Monday, May 18, 2020

മസ്ഗ്രേവിലെ ഒരു രാത്രി

മസ്ഗേവിലെ ഒരു രാത്രി
###################
നിലാവില്‍  മസ്ഗ്രേവ്  മുഴുവന്‍ മുങ്ങി നിന്നു ...  തുറന്നിട്ട ജനലിലൂടെ   തണുത്ത കാറ്റ് ചൂളം വിളിച്ചു കൊണ്ട്  ജനല്‍ക്കര്‍ട്ടനുകളെയാകെ ഇക്കിളി കൂട്ടി മുറിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു...രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ച് ഒന്നര മൈല്‍ അകലെയുള്ള  ക്ലോക് ടവര്‍  ശബ്ദിച്ചു ...

''ട്ണിം ''

കയ്യില്‍ ഒരു സീഡിയുമായി ഹെന്‍റി ജനാലക്കടുത്ത്  സ്റ്റൂളില്‍ വച്ചിരിക്കുന്ന ഗ്രാമഫോണിനടുത്തേക്ക് നടന്നു ....

നിറയെ ചാലുകളുള്ള  സിഡി ഗ്രാമഫോണില്‍ ഉറപ്പിച്ച്  അതിന്റെ  ചെറിയ ആണി സീഡിയുടെ  ഏറ്റവും അറ്റത്തെ ചാലില്‍ ഇറക്കി വച്ചു.

മെല്ലെ മെല്ലെ സംഗീതം മുറിയിലാകെ വ്യാപിച്ചു. ബീഥോവന്‍ സിംഫണി! ഹെന്റിക്ക് ഏറെ ഇഷ്ടമാണത് ...
കേള്‍ക്കുമ്പോളൊക്കെയും അയാള്‍ അതില്‍ മുഴുകും. അപ്പോഴൊക്കെയും അയാളില്‍ പ്രണയം നിറയും.മാന്ത്രികത നിറഞ്ഞ താളങ്ങള്‍ മുറുകുമ്പോഴും അയയുമ്പോഴും അയാള്‍ കണ്ണടച്ച് നിന്ന്ഏതോ മനോരാജ്യത്തില്‍ മുഴുകും ...

വീതിയുള്ള ജനല്‍പ്പടിമേല്‍ കയറിയിരുന്ന് ഭിത്തിയില്‍ പുറം ചാരി ,കാലുകള്‍  കുറച്ച് മടക്കിവച്ച് അയാള്‍  താഴേക്ക് നോക്കി ...
മസ്ഗ്രേവ് കുടുംബ വകയായ ആ വലിയ പാര്‍ക്കിലുടനീളം അയാളുടെ  ചാര നിറമുള്ള കണ്ണുകള്‍ ഓടിനടന്നു ...

ഏഴോ എട്ടോ ബോഗികളുള്ള തീവണ്ടികള്‍ ബന്‍മോറല്‍ സ്റ്റേഷനിലൂടെ  ഓരോ ഇടവേളകളിലായി കടന്നു പോകുന്നത് അയാള്‍ക്ക് കാണാമായിരുന്നു...

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലന്റിലെ വടക്കേ മൂലയിലെ ഒരു കൊച്ച് ഗ്രാമത്തില്‍ അമ്മയോടും അച്ഛനോടുമൊപ്പം താമസിച്ച്  ഗ്രേ സ്റ്റോണ്‍ പ്രൈമറി സ്കൂളില്‍ പഠനം നടക്കുമ്പോഴാണ്.ഒരു ആക്സിഡന്റില്‍ തന്റെ അച്ഛനും അമ്മയും മരണപ്പെടുന്നത്, പിന്നീട് മസ്ഗ്രേവില്‍ അമ്മാവനൊപ്പം  ഇതുപോലൊരു തീവണ്ടിയില്‍ യാത്ര ചെയ്ത് എത്തിയതാണ് താന്‍ എന്ന് അയാളോര്‍ത്തു.

