അശരണര്‍ അഗതികള്‍ ആലംബഹീനരും കൈക്കുമ്പിളില്‍ കണ്ണീര്‍തൂവി ശരണതീരങ്ങളിലണയുമ്പോള്‍ ...
ചോദ്യാസ്ത്രങ്ങളെ മിനുക്കി മിനുക്കി മനസ്സിലാവനാഴിയില്‍ ചേര്‍ത്തുകെട്ടി
ഇരിപ്പിടങ്ങളിലിരിപ്പുറയ്ക്കാതെ അലസമായി നടക്കുമ്പോള്‍...
ഭീതിയുടെ ഇരുളിലൂടെ ഇനിയും ഓടിയെത്താത്ത പാദങ്ങളെയോര്‍ക്കുമ്പോള്‍...
ഹൃദയഭിത്തികളില്‍ മുറിവുകളില്‍ രക്തമൂറിയിറങ്ങുന്ന വേദനയില്‍ ബന്ധങ്ങള്‍ തിരക്കുന്നോര്‍ ...
എവിടെയെന്റെ ഉറ്റവരെന്നറിയാതെ കദനത്തിന്റെ ഹിമക്കട്ട വിഴുങ്ങുന്നോര്‍...
മണ്ണിന്റെ ശ്വസനനാളം തുറന്നവയൊരു ശ്വാസതാളമെറിയുമ്പോള്‍ ...
അവിടെ എണ്ണിയാലൊടുങ്ങാത്ത മണ്‍തരികളാലൊരസ്ത്രമെയ്യുമ്പോള്‍
ഒരു ശവശയ്യപ്രകൃതിയൊരുക്കുമ്പോള്‍...
ജലകണങ്ങള്‍ പതിച്ച് ഭൂമി തണുക്കുന്ന നേരങ്ങളില്‍ കുളിരുകോരിയൊരാര്‍ത്തനാദത്തിന്റെ ശാപഗ്രസ്തമാം
വേരുകള്‍ പറിച്ചെറിയുമ്പോള്‍
എന്റെയാന്നാര്‍ത്തുവിളിച്ച കലഹത്തിന്റെ നെന്മണികളൊന്നായ് മുളച്ചുപൊന്തിയ അതിരുകള്‍ അടര്‍ന്നുവീഴുമ്പോള്‍
ഭൂമിയൊന്നായൊരാദി നാദത്തിന്റെ ധ്വനികള്‍ തേടി അലയുന്നു...
അടിമയും ഉടമയുമല്ലാത്ത കാലങ്ങളിലേക്കൊരുവിരല്‍ ചൂണ്ടി വിണ്ണിലൊരു താരകം തിളങ്ങുമ്പോള്‍...
വെയിലുവീഴാത്ത വനാന്തരങ്ങളിലൊരു ധൂനി പുകയുമ്പോള്‍
കുന്നുകളില്‍ നിരന്തരഘനനത്തിന്റെ പാതാളക്കരണ്ടികളാഴത്തിലിറങ്ങി മുറിപ്പാടുകളിലുരയുമ്പോള്‍ ...
നദികളുടെ മേനി മോഷ്ടിച്ച് ഇരുകാലികള്‍ പണം പകുത്തെടുക്കുമ്പോള്‍...
മരണക്കുഴികള്‍ സ്വയം തോണ്ടിയെടുക്കുന്ന മനുഷ്യന്‍ ജാതിയുടെ ദലങ്ങളടര്‍ത്തുമ്പോള്‍ ...
മതങ്ങള്‍ രക്തസാക്ഷികളെ സൃഷ്ടിക്കുമ്പോള്‍
തെരുവില്‍ ഉറങ്ങിക്കിടന്നൊരു ശ്വാനന്റെ കണ്ണിലും കുരുതിച്ചോര തെറിക്കുമ്പോള്‍ ഭയം ഇലയനക്കങ്ങളില്‍ മറഞ്ഞൊന്നു നിലവിളിക്കുന്നു.
വിജനതയില്‍ പൊലിഞ്ഞുപോയൊരു ചിരിനേര്‍ത്തു തളരുമ്പോള്‍
അപശ്രുതികളില്‍ ഞെട്ടി പ്രകൃതിയതിന്റെ മാറു സ്വയം പിളര്‍ത്തുന്നു ...
ഇവിടെയൊരു മൈഥിലിയുടെ തിരസ്കരണത്തിന്‍ നെഞ്ചു നീറുന്നു...
അമ്മേയെന്നാരുവിളി ബാക്കി വയ്ക്കാതെ മാതൃശരീരത്തിലൊട്ടിയൊരു കുഞ്ഞുറങ്ങുന്നു... മണ്‍പുതപ്പിനടിയില്‍ ആ പിഞ്ചുപൈതലൊരു പമ്പരം തേടുന്നു ...
മരണയന്ത്രങ്ങളുടെ പല്ലുകള്‍ക്കുള്ളിലിരുന്നൊരു ചെകുത്താന്‍ ചിരിക്കുന്നു...
ഉണ്ണാനുമുടുക്കാനുമില്ലാതെ എല്ലുമാത്രമായ് പോയവരുടെ നിലവിളികള്‍ കാറ്റെടുക്കുന്നു...
അകലങ്ങളിലെ കല്‍പ്രതിമകള്‍ക്കായൊരു സന്തേശം കാറ്റു പാറ്റിയെടുത്ത് അകലേക്കോടി മറയുന്നു...
ശിഥിലമാം മോഹങ്ങളില്‍ പ്രണയവും പ്രളയമെടുക്കുന്നു..
അവളെയും നശ്വരശരീരത്തിന്‍ ബന്ധനത്തില്‍ നിന്ന് മൃത്യുവിന്‍ പാശമെടുക്കുന്നു
മതങ്ങളും ജാതിയും വര്‍ണ്ണവും പ്രളയത്തിലൊടുങ്ങുന്നു
അവിടെയൊരതിജീവനത്തിന്റെ വിത്തുകള്‍ പാകി മനുഷ്യന്‍ മനുഷ്യനായ് വിരാജിക്കുന്നു
ഇനിയീ വിത്തുകള്‍ ശാന്തിയുടെ തീരങ്ങളില്‍ പുറന്തോടുകള്‍ പൊട്ടിച്ച് പുതിയൊരു ലോകം കാണും ...
അവര്‍ അവിടെയൊരു പുതിയ ലോകമുണ്ടാക്കും ...
*അഘോരി*
No comments:
Post a Comment