ഭാഗം 2
********
തേരകത്ത് തറവാട്... ഇന്നും കൂട്ടുകുടുംബവ്യവസ്ഥിതി നിലനിൽക്കുന്ന നായർത്തറവാട്. കല്ലുപാകിയ പടിക്കെട്ടുകളും പടിക്കെട്ടുകളുടെ ഇടതും വലതുമായി ഇടതൂർന്ന് നിൽക്കുന്ന സസ്യലതാദികളും. ഇന്നും ആ കൽപ്പടികളുടെ എണ്ണം ഞാൻ മറന്നിട്ടില്ല കൃത്യം പതിനേഴ് പടവുകൾ. കയറിച്ചെല്ലുന്ന മുറ്റത്തിന് ഏകദേശം നടുക്കായി തുളസിത്തറയും. തുളസിത്തറയിൽ ദീപം പകരാനായി ഒരു മൺചിരാതും. പഴയ രീതിയിലുള്ള വാസ്തുപ്രകാരം പണികഴിപ്പിക്കപ്പെട്ടിട്ടുള്ള തറവാട് . നിലമ്പൂര് നിന്നും വരുത്തിയ പ്രഗൽഭരായ ആശാരിമാരുടെ കരവിരുതുകളാണ് ഇന്നും ആ തറവാടിൻെ സൗന്തര്യം. അന്ന് ഇവിടെ വന്ന് താമസിച്ച് പണി ചെയ്തിരുന്ന,ആശാരിമാരിൽ ചിലർ തിരിച്ചു പോകാതെ ഇവിടെ തന്നെ കുറച്ച് സ്ഥലങ്ങളിൽ കുടിയേറിപാർത്തു. വലിയ തൂണുകളും വ്യാളിയുടെയും ആനയുടെയും തലകളുള്ള കൊത്തു പണികളും മേൽത്തട്ടിൽ ചെയ്തിട്ടുള്ള പല വിധത്തിലുള്ള സൂക്ഷ്മമായ കൊത്തുപണികളെ പോളിഷ് ചെയ്ത് വളരെ മനോഹരമായി സംരക്ഷിച്ചിരിക്കുന്നു . നടുമുറ്റത്ത് ഉരുളൻ കല്ലുകൾ വളരെ ഭംഗിയായി നിരത്തിയിട്ടുണ്ട്.
തറവാടിൻെ വലതു വശത്തായി സർപ്പക്കാവാണ്. അവിടെ നിന്നും നൂറു ചുവടുകൾ വച്ചുകഴിഞ്ഞാൽ കുളത്തിലേക്കും കുളത്തിന് നല്ല ആഴമുണ്ട്. വേനൽക്കാലങ്ങളിൽ സൂര്യൻ തീക്ഷ്ണമായി ജലകണങ്ങളെ മൊത്തിക്കുടിക്കുമ്പോൾ മാത്രമാണ് കുളത്തിൻെ അടിത്തട്ട് ഏറെക്കുറെ ദൃശ്യമാകുന്നത്. എത്ര ജീവനുകളെ തേരകത്തെ പ്രതാപികളും ക്രൂരരുമായ പിതാമഹൻമാർ കുളത്തിലെ ചേറിൽ മുക്കിത്താഴ്ത്തിയിട്ടുണ്ടാകും? അറിയില്ല. പഴമക്കാർ പല കഥകളും ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്.
