*കാലങ്ങളിലൂടെ*
############
ഭാഗം8
######
പകലുകളും ഇരവുകളും കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു. കാലം അങ്ങിനെയാണല്ലോ... ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ സമയത്തോടൊപ്പം ചലിച്ച് മുൻപോട്ടേക്ക് നീങ്ങുന്ന മിനിട്ടുകളും മണിക്കൂറുകളും ദിനങ്ങളും...
മഹാദേവക്ഷേത്ര പരിസരത്ത് വെച്ചാണ് മാളുവിനെ വീണ്ടും കണ്ടുമുട്ടിയത്. ചെരിപ്പൂരി വച്ച് കൽപ്പടവുകൾ കയറി അവൾ നടന്നു നീങ്ങി. പട്ടുപാവാടയും ചുവന്ന നിറത്തിലുള്ള ഉടുപ്പും.ഉടുപ്പിൻെ കൈയുടെ അറ്റത്തായി സ്വർണ്ണനിറത്തിലുള്ള ഡിസൈൻ സൂര്യപ്രകാശം പതിച്ചപ്പോൾ തിളങ്ങി നിന്നു. നരച്ച താടിയും കുഴിഞ്ഞ കണ്ണുകളും നീണ്ട മുടിയും കൈകളിലും കഴുത്തിലും രുദ്രാക്ഷവുമണിഞ്ഞ് ലലാടത്തിൽ നീട്ടിചാർത്തിയ ഭസ്മക്കുറിയും കാവി വസ്ത്രവും അണിഞ്ഞ ആ സ്വാമിയെ ഇടക്കിടെ ഈ നാട്ടിൽ കാണാറുണ്ട്. അധികമാരോടും സംസാരിക്കാത്ത അദ്ദേഹം പലപ്പോഴും ശൂന്യതയിലേക്ക് നോക്കി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടേയിരുന്നു. കുട്ടികളെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്.എങ്കിലും അധികമാരും അദ്ദേഹത്തിനടുത്തേക്ക് കുട്ടികളെ അയക്കുകയില്ല. കാലം മാറുന്നതനുസരിച്ച് നീചപ്രവൃത്തികളിൽ ഏർപ്പെടുന്നവർ മൂലം സാധുക്കളെ പോലും നാം സംശയദൃഷ്ടിയോടെയാണല്ലോ കാണാറുള്ളത്. മാളു ആൽത്തറയിലെ വയസൻ സന്യാസിയുടെ അരികിലേക്കാണ് പോയത്. ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ സ്വതസിദ്ധമായ ശൈലിയിൽ കുശലാന്വേഷണം നടത്തി.
''സ്വാമിജി എന്നാ എത്തിയത് ?
കുറേ നാളായല്ലോ കണ്ടിട്ട് ??''
വൃദ്ധൻ ചെറു പുഞ്ചിരിയോടെ
''മോളേ... രണ്ട് ദിവസായി എത്തിയിട്ട്. ഇടക്കിടെ വന്ന് ഭഗവാനെ ഒന്ന് കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല.രണ്ടീസം കൂടി കഴിഞ്ഞ് മടങ്ങണം...
''ഇനി എങ്ങടാ ??''
മാളു ചോദിച്ചു .
കൈകൾ ചേർത്ത് നെഞ്ചോടടുപ്പിച്ച്
ഉത്തരമെന്നോണം
''എങ്ങടെന്ന് ഒരു നിശ്ചയല്യാ കുട്ടീ എല്ലാം ഭഗവാൻെ നിശ്ചയം പോലെ നടക്കട്ടെ. വയസും പ്രായോം ഏറി വരികല്ലേ. നടക്കാനൊക്കെ ബുദ്ധിമുട്ടായി തുടങ്ങിയിട്ടുണ്ട്. ഭഗവാൻ വിളിച്ചാൽ സർവ്വവും ഉപേക്ഷിച്ച് പോകണ്ടവരല്ലേ നമ്മൾ??''
