Sunday, February 17, 2019

കാലങ്ങളിലൂടെ ഭാഗം 3

ഭാഗം3
********

വിശ്വേട്ടൻെ ചായക്കടയിലെ ചൂടുചായക്കൊപ്പം  രാമേട്ടനും  തോമാച്ചൻ ചേട്ടനും  നാട്ടുവിശേഷങ്ങളും നാട്ടിൽ നടക്കുന്ന പരദൂഷണങ്ങളും ചൂടപ്പത്തിനൊപ്പം കറി വിളമ്പുന്നതുപോലെ പറഞ്ഞുകൊണ്ടിരുന്നു .  വിശ്വേട്ടാ ഒരു ചായ ...
അകത്ത് നിന്നും ദാ ഇപ്പ തരാം മോനേ എന്ന മറുപടിയും ലഭിച്ചു. സമോവറിലെ തിളച്ച വെള്ളം ഒരു കപ്പിലേക്ക് പകർന്ന് പഞ്ചസാരയും  അൽപം പാലുമൊഴിച്ച്  അരിപ്പയിലേക്ക് കുടഞ്ഞിട്ട രണ്ടു സ്പൂൺ ചായപ്പൊടിയിലേക്ക്  ഒഴിച്ച്  ഒരു നെടുനീളൻ ചായ കപ്പിൽ നിന്നും കപ്പിലേക്ക് നീട്ടിയാറ്റി ചില്ലുഗ്ലാസിൻെ മുക്കാൽ ഭാഗത്തോളം നിറച്ച് വിശ്വേട്ടൻ ഒരു ചെറു ചിരിയോടെ മേശയിൽ വെച്ചു.
''എന്താ മോനേ കഴിക്കാൻ??''
ഓ ഒന്നും വേണ്ട വിശ്വേട്ടാ  എന്നു പറഞ്ഞ് മേശയിൽ നിന്നും അന്നത്തെ പത്രം നിവർത്തി  ഒന്നു കണ്ണോടിച്ചു. പത്രത്തിലെ ഓരോ വാർത്തകളും വായിച്ചു പോകുമ്പോൾ ചിലവ തമ്മിൽ സാമ്യം തോന്നാറുണ്ട് പല വാർത്തകളും തമ്മിൽ എന്തോ ഒരു ബന്ധം...
പുലർച്ചെ 8മണി കഴിഞ്ഞിട്ടേ ഉള്ളു. അകലെ നിന്നും ഒരു ഹോൺ ശബ്ദം കാതുകളിലേക്ക് അടിച്ചു കയറുന്നു. വിശ്വേട്ടൻ അകത്തു നിന്നും വിളിച്ചു പറഞ്ഞു ലക്ഷ്മി  ഇന്ന് കുറച്ച് നേരത്തെയാണല്ലോ ..
അതിരാവിലെ
പണിക്കുപോകുന്നവരും സ്കൂൾ കോളജ് വിദ്യാർഥികളും    ലക്ഷ്മി ബസിനെയാണ് ആശ്രയിക്കാറ് . ചായക്കടയുടെ  നേരെ എതിർവശത്തുള്ള ബസ്സ്റ്റോപ്പിൽ നിന്നും ആദ്യം ബസിൽ കയറി സീറ്റു പിടിക്കാനുള്ളവരുടെ തിരക്കുകൂട്ടലും കലപില ശബ്ദങ്ങളും ഉയർന്നു കേൾക്കാം. കുടിച്ചു പകുതിയായ ചായഗ്ലാസും പത്രവും അവിടെയുപേക്ഷിച്ച് ഞാനും തിരക്കിട്ട് റോഡിലേക്കിറങ്ങി .  ലക്ഷ്മി ബസ്സ് സ്റ്റോപ്പിലെത്തി നിന്നു നാരായണിയേടത്തിയും സരളചേച്ചിയും ആദ്യം കയറി സീറ്റ് പിടിക്കാൻ വേണ്ടി തമ്മിൽ തമ്മിൽ തിക്കിയും  തിരക്കിയും ബഹളം വച്ചും മുന്നോട്ട് നീങ്ങി. പെൺകുട്ടികൾ വരിവരിയായി സ്റ്റെപ്പിലേക്ക് കയറിക്കൊണ്ടിരുന്നു.പുറകിലെ ഡോറിലേക്കുള്ള ആദ്യ സ്റ്റെപ്പിൽ ഞാൻ  കാലു വെച്ചപ്പോഴാണ്

