Thursday, February 20, 2020

എലൈന്‍ ഒരു പോരാളിയുടെ കഥ ഭാഗം 5

ഭാഗം-5

സിരിഷ്... 

അത് കൊണ്ടു വരൂ ...
ഞങ്ങളുടെ കൂട്ടത്തിലെ മിടുക്കനായ പോരാളി സിരിഷ്.
അയാള്‍ കോട്ടക്കു വെളിയിലേക്ക് പോയി അല്‍പസമയത്തില്‍ തിരിച്ചുവന്നു. അയാളുടെ കൈയില്‍ ഒരു ചതുരപ്പെട്ടി ഉണ്ടായിരുന്നു.അതിന് രണ്ട് അറകളും ഒന്ന് ശൂന്യമായിരുന്നു അറകളെ തമ്മില്‍ വേര്‍തിരിച്ചിരുന്നത് ചെറിയ ഇരുമ്പുകമ്പികള്‍ വെച്ചാണ്‌ .അതില്‍ ഒരറയില്‍ രണ്ട് ദിവസമായി ഭക്ഷണംകൊടുക്കാതെ കൊണ്ടുവന്ന വെറിപിടിച്ച എലികളായിരുന്നു. വിശപ്പ്മൂലം ഭ്രാന്ത്പിടിച്ച അവറ്റകള്‍ പെട്ടിക്കുള്ളിലൂടെ ശബ്ദമുണ്ടാക്കി പാഞ്ഞുകൊണ്ടിരുന്നു. സിരിഷ് അതിന്റെ ഒരു ഭാഗം തുറന്ന് കോര്‍മിംഗിന്റെ ചതഞ്ഞരഞ്ഞ കൈകള്‍ പെട്ടിക്കുള്ളിലാക്കി.പുറത്ത് നിന്നും ചെറിയ ഇരുമ്പ് താഴ് ഉപയോഗിച്ച് പൂട്ടി .

''തുറന്ന് വിട് പിശാചുക്കളെ'' എലൈന്‍ ആജ്ഞാപിച്ചു.

സിരിഷ് അറയെ വേര്‍തിരിച്ച ഇരുമ്പുകമ്പി പെട്ടിക്കുമുകളിലൂടെ ഊരിയെടുത്തു. എലികള്‍ രക്തത്തിന്റെ മണംപിടിച്ച് പെട്ടിക്കുള്ളിലൂടെ ഓടിനടന്നു അതിവേഗം അവര്‍ കോര്‍മിംഗിന്റെ കൈവിരലുകളെ കരളാന്‍ തുടങ്ങി. കോര്‍മിംഗ് അലറിവിളിച്ചുകൊണ്ടിരുന്നു.

''ഈ വേദന ,മരണവേദന നീ അനുഭവിച്ചേ മതിയാകൂ കോര്‍മിംഗ് എലൈന്‍ അത്യധികം സന്തോഷത്തോടെ പറഞ്ഞുകൊണ്ട് മണ്ഡപത്തിന് ചുറ്റും നടന്നു.

''തീര്‍ന്നിട്ടില്ല. നിന്നെ അങ്ങനെമരിക്കാന്‍ ഞാനനുവദിക്കില്ല. നിനക്കൊരു പ്രത്യേകസമ്മാനം ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് ''

അല്‍പപ്രാണനായ കോര്‍മിംഗിന്റെ കൈകളിലുടെ  രക്തം ഒഴുകിപ്പരന്ന് പെട്ടിയുടെ ഒരു മൂലയിലെ ചെറിയദ്വാരത്തിലൂടെ മണ്ണിലേക്ക് ഊര്‍ന്ന് വീണുകൊണ്ടിരുന്നു.

