച്ച് സിഗററ്റിൻെ തുമ്പിന് അഗ്നി പകർന്നു.തണുപ്പ് ശരീരത്തെ വിറകൊള്ളിച്ചു. ഓരോ കവിൾ പുകയും ശ്വാസകോശത്തെ ഞെരിച്ചമർത്തിക്കൊണ്ട്  വായുവിൽ വിലയം പ്രാപിച്ചു ...

(തുടരും...)

   *അഘോരി*

No comments:

Post a Comment