മസ്ഗ്രേവില്‍ തന്നെ ബിസിനസ് നടത്തിയിരൂന്ന ഹെന്‍റിയുടെ അമ്മാവന്‍ നല്ലൊരു ഭൂസ്വത്തിന്റെ ഉടമയായിരുന്നു.അമ്മാവന്‍ മരിക്കുംവരെയും വിവാഹം ചെയ്യാഞ്ഞതിനാല്‍ അമ്മാവന്റെ സ്വത്തും ബിസിനസും ഹെന്‍റിക്ക് നോക്കിനടത്തണ്ടി വന്നു.

സായാഹ്നസമയങ്ങളില്‍ വിശാലമായ മസ്ഗ്രേവ് പാര്‍ക്കില്‍ ഹെന്‍റി സമയം ചിലവഴിച്ചു.അന്തിസൂര്യന്റെ  സ്വര്‍ണ്ണനിറമുള്ള രശ്മികള്‍ ഓക്ക് മരങ്ങളുടെയും ചെറിയ ചെടികളുടെയും തലപ്പിലും കാതലിലും വന്ന് പതിക്കുന്നത് അയാള്‍ കുറേ നേരം നോക്കിയിരിക്കും. പലതരം ശലഭങ്ങള്‍ ആ പാര്‍ക്കില്‍ പറന്ന് കളിക്കുന്നതും ഒരടിയോളം മാത്രം പൊക്കമുള്ള  വയലറ്റും മഞ്ഞയും പൂക്കള്‍ ഉണ്ടാകുന്ന കുറേ ചെടികള്‍ അവിടെ ഉണ്ട്  പല ആകൃതിയിലായി ആ ചെടികള്‍ വച്ച് പിടിപ്പിച്ചിരിക്കുന്നു. വസന്തകാലം അതിമനോഹാരിതം തന്നെയായിരുന്നു ...

പേരറിയാത്ത ഒരുപാട് പക്ഷികളുടെ ചിലപ്പുകളാലും വൈകുന്നേരങ്ങളില്‍ പാര്‍ക്കില്‍ ഒത്തുകൂടുന്ന കമിതാക്കളുടെയും കുട്ടികളുടെയും ജോലികഴിഞ്ഞ്  അല്‍പം ആശ്വാസത്തിന്  ഓക്ക് മരങ്ങളുടെ ചുവട്ടില്‍ പുറംചാരിയിരുന്ന് കടല കൊറിക്കുന്നവരുടെയും കളിക്കുന്നവരുടെയും ഒക്കെ ശബ്ദം വായുവിലൂടെ ഒഴുകി വരും. ചിലപ്പോഴൊക്കെ അവിടെ സംഗീതവും സ്ഥാനം പിടിക്കും.

അത്തരമൊരു സായാഹ്നത്തിലാണ്  ഹെന്‍റി അവളെ കണ്ടുമുട്ടിയത് .

ചെറിയ നെറ്റിത്തടവും തിളങ്ങുന്ന കണ്ണുകളും വില്ലുപോലെ വളഞ്ഞ കണ്‍പുരികങ്ങളും അല്‍പം വിടര്‍ന്ന ചുണ്ടുകളും  ചെറിയ മൂക്കും എല്ലുകളോട് ഒട്ടിയ അത്ര തുടുത്തതല്ലാത്ത കവിളുകളും ചിരിക്കുമ്പോള്‍ അവിടെ തെളിയുന്ന നുണക്കുഴികളും  മെല്ലിച്ച് നീണ്ടവിരലുകളും അത്ര മാംസളമല്ലാത്ത കൈകളില്‍ അവിടിവിടെയായി ഞരമ്പുകള്‍ തിണര്‍ത്തു നിന്നു...
അവളുടെ മുടിയിഴകള്‍ അലസമായി കാറ്റില്‍ പറന്നിരുന്നു... അതിനെ മെരുക്കാന്‍ അവള്‍ നന്നേ പണിപ്പെട്ട് കൈകള്‍ കൊണ്ട് അവയെ കോരിയെടുത്ത് ചെവിക്ക് പുറകിലെ ആഴങ്ങളിലെവിടെയോ ഒളിപ്പിച്ചു.

