എലൈന്‍ -ഒരു പോരാളിയുടെ കഥ
ഭാഗം-2
###################
ബര്‍ണാഡ് വാതില്‍ തുറന്ന് വെളിയിലേക്കിറങ്ങി. സൂര്യന്‍ തന്റെ അവസാന തരി പ്രകാശവും ഭൂമിയിലേക്ക് ചൊരിഞ്ഞുകൊണ്ടിരുന്നു.ആകാശം ഏതോ വലിയമുറിവിലൂടെ രക്തം ഒഴുകിയിറങ്ങുന്നതുപോലെ ചുവപ്പ് കലര്‍ന്ന നിറത്തില്‍ കാണപ്പെട്ടു .അതേ സമയം തന്നെ ചന്ദ്രബിംബം ആകാശത്ത് പ്രത്യക്ഷമാകാന്‍ തുടങ്ങിയിരുന്നു. വീടിനോട് ചേര്‍ന്ന് ഒരു പൂന്തോട്ടവും അതിന്റെ ഭംഗി ആസ്വദിക്കുന്നതിനായി മുളകള്‍ ചേര്‍ത്ത് കെട്ടിയ ഒരു ഇരിപ്പിടവും അതിനുമുന്‍പില്‍ ഒരു വലിയ മരക്കുറ്റിയും ഉണ്ടായിരുന്നു. ഒരുകൂട്ടം മാനുകള്‍ അതിന്റെ പരിസരത്തിലൂടെ അലഞ്ഞു നടന്നിരുന്നു. കിളികളുടെ നാദം ആ വൈകുന്നേരത്തിന്റെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി അയാള്‍ക്ക് തോന്നി.
ഇക്കാറസ് തന്റെ നീളന്‍ കറുത്ത കുപ്പായവും ബൂട്സും കയ്യുറയും അരയിലൊരു വാളും ധരിച്ച് തല അല്‍പം കുമ്പിട്ട് ആ ചെറിയ വാതിലിലൂടെ പുറത്തേക്ക് നടന്നുവന്നു. അയാളുടെ കണ്ണുകള്‍ക്ക് ചാരനിറമായിരുന്നു. മുഖം അപ്പോഴും അയാള്‍ കറുത്ത തുണിയാല്‍ മറച്ചിരുന്നു.
അയാള്‍ മൂന്ന് തവണ ചൂളം വിളിച്ചപ്പോള്‍ കറുത്ത നിറവും നെറ്റിയില്‍ വെളുത്ത നിറവുമുള്ള ഒരു കുതിര എങ്ങുനിന്നോ പാഞ്ഞുവന്നു. ഇക്കാറസ് അതിന്റെ താടയിലും ദേഹത്തും തലോടിക്കൊണ്ടിരുന്നു.പിന്നീട് അയാള്‍ അതിനുമുകളിലേക്ക് ശരവേഗത്തില്‍ ചാടിക്കയറി.
''ബര്‍ണാഡ് വരൂ നമുക്കൊരല്‍പനേരം ഇവിടമൊക്കെ ചുറ്റിക്കറങ്ങാം ''ഇക്കാറസ് പറഞ്ഞു.
ബര്‍ണാഡ് അയാളുടെ വാക്കുകള്‍ക്ക് കാത്തിരുന്നതുപോലെ കുതിരപ്പുറത്തേക്ക് ചാടിക്കയറി.
''ഏയ് ബര്‍ണാഡ് ഇവന്റെ പേര് യൂജിന്‍ എന്നാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്.കുറേ നാളുകളായി ഇവന്‍ എന്നോടൊപ്പമുണ്ട്.''
'ഉം '
ബര്‍ണാഡ് ഒന്ന് മൂളി .
കുതിരയെ തെളിക്കുന്നതില്‍ ഇക്കാറസ് പ്രഗത്ഭന്‍ ആയിരുന്നു. അയാള്‍ പോകുന്ന വഴികളിലെ കാഴ്ചകള്‍ കാണുവാനായി കുതിരയുടെ വേഗം ചില ഇടങ്ങളില്‍ കുറച്ചുകൊണ്ടിരുന്നു. ഏതോ മൃഗങ്ങള്‍ കടിച്ചുവലിച്ച ഒരു കാട്ടുപോത്തിന്റെ ജഢം കാനനപാതകളിലൊന്നിന്റെ ഓരത്തായ് അവര്‍ കണ്ടു ജീര്‍ണ്ണാവസ്ഥയിലേക്ക് എത്തിയ ആ ശരീരത്തിന്റെ ദുര്‍ഗന്ധം അവിടമാകെ പരന്നു കിടന്നു.
''ഇക്കാറസ്..
നിങ്ങള്‍ ഈ വനപ്രദേശത്ത് ഒറ്റക്കാണോ താമസം ?ബര്‍ണാഡ് ഇക്കാറസിനോട് ചോദിച്ചു.
''അല്ല സുഹൃത്തേ ..
ഇവിടം എന്റെ ഒരു ഇടത്താവളം മാത്രമാണ്. ഇന്ന് രാത്രി ഞാനിവിടം വിടും. നിങ്ങള്‍ക്ക് എത്ര ദിവസം വേണമെങ്കിലും ആ വീട്ടില്‍ കഴിയാം. നാട്ടിലേക്ക് നിങ്ങള്‍ക്ക് തിരിച്ച് പോകാനായി ഞാനൊരു കുതിരയെ ഏര്‍പ്പാടാക്കി തരാം. ''
''ഇന്ന് യാത്രതിരിക്കുമോ ?എങ്ങോട്ടാണ് യാത്ര ?''