തറവാട്ടിലെ ഇന്നത്തെ കാരണവർ പ്രഭാകരൻ നായർ മുൻകോപിയും പ്രതാപിയും ജാതി മത ചിന്തകളിൽ അതി കഠിനമായ ഭ്രാന്ത് കൽപ്പിച്ചിരുന്ന വ്യക്തി. ആരോഗ്യധൃഡഗാത്രമായ ശരീരവും വട്ട മുഖവും എല്ലായ്പോഴും ചുവന്നിരിക്കുന്ന ഉരുണ്ട കണ്ണുകളും വലിയ കൊമ്പൻ മീശയും തലയുടെ ഉച്ചിയിലേക്ക് പിടിച്ചു കെട്ടിയ മുടിയും ഒരൽപം നീണ്ട മൂക്കും അവിടിവിടെയായി മുറുക്കാൻെ കറപിടിച്ച പല്ലുകളും ഉയർന്ന് അൽപം വളഞ്ഞ പുരികക്കൊടികളും പുറത്തേക്ക് അൽപം തള്ളിയ വയറും ഉള്ള ഒരു ആജാനുബാഹു. അദ്ദേഹത്തിൻെ പത്നി ലക്ഷ്മി അന്തർജനം. വളരെ സ്നേഹവതിയും പാവങ്ങളോട് ദീനാനുകമ്പയും ഉള്ള ഒരു സാധു സ്ത്രീ. നീണ്ട മുടിയും ചാരച്ഛവിയോടു കൂടിയ കണ്ണുകളും മെലിഞ്ഞ ശരീരപ്രകൃതിയും ഉള്ള അവർ ഭർത്താവിൻെ സ്വഭാവങ്ങൾക്ക് നേരേ വിപരീതമായിരുന്നു. വലിയ കൃഷ്ണഭക്തി മനസിൽ കൊണ്ടു നടക്കുന്ന അവരെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. സഹായം ആര് അഭ്യർഥിക്കുന്നുവോ അവരെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരു സാധു.
അവരുടെ രണ്ടു പെൺ മക്കൾ മൂത്തവൾ മാളു എന്ന് വിളിക്കുന്ന വൈശാലിയും. ഇളയവൾ അമ്മു എന്ന് വിളിക്കുന്ന വൈഷ്ണവിയും. ഇരുവരും തമ്മിൽ അഞ്ച് വയസിൻെ വ്യത്യാസമാണ്. എങ്കിലും അവർക്കിടയിൽ പ്രായത്തെയും തോൽപ്പിക്കുന്ന തരത്തിലുള്ള അസാമാന്യതകൾ ഉണ്ടായിരുന്നു .
അമ്മു വളരെ വികൃതിയും കുറുമ്പിയും അമ്മയെയും അച്ഛനെയും പിരിഞ്ഞിരിക്കാൻ ഒരു നിമിഷം പോലും കഴിയാത്ത ഒരു കുറുമ്പിപെണ്ണ്.
മൂക്കിൻ തുമ്പിൽ ദേഷ്യമുള്ള അച്ഛനെപോലും അവൾ അടക്കി ഭരിച്ചിരുന്നു. അച്ഛനെന്ന നിലയിൽ പ്രഭാകരൻ നായർ വളരെ സ്നേഹമയനായിരുന്നു . മക്കളുടെ ഒരാഗ്രഹത്തിനും അദ്ദേഹം എതിരു പറഞ്ഞിരുന്നില്ല.
മാളു ഇതിൽ നിന്നും ഏറെ വ്യത്യസ്തയാണ്. അവൾ ചെറുപ്പത്തിൽ തന്നെ അവളുടേതായ ചിട്ടകളിലും അവളുടേതായ ചില നിയമങ്ങളിലും അടിയുറച്ച് വിശ്വസിച്ച് പക്വതയുള്ളവളായിത്തീർന്നു.
എല്ലാവരോടും സ്നേഹവും എന്നാൽ പറയണ്ടത് പറയണ്ടതുപോലെ ആരോടും സംസാരിക്കുന്ന പ്രകൃതവും. മറ്റു നാരിമാരെ പോലെ അണിഞ്ഞൊരുങ്ങി നടക്കാനവൾക്ക് ഇഷ്ടമായിരുന്നില്ല. കൈകളിൽ വളകളോ കാതിൽ കമ്മലോ അവൾ ഇട്ടിരുന്നില്ല. കഴുത്ത് മിക്കപ്പോഴും ശൂന്യമായിതന്നെ കിടന്നു. മാളു ഒരാൺകുട്ടിയാണ് എന്നു പോലും തോന്നിപ്പോകും ചില നേരത്തെ അവളുടെ മുഖഭാവവും സംസാരവും കണ്ടുകഴിഞ്ഞാൽ.
തറവാട്ടിലെ വാല്യക്കാര് ലക്ഷ്മി അന്തർജനത്തോട് പറയും അച്ഛൻെ തൻേടമാ മാളുകൊച്ചമ്പ്രാട്ടിക്ക് കിട്ടിയിരിക്കണെ അതുപോലല്ലിയോ പെരുമാറ്റങ്ങള് ?? അന്നേരം അവരൊന്ന് ചിരിക്കും തെളിഞ്ഞ നിലാവ് പോലെ
No comments:
Post a Comment