അവള്‍ നടന്ന് ഹെന്‍റിക്കടുത്തേക്ക് വന്ന് ഔചിത്യപൂര്‍വ്വം തെളിഞ്ഞു ചിരിച്ചു .ഹെന്‍റി അവളുടെ നുണക്കുഴികളിലേക്ക് നോക്കിക്കൊണ്ടിരുന്നു.

'ഹായ് ''
അവളുടെ  മധുരമായ ശബ്ദം അയാളുടെ ചെവിയിലൂടെ കടന്ന് തലച്ചോറിലെവിടെയോ തട്ടിയപ്പോഴാണ് അയാള്‍ക്ക് ബോധമുദിച്ചത്.

'ഹായ്'
ഹെന്‍റി ചിരിച്ചുകൊണ്ട് പ്രത്യഭിവാദ്യം ചെയ്തു.

''നല്ല രസമായിരിക്കുന്നല്ലേ ഈ വൈകുന്നേരം ??''
അവള്‍ ചോദിച്ചു

അതിനുത്തരമായി അയാള്‍ ഒന്ന് മൂളി ...

അങ്ങനെ അവര്‍ കൂടുതലായി പരിചയപ്പെട്ടു ...
പിന്നീട് ഓരോ വൈകുന്നേരങ്ങളിലും അവര്‍ പാര്‍ക്കില്‍ കൂടിച്ചേരുവാന്‍ തുടങ്ങി.

അലീഷ്യ എന്നായിരുന്നു അവളുടെ പേര് മസ്ഗ്രേവ് പാര്‍ക്കിനടുത്ത് തന്നെയുള്ള ഹോസ്പിറ്റലില്‍  ആണ് അവള്‍ ജോലി ചെയ്യുന്നത്. ഒരു കുഞ്ഞനിയനും മമ്മയും ആണ് അവളുടെ വീട്ടിലുള്ളത് എന്ന് കുറച്ച് ദിവസത്തിനുള്ളില്‍ ഹെന്‍റിക്ക് മനസിലായി അങ്ങനെ അവര്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായിതീര്‍ന്നു. ചിലപ്പോഴൊക്കെ അവള്‍ ഹെന്‍റിയെ അവളുടെ വീട്ടിലേക്ക് ക്ഷണിക്കയും  അവിടുത്തെ ഒരംഗത്തെപോലെ ആവുകയും ചെയ്തു ...

അവളോടുള്ള തന്റെ സ്നേഹത്തെ പ്രണയമെന്ന് വിളിക്കാന്‍ കഴിയുന്ന ഒന്നാണോഎന്ന് അയാള്‍ സംശയിച്ചു.
കോളേജ് കാലത്തെ ഒന്ന് രണ്ട് പ്രണയങ്ങളിലൂടെ അയാള്‍ കുറേയധികം മാനസികവ്യഥ അനുഭവിച്ചിരുന്നതിനാലും അവളുടെ സൗഹൃദം പോലും ചിലപ്പോ നഷ്ടമായേക്കുമോ എന്ന ഭയത്താലും ഹെന്‍റി അലീഷ്യയോട് തന്റെ സ്നേഹം പറഞ്ഞതേയില്ല.

ഇന്നിതാ ഈ ബീഥോവന്‍ ഗീതത്തിന് താളം പിടിച്ച് അയാള്‍ കഴിഞ്ഞ് പോയ ഓരോ നിമിഷത്തെയും ഓര്‍ക്കുന്നു...

ഫാക്ടറികളെലെ ജോലിക്കാരുടെ ഷിഫ്റ്റിനായുള്ള നീണ്ട സൈറന്‍ കേട്ടാണ് ഹെന്‍്റി തന്റെ സ്വപ്നലോകത്തില്‍ നിന്നും തിരികെ എത്തിയത് ...