''ബര്‍ണാഡ് ഞാനൊരു സഞ്ചാരിയാണ് ചില ഇടങ്ങളില്‍ ചിലപ്പോള്‍ തങ്ങും. രഹസ്യസ്വഭാവമുണ്ട് എന്റെ യാത്രകള്‍ക്ക് .അതിനാല്‍ തന്നെ വേറാരെയും കൂടെ കൂട്ടാന്‍ നിര്‍വ്വാഹമില്ല.''
''പക്ഷേ നിങ്ങളുടെ ആയുധങ്ങള്‍ നിങ്ങളൊരു പോരാളി ആണെന്ന് വിളിച്ചുപറയുന്നുണ്ടല്ലോ ''
ഹഹ.. ഇക്കാറസ് പൊട്ടിച്ചിരിച്ചു.
''നീ അത് കണ്ടുപിടിച്ചു അല്ലേ?''
കുതിര നിര്‍ത്താതെ പാഞ്ഞുകൊണ്ടിരുന്നു. കാറ്റില്‍ ഇക്കാറസിന്റെ സ്വര്‍ണ്ണനിറമുള്ള മുടിയിഴകള്‍ പാറിപ്പറന്നു.
പോകുന്ന വഴിയില്‍ അയാള്‍ ഇടിഞ്ഞുപൊളിഞ്ഞ അനാഥമായ വലിയ മതിലുകളോടുകൂടിയ ഒരു കോട്ടക്ക് മുന്നില്‍ കുതിരയെ നിര്‍ത്തി.
വള്ളിപ്പടര്‍പ്പുകളും പായലും കോട്ടമതിലിലൂടെ പടര്‍ന്നുകിടന്നു.
''ഇറങ്ങൂ ബര്‍ണാഡ് ഇന്നിവിടമാണ് നമ്മള്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്''
കുറച്ചധികം നീളമുള്ള ഇടിഞ്ഞു പൊളിഞ്ഞ വലിയ മതില്‍ ,അതിന്റെ പ്രധാന കവാടത്തിനിരുവശവും ചങ്ങലകളില്‍ ബന്ധിതനാക്കപ്പെട്ട മനുഷ്യന്റെ നെഞ്ചിലേക്ക് വാള്‍ ആഴ്ത്തിയിറക്കുന്ന മനുഷ്യന്റെ ശരീരവും ചെന്നായയുടെ തലയുമുള്ള ഭീകരസത്വത്തിന്റെ രൂപം കൊത്തിയിരുന്നു. അതിനു താഴെയായി ഡിമിയാന്‍ എന്നെഴുതിയിരുന്നു.
ഇക്കാറസിനെ അനുഗമിച്ച് ബര്‍ണാഡ് പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടന്നു.
ആ കാഴ്ച ബര്‍ണാഡിന്റെ തലഞരമ്പുകളെ പെരുപ്പിച്ചു...
ഒരു മൈതാനത്തോളം വലിപ്പമുണ്ടായിരുന്നു ആ കോട്ടക്ക് ... അതിനുള്ളില്‍ ചെറിയ ചെറിയ അറകള്‍, അറ വാതിലുകള്‍ താഴിട്ട് പൂട്ടപ്പെട്ടിരുന്നു.ജയില്‍ പോലെ തോന്നിക്കുന്ന അതിനുള്ളില്‍ പല ഇടങ്ങളിലായി അസ്ഥികൂടങ്ങളും തലയോട്ടികളും കൂട്ടി ഇട്ടിരിക്കുന്നു. മൈതാനത്തിന്റെ ഒത്ത നടുക്ക് ഒരു കഴുമരം സ്ഥാപിച്ചിരുന്നു. കൊലക്കയര്‍ അനാഥപ്രേതം പോലെ തൂങ്ങിയാടുന്നു. കഴുമരത്തിനോട് ചേര്‍ന്ന് ഭൂമിയില്‍ കുറേയധികം കൊളുത്തുകള്‍ അടിച്ചുറപ്പിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് ചങ്ങലകള്‍ തുരുമ്പെടുത്തു മണ്ണില്‍ കിടന്നു.
''ഇതൊരു ജയിലും ശ്മശാനവും ഒക്കെയാണ് ബര്‍ണാഡ്. ഒരു നാടിനെ നാശമാക്കിയ,അവിടുത്തെ ജനങ്ങളെ ഒന്നൊന്നായ് കൊന്നൊടുക്കിയ ക്രൂരതയുടെ ഒരു മുഖമാണ് നിങ്ങളീ കാണുന്നത്''
കോര്‍മിംഗ് എന്ന ക്രൂരനായ രാജാവാണ് കാട്ടില്‍ ഈ പീഢനമുറി പണിതത് .
''ഹൊ എത്ര ക്രൂരവും പൈശാചികവുമാണ് ഇക്കാറസ് ഇവിടം ? എന്തിനാണ് നിങ്ങളെന്നെ ഇവിടേക്ക് കൊണ്ടുവന്നത്?''
തുടരും...
☆അഘോരി★
No comments:
Post a Comment