''ഇവിടെ വീഴുന്ന അവസാന രക്തം നിന്റേതാവും കോര്‍മിംഗ് ഹഹഹ ''

എലൈന്‍ പൊട്ടിച്ചിരിച്ചു.
ഒറ്റകുതിപ്പിന് അവള്‍ മണ്ഡപത്തിനുള്ളിലെത്തി കോര്‍മിംഗിന്റെ വസ്ത്രം വലിച്ചുകീറി രണ്ട് ഭാഗങ്ങളിലേക്കെറിഞ്ഞു. ശേഷം മുള്ളുപോലുള്ള ഏഴിഞ്ച് നീളമുള്ള ഒരുതരം ആയുധം കൊണ്ട് അവന്റെ നെഞ്ചിലും വയറിലും  തുരുതുരാ കുത്തി .
ചീറ്റിത്തെറിച്ച രക്തം എലൈന്റെ മുഖത്ത് തെറിച്ചു.

നേരം പുലരാറായിരുന്നു. ആകാശത്തിന്റെ കിഴക്കുഭാഗത്തുനിന്നും സൂര്യന്റെ ആദ്യകിരണങ്ങള്‍ കോട്ടയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. പക്ഷികള്‍ ചിലച്ചുകൊണ്ട് ഇരതേടി പറന്നു തുടങ്ങി. കഴുകന്‍മാരും കാക്കകളും രക്തത്തിന്റെ മണംപിടിച്ചെത്തിക്കഴിഞ്ഞിരുന്നു. അവര്‍ കോട്ടയുടെ ഇടതുഭാഗത്തുള്ള ഇലകൊളൊന്നുമില്ലാത്ത  മരത്തിന്റെ ശിഖരങ്ങളിലും കഴുമരത്തിന്റെ മുകളിലുമായി തങ്ങളുടെ ഊഴം കാത്തിരുന്നു.

''സിരിഷ് ...
ആ പെട്ടി അഴിച്ചുമാറ്റൂ '' എലൈന്‍ കല്‍പിച്ചു.

സിരിഷ് ആജ്ഞ അതേപോലെ അനുസരിച്ചു.
അയാള്‍ ആ പെട്ടിയുടെ ഇരുമ്പ് താഴ് അഴിച്ചെടുത്തു .

കോര്‍മിംഗ് കൈകള്‍ വലിച്ചെടുത്തു നോക്കി. വിരലുകളിലെ പകുതിയിലേറെ മാംസവും എലികള്‍ കരണ്ടെടുത്തുകഴിഞ്ഞിരുന്നു.

ഇനി നമുക്കല്‍പം മാറി നില്‍ക്കാം എലൈന്‍ കുറച്ചകലെയായി ഒരുക്കിയിരുന്ന ഇരിപ്പിടത്തില്‍ ഇരുന്നു. ഞങ്ങളും അവളെ അനുഗമിച്ചു.

കഴുകന്‍മാര്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി .ശേഷം വലിയ ചിറകുകള്‍ വിരിച്ച് കോര്‍മിംഗിനടുത്തേക്കെത്തി. കാക്കള്‍ കൂട്ടംകൂട്ടമായി അവിടേക്ക് എത്തിക്കൊണ്ടിരുന്നു. ഒരു വലിയ കഴുകന്‍ അയാളുടെ നെഞ്ചില്‍ കയറിയിരുന്ന് കണ്ണുകള്‍ കൊത്തിയെടുത്തു. അയാള്‍ അലറി പിന്നെ നിശ്ചലനായി.

ഇതാണ്  ബര്‍ണാഡ് ഈ കോട്ടയുടെ കഥ കാടിനു നടുവിലുള്ള ഈ മരണക്കോട്ടയുടെ ദിനങ്ങള്‍  അങ്ങനെ അവസാനിച്ചു .

ജനങ്ങള്‍ അവരുടെ പുതിയ രാജാവിനെ സ്വാഗതം ചെയ്തു . ജനജീവിതം ഇപ്പോള്‍ മെച്ചപ്പെട്ടിരിക്കുന്നു. കോര്‍മിംഗിന്റെ മരണശേഷം ഞങ്ങള്‍ വീണ്ടും യാത്ര ആരംഭിച്ചു. ഇന്ന് ഞങ്ങള്‍ ദക്ഷിണദേശത്തിലേക്ക് പോവുകയാണ് .