ഗ്രാമഫോണ്‍ ശബ്ദം നിലച്ചിരുന്നു.ഡീഡിയുടെ അവസാന ചാലിലൂടെ നിശബ്ദമായി ഗ്രാമഫോണിന്റെ കൈകള്‍ കറങ്ങി ...

ആകാശത്ത് പൂര്‍ണ്ണ ചന്ദ്രനും അനേകമനേകം നക്ഷത്രക്കൂട്ടങ്ങളും തിളങ്ങി നിന്നിരുന്നു. ഒടുവില്‍ അയാളത് തീരുമാനിച്ചു. തന്റെ പ്രണയത്തെ ഒരു കത്തിന്റെ രൂപത്തില്‍ അലീഷ്യയെ അറിയിക്കുക!

അയാള്‍ ജനാലയില്‍ നിന്നും ചാടിയിറങ്ങി മരപ്പലകള്‍ കൊണ്ടുണ്ടാക്കിയ തറ പാദങ്ങള്‍ക്കടിയില്‍ ഞെരുങ്ങി ചെറിയ ശബ്ദമുണ്ടാക്കി.

താഴത്തെ നില ജോലിക്കാര്‍ക്കായി ഒഴിച്ചിട്ടിരിക്കയാണ് അയാള്‍ ...

ഇടക്കിടെ പോളിഷ് ചെയ്ത്  ഭംഗിയായി സൂക്ഷിരിക്കുന്ന തടി അലമാരയും കട്ടിലും മേശയും   കൊത്തുപണികളികളുള്ള പലതരം ശില്‍പങ്ങളും അയാളുടെ കണ്‍മുന്നില്‍ തിളങ്ങി നിന്നു.

കട്ടിലില്‍ വായിച്ച് കഴിഞ്ഞതും കഴിയാത്തതുമായ  മൂന്ന് നാല് പുസ്തകങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടന്നു .
അയാളതെടുത്ത് അലമാര തുറന്ന് അതിനുള്ളിലായി അടുക്കി .

കസേരവലിച്ച്   മേശയോട് ചേര്‍ത്തിട്ട് അതിലിരുന്ന് ഇടതുകൈമുട്ട് മേശമേല്‍ കുത്തിനിര്‍ത്തി പേനയും പേപ്പറുമെടുത്ത് എഴുതിത്തുടങ്ങി.
വളരെകുറച്ച് വാക്കുകള്‍ മാത്രം

അവ ഇപ്രകാരമാണ്

''
എന്റെ പ്രിയപ്പെട്ടവളേ ...

പ്രഭാതങ്ങളില്‍ ആകാശം തേടുന്ന പക്ഷികളുടെ ചിറകുകള്‍ പോലെയും ,പുല്‍ത്തുമ്പില്‍, സൂര്യകിരണങ്ങളേറ്റ് തിളങ്ങി മണ്ണിന്റെ ആഴങ്ങള്‍ തേടുന്ന മഞ്ഞിന്‍ കണം പോലെയും പകല് തേടുന്ന ഇരുള് പോലെയും ഞാന്‍ നിന്നെയും തേടുകയാണ് ...

എന്റെ പ്രിയ നക്ഷത്രമേ നിന്നെ ഞാന്‍ അതിയായി സ്നേഹിക്കുന്നു.

''വില്‍ യു മാരി മീ ??''

            -   ഹെന്‍റി

***********************

ഇത്രയുംഎഴുതി നാളത്തെ പകലിനായിഅയാള്‍ കാത്തിരുന്നു... അയാള്‍ എന്തായാലും  തന്റെ പ്രണയം അവളെ അറിയിക്കയാണ് ...

ചിലപ്പോള്‍ അലിഷ്യ അയാളുടെ പ്രണയത്തെ സ്വീകരിച്ചേക്കാം ചിലപ്പോള്‍ തിരസ്കരിച്ചുഎന്നും വരാം അത് അവളുടെയും വായനക്കാരുടെയും ചിന്തക്ക് വിട്ട് നല്‍കയാണ് ....

                     ★അഘോരി ★

No comments:

Post a Comment