മാളു ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. നന്ദിയുടെ വലിയ പ്രതിഷ്ഠയുടെ ചെവിയിൽ വളരെ സ്വകാര്യമായി എന്തോ പറഞ്ഞ് ചിരിച്ചു. ശ്രീകോവിലിനുള്ളിൽ നിന്ന് മന്ത്രങ്ങളുടെയും മണിയടിയുടെയും ശബ്ദം ഉച്ചത്തിൽ കേൾക്കായി.ക്ഷേത്രത്തിന് വലം വച്ച് പ്രസാദവും വാങ്ങി അവൾ ക്ഷേത്രക്കുളത്തിനരികിലേക്ക് നടന്നു.
ക്ഷേത്രദർശനം കഴിഞ്ഞ് കുളത്തിൻെ പടവുകളിൽ ഇരുന്ന് നിശ്ചലമായ ജലത്തെ ചെറിയ കല്ലുകളെറിഞ്ഞ് ഇക്കിളിയാക്കുവാൻ എനിക്ക് വലിയ ഇഷ്ടമാണ്. ഇടക്കിടെ ജലോപരിതലത്തിലേക്ക് പൊന്തിവന്ന് ഞങ്ങളിൽ ചിലരും ഇവിടൊക്കെ ജീവിക്കുന്നുണ്ട് എന്ന് വെള്ളം കുടഞ്ഞെറിഞ്ഞ് മീനുകൾ പറയും പോലെ തോന്നാറുണ്ട്.
''കല്ലെറിഞ്ഞ് മീൻ പിടിക്കുവാണോ?? ''
എന്ന ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ഞെട്ടി പിന്തിരിഞ്ഞു നോക്കിയപ്പോൾ മാളു ഒരു കുസൃതിച്ചിരിയോടെ പടവുകളിറങ്ങി വരുന്നു.
'' ങ്ഹാ നീയായാരുന്നോ??
''എന്താ ഇവിടെ ഒറ്റക്കിരിക്കുന്നത് ??''
''ഏയ് ഒന്നുമില്ല വെറുതെ..''
അല്ല മാളൂ നീയറിഞ്ഞില്ലേ നീ തല്ലി കരണം പൊളിച്ച സുകുചേട്ടനെ കാണാനില്ലല്ലോ. ഇനി നീയെങ്ങാനുമാണോ ഇരുട്ടത്ത് അയാളെ ...??
അവളുടെ മുഖത്തെ രക്തയോട്ടം നിലച്ചതായും സ്വതവേ പ്രകാശപൂരിതമായ മുഖം മങ്ങിയതായും എനിക്ക് തോന്നി. ചുണ്ടുകളിലെ പുഞ്ചിരി മാഞ്ഞപ്പോൾ ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നി.
പെട്ടെന്നങ്ങിനെ ഒരു ചോദ്യം ഓർക്കാപ്പുറത്ത് ചോദിക്കുമെന്ന് അവളും കരുതിയിരുന്നില്ല.
അവൾ നിശ്ചലമായ ജലത്തെ നോക്കിക്കൊണ്ട് പടികളിലൊന്നിലിരുന്നു .
'' അങ്ങനെയൊന്നും ഞാൻ കരുതിയതല്ല. അപ്പോൾ പ്രതികരിക്കണമെന്ന് തോന്നി. ഇപ്പോളതൊരൽപം കടുത്തു പോയതായും...നീ പോയിരുന്നോ അവിടേക്ക്??''
''ഉം പോയിരുന്നു പത്രമിടാൻ വന്ന കൊച്ചേട്ടൻ രാവിലെ പറഞ്ഞപ്പോൾ ചെന്നു നോക്കി. വളവിൽ അയാളുടെ ഡ്രസ് ചോരതെറിച്ച് കിടന്നിരുന്നു.വാറു പൊട്ടിയ ചെരുപ്പും...''