        ''ഠേ..'' 
പടക്കം പൊട്ടുന്ന പോലൊരു ശബ്ദവും തുടർന്ന് അയ്യോ എന്ന നിലവിളിശബ്ദവും കേട്ടത്. ബസിൻെ മുൻവശത്തു നിന്നാണ്. ബസിൻെ അകത്ത്കയറിയ അത്രയും ആളുകളും ഒന്നു ഞെട്ടി. പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത് ചീറ്റപുലിയെപോലെ പല്ലിറുമ്മി ബസിലെ കിളിയുടെ കരണത്ത് ഒരടി പാസാക്കി കോപാകുലയായി നിൽക്കുന്ന മാളുവിനെയാണ്. മിക്ക ദിവസങ്ങളിലും അവളെ കാണാറുണ്ടെങ്കിലും ഇന്നാദ്യമായാണ് അവളെ ഞാൻ ശ്രദ്ധിക്കുന്നത്. പതിവിലും ചുവന്നു തുടുത്തിരുന്നു മാളുവിൻെ മുഖം. കണ്ണുകളിൽ കനലെരിയുന്നുണ്ടായിരുന്നു.കൈമുട്ടിനു താഴെ വരെ മറയുന്ന തരത്തിലുള്ള ചാര നിറത്തിലുള്ള ഒരു ടോപ്പും  പാദങ്ങളോളം മറയുന്ന  ഒരു പാവാടയും ആണ് അവളുടെ വേഷം.തോളിൽ ഒറ്റ വള്ളിയുള്ള ഒരു ബാഗ് വിലങ്ങനെ തൂക്കിയിരിക്കുന്നു. അവൾ ബസിലെ കിളിയോട് നിന്ന് ചീറി.
''നിനക്കൊക്കെ   എന്തിൻെ കേടാടാ?? പെൺകുട്ടികളെ ഇടുപ്പിൽ പിടിച്ച് സ്റ്റെപ്പിൽ എടുത്തു വച്ചാലേ നിനക്ക് സമാധാനം കിട്ടുവൊള്ളോ? നിൻെ പെങ്ങളുടെ ഇടുപ്പിൽ ഒരുത്തൻ പിടിച്ചാ നിനക്ക് സുഖിക്കുവോടാ??... '' ബസിൻെ മുൻപകുതിയിൽ നിന്നിരുന്ന പെൺകുട്ടികളും  മാളുവിനെ സപ്പോർട്ട് ചെയ്ത് മുൻപോട്ട് വരാൻ തുടങ്ങി. മാളുചേച്ചി... ചേച്ചി  പറഞ്ഞത് ശരിയാ ഇയാൾക്ക് കുറച്ച് ദിവസമായി ഈ സൂക്കേട് തുടങ്ങിയിട്ട്  .ഈ തിരക്കിനിടയിൽ വീഴാതിരിക്കാൻ ഒന്ന് പിടിച്ചു നിൽക്കാനുള്ള ശ്രമത്തില് ആരോടും ഒരു പ്രശ്നം വേണ്ടാന്ന് കരുതിയിട്ടാ ഞങ്ങള് മിണ്ടാതിരുന്നത്.

ഒന്നും മിണ്ടാനാവാതെ പുകഞ്ഞുപോയ വലത്കവിളു തടവി തലതാഴ്ത്തി  അയാളങ്ങിനെ നിന്നു. ഈ സമയം കൊണ്ട് ചായക്കടയിൽ ഇരുന്നവരും ബസിനടുത്തേക്കെത്തി ...
രാഘവേട്ടൻ വന്ന പാടേ അയാളുടെ ചെകിടടച്ച് ഒരെണ്ണം കൂടി കൊടുത്ത് ഷർട്ടിൻെ കോളറിൽ പിടിച്ച് ആക്രോശിച്ചു.

''ഡാ സുകൂ മേലാൽ ഇമ്മാതിരി നാണം കെട്ട ഏർപ്പാടുമായി ഈ ബസില് കണ്ടു പോകരുത് അറിയാല്ലോ എന്നെ മറ്റാരേക്കാളും ??...''

രാഘവേട്ടൻ സലാംഇക്കയുടെ വലംകൈയാണ് തിന്മയെ തിന്മകൊണ്ടേ എതിർക്കാൻ കഴിയൂ എന്ന വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഒരു വിപ്ലവകാരിയാണ് അയാൾ ...
വിറച്ച് ചൂളി സുകു താഴ്ന്ന സ്വരത്തിൽ പറഞ്ഞു  ഇനി ഇങ്ങനെ ഉണ്ടാവില്ല ചേട്ടാ... എന്നോട് ക്ഷമിക്കണം...

'ആ തൽക്കാലത്തേക്ക് നീ ഇപ്പ പോ''

രാഘവേട്ടൻ നേരെ തിരിഞ്ഞ് മാളുവിനോട് പുഞ്ചിരിച്ചുകൊണ്ട്  പറഞ്ഞു മോളേ നീ പൊക്കോ ഇനി ഇവനിങ്ങനെ ആരോടും പെരുമാറില്ല...
മാളു ബസിൽ കയറി രാഘവേട്ടൻ തന്നെ ഡബിൾബെല്ലടിച്ചു . വണ്ടി ഇടുങ്ങിയ വഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു...
          

No comments:

Post a Comment