''ബര്‍ണാഡ് നമുക്ക് വീട്ടിലേക്ക് മടങ്ങാം ''
ഇക്കാറസ് പറഞ്ഞു.

കോട്ടക്ക് പുറത്ത് യൂജിന്‍ കാത്തുനിന്നിരുന്നു.

''എന്റെ പ്രിയപ്പെട്ട യൂജിന്‍ നീ കാത്ത് നിന്ന് മുഷിഞ്ഞുവോ '' ഇക്കാറസ് കുതിരയെ സ്നേഹത്തോടെ തലോടി .

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു  ഏകദേശം വീടിനോടടുത്തപ്പോള്‍ അകലെ നിന്നും കുറേ വെളിച്ചങ്ങള്‍ അടുത്ത് അടുത്ത് വരുന്നത് കാണാന്‍ തുടങ്ങി.  പൊടുന്നനെ ആ വെളിച്ചങ്ങള്‍ അപ്രത്യക്ഷമായി ... മൂന്ന് തവണയോളം ഇതേ പ്രതിഭാസം ആവര്‍ത്തിച്ചു.

''അതേ അവര്‍ വരുന്നുണ്ട് ബര്‍ണാഡ് .അവര്‍ വരുന്നുണ്ട് . ''
ഇക്കാറസ് കുതിരപ്പുറത്ത് തൂക്കിയ ഒരു വലിയ പന്തം തീപിടിപ്പിച്ച് അന്തരീക്ഷത്തിലേക്കുയര്‍ത്തി. മൂന്നു തവണ ഒരു കറുത്ത തുണി കൊണ്ട് പന്തത്തെ മറക്കുകയും ചെയ്തു ...

നിലാവ് ആകാശത്ത് ഉദിച്ചുനിന്നു. അകലെ പൈന്‍മരക്കാടുകളിലെ പന്തങ്ങള്‍ പെട്ടെന്ന് തെളിഞ്ഞു. പുറകേ കുതിരകളുടെ ചിലമ്പലും  കേള്‍ക്കാന്‍ കഴിഞ്ഞു. വളരെ പെട്ടന്ന് തന്നെ ആ വെളിച്ചങ്ങള്‍ ഞങ്ങളെ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു.

ഇക്കാറസ് കുതിരയെ മെല്ലെ നടത്തിക്കുകയാണ് ചെയ്തത് പന്തം കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.  വെളിച്ചങ്ങള്‍ അടുത്തേക്ക് വന്നുകൊണ്ടിരുന്നു ഇപ്പോള്‍ അവരെ ഏറെക്കുറെ അവ്യക്തമായി കാണാമെന്നായി. വെളുത്ത നിറമുള്ള ഒരു കുതിരയാണ് മുന്‍പില്‍ ഉണ്ടായിരുന്നത് അതിന്റെ വേഗത അനിയന്ത്രിതമായിരുന്നു. പുറകേ പത്തോളം പേര്‍ അനുഗമിക്കുന്നുണ്ടായിരുന്നു.
ഇക്കാറസിന്റെ വാക്കുകളില്‍ നിന്നും ആ വെളുത്ത അശ്വം എലൈന്റേത് ആയിരിക്കുമെന്ന് അയാള്‍ ഊഹിച്ചു. അതെ അത് എലൈന്‍ തന്നെയാണ് കറുത്ത വസ്ത്രണിച്ച് മാര്‍ച്ചട്ടയും അരയില്‍ വാളും പുറകില്‍ വില്ലും അമ്പും തൂക്കി കാറ്റ് പാറിക്കുന്ന   കേശഭാരവുമുള്ള എലൈന്‍ ....
അവന്‍ അവളുടെ വരവ് നോക്കി ഇക്കാറസിനൊപ്പം നിന്നു

No comments:

Post a Comment