അയാൾടെ അമ്മയും അനിയത്തിയും ഭയങ്കര കരച്ചിലായിരുന്നു . ഞാൻ പിന്നെ വീട്ടിലേക്ക് പോന്നു''
''പത്രത്തിൽ ഞാനും വായിച്ചിരുന്നു''
''അല്ല മാളൂ നമ്മുടെ കോളേജിൽ നിന്നു കാണാതായ രണ്ട് കുട്ടികളില്ലേ അവരെക്കുറിച്ച് വല്ല അറിവും..??
''ഇതുവരെ ഇല്ല.''
''ഉം''
ഞാനൊന്നു മൂളി.
''ഒരു നേരത്തെ വിശപ്പടക്കാൻ ഗതിയില്ലാത്തവനെ കെട്ടിയിട്ട് തല്ലിക്കൊന്നവരുടെ നാടാണിത് മാളൂ . സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ കേരളം ശരിക്കും ഒരു ഭ്രാന്താലയമായിരിക്കുന്നു.
കോടികൾ കട്ടു മുടിച്ച് ഭരണത്തിൻെ തലപ്പത്തിരുന്ന് ജനങ്ങളുടെ പണം കൊണ്ട് തിന്നു കൊഴുക്കുകയും വിദേശപര്യടനങ്ങൾ നടത്തുകയും ഹർത്താലും സമരവും നടത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും,കൊലചെയ്യുന്നതിനു മുൻപ് ഇരയുടെ കൂടെ നിന്ന് സെൽഫി എടുക്കുകയും ചെയ്യുന്ന നരാധമൻമാരുടെ നാടുകൂടിയായി മാറിയിരിക്കുന്നു ഇന്ന് കേരളം എന്ന ദൈവത്തിൻെ സ്വന്തം നാട്.''
''ശരിയാണ് വർണ്ണവിവേചനം കൊടികുത്തിവാഴുന്നു അല്ലേ ?? കറുത്തവനെന്നും അവഹേളിക്കപ്പെടേണ്ടവനും സവർണ്ണരുടെ കാൽച്ചുവട്ടിൽ നായയെപ്പോലെ കഴിയേണ്ടവനും...
ഈ ചിന്തകൾക്കൊക്കെ മാറ്റം വന്നേ തീരൂ...''
മാളുവിൻെ മുഖം ദേഷ്യത്തിൽ ചുവന്നു തുടുക്കുന്നതും മുഖത്തെ മാംസപേശികൾ വലിഞ്ഞു മറുകുന്നതും ഞാൻ കണ്ടു .
മാളൂ...
പിന്നിൽ നിന്നുള്ള വിളി കേട്ട് മാളുവിനോടൊപ്പം തന്നെ ഞാനും ഞെട്ടി തിരിഞ്ഞു നോക്കി. ഞങ്ങളുടെ സംസാരം ഇടമുറിഞ്ഞു പോയി. അതേതായാലും നന്നായി മാളുവിൻെ ദേഷ്യം ഒന്ന് തണുത്തുകാണുമല്ലോ...
രശ്മിയാണ് വിളിച്ചത്... കോളേജിൽ ഞങ്ങള് ഒന്നിച്ചാണ് രാഘവേട്ടൻെ മകളാണ് രശ്മി. മാളുവിൻെ ഉറ്റ സുഹൃത്ത്. രാഘവേട്ടനെ പോലെ തന്നെ വിപ്ലവകാരിയാണവളും
''ഹാ നീയുമുണ്ടോ ''
രശ്മി എൻെ നേരെ തിരിഞ്ഞ് ചോദിച്ചു.
ഞാൻ വെറുതെ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.
''എന്നാ പിന്നെ ഞങ്ങള് പോട്ടെ''
ശരി എന്ന അർഥത്തിൽ തലയാട്ടി അവര് കണ്ണിൽ നിന്നു മറയുവോളം അവരെതന്നെ നോക്കി നിന്നു....
( തുടരും...)
*അഘോരി*
No comments:
Post a Comment